പ്രിയപ്പെട്ടവർക്ക് അമ്മച്ചി; ദുബൈയുടെ മാഡം വർക്കി
text_fieldsദുബൈ: ദുബൈയിൽ പ്രവാസിയായി എത്തിച്ചേർന്ന ആദ്യ ഇന്ത്യൻ വനിതയെന്ന് പലരും വിശേഷിപ്പിച്ച വ്യക്തിത്വത്തെയാണ് മറിയാമ്മ വർക്കിയുടെ നിര്യാണത്തോടെ നഷ്ടമായിരിക്കുന്നത്. ആറുപതിറ്റാണ്ടിലേറെ ദുബൈ മണ്ണിൽ ജീവിച്ച അവർ പ്രിയപ്പെട്ടവർക്ക് അമ്മച്ചിയും യു.എ.ഇ സമൂഹത്തിന് മാഡം വർക്കിയുമായിരുന്നു. യു.എ.ഇയിലെ ആദ്യകാല പ്രവാസിയായെന്നു മാത്രമല്ല, മരണംവരെ എമിറേറ്റുമായുള്ള ബന്ധം സൂക്ഷിക്കുകയും ചെയ്തു. ഭർത്താവ് കെ.എസ്. വർക്കിക്കൊപ്പം സ്ഥാപിച്ച സ്കൂൾ വളരുകയും പിന്നീട് മകൻ സണ്ണി വർക്കിയുടെ നേതൃത്വത്തിൽ ജെംസ് സ്കൂളുകൾ ലോകതലത്തിൽ വികസിക്കുകയും ചെയ്തതിന് അവർ സാക്ഷിയായി. ജെംസ് വിദ്യാലയങ്ങളിലെ ജീവനക്കാർക്കും ആദ്യകാല മലയാളി പ്രവാസികളും അമ്മച്ചിയെന്നായിരുന്നു അവരെ അഭിസംബോധന ചെയ്തിരുന്നത്. ദുബൈയിൽ ജീവിക്കുന്ന ഏറ്റവും പ്രായമേറിയ മലയാളി സ്ത്രീയെന്ന് അവരെ കുറിച്ച് 2010ൽ ഒരു പത്രം വിശേഷിപ്പിക്കുകയുണ്ടായി. പ്രായാധിക്യത്താൽ രോഗബാധിതയായി വിശ്രമജീവിതത്തിലേക്ക് പിൻവാങ്ങുന്നത് വരെ മാഡം വർക്കി ദുബൈയിലെ മലയാളി സമൂഹത്തിന് പരിചിതമായ മുഖമായിരുന്നു.
ദുബൈയിലേക്ക് വരുന്നതിന് മുമ്പ് കേരളത്തിലും അധ്യാപികയായിരുന്നു അവർ. പ്രവാസം ആരംഭിച്ച് ഒമ്പതാമത്തെ വർഷത്തിലാണ് ഭർത്താവിനൊപ്പം ഒൗവർ ഒാൺ സ്കൂൾ ആരംഭിക്കുന്നത്. യു.എ.ഇയുടെ വിദ്യാഭ്യാസ മേഖലയിൽ നിശ്ശബ്ദമായി ഒരു മാറ്റത്തിന് നാന്ദി കുറിക്കുകയായിരുന്നു അപ്പോൾ. ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാകണമെന്ന് വിശ്വസിച്ച അവർ രാജകുടുംബാംഗങ്ങൾക്കും ആദ്യകാല പ്രവാസി വിദ്യാർഥികൾക്കുമെല്ലാം ആദ്യക്ഷരം പകർന്ന ഗുരുനാഥയായി. ഒാേരാരുത്തരുടെയും ഭാവി അവരവരുടെ വിദ്യഭ്യാസമാണ് നിർണയിക്കുക എന്ന അഭിപ്രായക്കാരിയായിരുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി പല സന്ദർഭങ്ങളിലും മാനുഷിക പരിഗണനയോടെ ഇടപെടലുകൾ നടത്തുകയുമുണ്ടായി. 2016മുതൽ മറിയാമ്മ വർക്കിയുടെ പേരിൽ ജെംസ് സ്ഥാപനങ്ങളിലെ മികച്ച അധ്യാപകർക്ക് അവാർഡ് നൽകിവരുന്നുണ്ട്. ലോക അധ്യാപകദിനമായ ഒക്ടോബർ അഞ്ചിനാണ് അവാർഡ് ദാന ചടങ്ങ് നടക്കാറുള്ളത്.
ദുബൈയിലെ ക്രിസ്ത്യൻ മാർത്തോമാ ചർച്ചിെൻറ സ്ഥാപകരിലൊരാളായിരുന്നു ഭർത്താവ് കെ.എസ് വർക്കി. ദുൈബയുടെ പ്രിയ അധ്യാപികയുടെ വേർപാടിൽ മാർത്തോമ ചർച്ച് അനുശോചനം രേഖപ്പെടുത്തി. എമിറേറ്റ്സ് നാഷനൽ ഹോൾഡിങ്സ് അധ്യക്ഷൻ നാസർ അൽ ശൈഖും ട്വിറ്ററിലൂടെ കുടുംബത്തെ അനുശോചനമറിയിച്ചു. യു.എ.ഇ രൂപവത്കരിക്കപ്പെടുന്നതിന് മുമ്പു തന്നെ ദുബൈയുടെ വിദ്യാഭ്യാസ രംഗത്തെ വികാസത്തിന് പരിശ്രമിച്ച അസാധാരണ വ്യക്തിത്വമായിരുന്നു അവരെന്ന് അദ്ദേഹം അനുസ്മരണ കുറിപ്പിൽ വിശേഷിപ്പിച്ചു.
മറിയാമ്മ വർക്കി: കലയെയും കൂട്ടായ്മകളെയും പിന്തുണച്ച വ്യക്തിത്വം
ദുബൈ: അന്തരിച്ച മറിയാമ്മ വർക്കിയും അവരുടെ കുടുംബവും പ്രവാസി മലയാളികൾക്കിടയിലെ കലാപ്രവർത്തനങ്ങളെയും കൂട്ടായ്മകളെയും പിന്തുണച്ച വ്യക്തിത്വമായിരുന്നുവെന്ന് സാമൂഹിക പ്രവർത്തകനും വ്യവസായിയുമായ കരീം വെങ്കിടങ്ങ് ഒാർത്തെടുക്കുന്നു. ദുബൈയിലെ ആദ്യ മലയാളി സംഘടനയായ കൈരളി കലാകേന്ദ്രത്തിന് 1976 ആഗസ്റ്റിൽ തുടക്കമായപ്പോൾ ഭർത്താവ് കെ.എസ്. വർക്കിയായിരുന്നു രക്ഷാധികാരി. ഭർത്താവിെൻറ മരണശേഷം അതേ ഉത്തരവാദിത്തം മാഡം വർക്കി ഏറ്റെടുത്തു.
കലാകേന്ദ്രത്തെ വലിയ രീതിയിൽ സഹായിച്ച അവരുടെ വീട് നാട്ടിൽനിന്നെത്തുന്ന സിനിമ-കലാ മേഖലകളിലുള്ളവർ സന്ദർശിക്കാറുണ്ടായിരുന്നുവെന്ന് അവരുമായി ആദ്യകാലം മുതൽ ആത്മബന്ധം സൂക്ഷിക്കുന്ന കരീം വെങ്കിടങ്ങ് പറഞ്ഞു. കേരളത്തിലെ യുവജനോത്സവങ്ങൾക്ക് സമാനമായി സ്കൂൾ വിദ്യാർഥികൾക്കായി ദുബൈയിലും പരിപാടികൾ സംഘടിപ്പിക്കാൻ മുൻകൈയെടുത്തു. അതേപേലെ മലയാളികളും അല്ലാത്തവരുമായ സഹായം ചോദിച്ചെത്തുന്നവരെയെല്ലാം അകമഴിഞ്ഞ് സഹായിക്കുന്നതിൽ ഒരിക്കലും വൈമനസ്യം കാണിച്ചിട്ടില്ലെന്നും അദ്ദേഹം അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.