കുരുന്നുകളെ കഥയുടെ മാന്ത്രിക വലയത്തിലാക്കി മൈസ അൽ ജബ്ബാൻ
text_fieldsകഥ പറച്ചിലെന്നത് അപാര കഴിവ് തന്നെയാണ്. കഥയുടെ മാന്ത്രിക വലയത്തിൽ ആലിസ് ഇൻ വണ്ടർലാൻറിലെ ആലീസിനെപ്പോലെ പുതിയൊരു ലോകത്തെത്തിയ പ്രതീതിയിലാവും കഥ കേൾക്കുന്ന ഓരോ കുരുന്നും. മുത്തശ്ശിക്കഥകൾ കേട്ട് ഉറങ്ങാൻ കിടന്നിരുന്ന കുട്ടികളെത്ര വേഗമാണല്ലെ കാർട്ടൂണുകൾക്കടിമപ്പെട്ടത്.
കഥകൾ എന്നും കുട്ടികളുടെ ഒരു ദൗർബല്യമാണ്, കഥകളെവിടെയുണ്ടോ അവിടെ കാതോർത്ത് കുട്ടികളുമുണ്ടാകും. ഷാർജയിൽ കുട്ടികൾക്കായൊരുക്കിയ വായനോത്സവത്തിൽ അവരെ ആകർഷിക്കാനായി ഇമ്പത്തിൽ കഥ പറയുന്നൊരു സെഷനുണ്ട്. ഈണത്തിൽ പറയുന്ന കഥകൾ മൂളിക്കേട്ട് കുട്ടികളവിടെ തന്നെയിരിപ്പുണ്ട്. കഥയിലെ ഓരോ സന്ദർഭത്തിനും തലയാട്ടി കേൾക്കുന്ന കുരുന്നുകളെ കാണാൻ തന്നെ പ്രത്യേക ഭംഗിയാണ്.
ഒരു ദിവസം മാത്രം ഒമ്പത് കഥപറയൽ സെഷനാണ് ഒരുക്കിയിരിക്കുന്നത്. ഷാർജ ചിൽഡ്രൻസ് ബുക് ഫെയറിന്റെ 13ാം എഡിഷനിൽ അറബിക് എഴുത്തുകാരി മൈസ അൽ ജബ്ബാൻ തന്റെ മാന്ത്രികമായ കഥ പറയാനുള്ള കഴിവുകൊണ്ട് കുട്ടികളെ ആകർഷിച്ചിരുത്തിയ കാഴ്ച്ച കാണാൻ തന്നെയൊരിമ്പമുണ്ട്. ഈസോപ്പ് കഥകളാണ് സെഷനിൽ പറയുന്നത്. കഥയോടൊപ്പം ഗുണപാഠം കൂടി നൽകുന്ന കഥകൾ ഇമവെട്ടാതെ, ശ്രദ്ധ ഒരൽപ്പം പോലും മാറാതെ കേൾകുകയാണ് കുരുന്നുകൾ.
ആറ് വയസ്സിന് മുകളിലുള്ള കുട്ടികൾക്കായി സ്നേഹം, സത്യസന്ധത തുടങ്ങിയ നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്ന കഥകളാണ് മൈസ പറയുന്നത്. മരം വെട്ടുകാരന്റെ കോടാലിയുടെ കഥയിൽ തുടങ്ങി ആട്ടിൻ കുട്ടികളുടെയും ചെന്നായയുടെയും കഥകളാണ് വായനോത്സവത്തിൽ കുട്ടികൾക്കായി പറഞ്ഞു കൊടുത്തത്. ജീവിത്തിന്റെ നല്ല മൂല്യങ്ങൾ പഠിക്കേണ്ട പ്രായമാണ് കുട്ടികളുടേത്, കഥകളിലൂടെ നല്ലതും ചീത്തയും വേർത്തിരിക്കാൻ കൂടി കുട്ടികളെ പ്രാപ്തരാക്കുകയാണ് ഈ സെഷനിലൂടെ ലക്ഷ്യം വെക്കുന്നത്.
മുറിവുണക്കാനുള്ള മരുന്ന് കൂടിയാണ് കഥകൾ. മനസ്സിനേറ്റ മുറിവുകൾ പലതും ഒരു കഥ കേട്ടുതീരുമ്പോൾ നല്ലൊരു സ്വപ്നം കണ്ടു തീർന്ന പോലെയങ്ങ് അലിഞ്ഞില്ലാതാവും. നാം നമ്മളാകാൻ ശ്രമിക്കുക എന്ന മൂല്യം പഠിപ്പിക്കുന്ന വർണ്ണ ചിറകുകൾ കെട്ടി വെച്ച കാക്കയുടെ കഥയും മൈസ അതി ഗംഭീരമായാണ് പറഞ്ഞത്. ഇനിയും വരും ദിവസങ്ങളിൽ മൈസയുടെ കഥകൾ കേൾക്കാൻ നിരവധി കുരുന്നുകളിവിടെയെത്തുമെന്നത് തീർച്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.