മതേഴ്സ് എവറസ്റ്റ് ട്രൈംഫ്
text_fieldsവീട്ടകങ്ങളിൽ ഒതുങ്ങിക്കൂടി, കുഞ്ഞുന്നാൾ മുതൽ താലോലിച്ച സ്വപ്നങ്ങൾക്ക് കർട്ടണിടുന്നവർ മാതൃകയാക്കേണ്ട ഒരു പ്രവാസി വീട്ടമ്മയുണ്ട് ദുബൈയിൽ. ട്രക്കിങും ഹൈക്കിങും വ്ലോഗിങ്ങുമെല്ലാമായി ജീവിതത്തിലും സോഷ്യൽ മീഡിയയിലും താരമായ തൊടുപുഴക്കാരി അനീഷ നിഷാന്ത്. നാലു കുട്ടികളുടെ അമ്മ കൂടിയായ അനീഷ എവറസ്റ്റോളമാണ് സ്വപ്നം കണ്ടത്. ദിവസങ്ങളെടുത്ത് വെല്ലുവിളികളെ തരണം ചെയ്ത് നേപ്പാളിലെ എവറസ്റ്റ് ബേസ് ക്യാമ്പ് കയറിയിറങ്ങി തിരിച്ച് ദുബൈയിലെത്തിയപ്പോൾ വിമാനത്താവളത്തിൽ പ്രിയപ്പെട്ട ഉമ്മയെ കാത്തിരുന്ന, നാലു പെൺമക്കളും എല്ലാ പിന്തുണയുമായി കൂടെയുള്ള ഭർത്താവ് ആലുവക്കാരൻ നിഷാന്ത് ഇബ്രാഹീമും തന്നെയാണ് ഈ ‘സൂപ്പർ ഉമ്മി’ക്ക് കരുത്ത് പകരുന്നത്. മോഡൽ, ആക്ടർ, ആങ്കർ, ടീച്ചർ എന്നിവയെല്ലാം അനീഷയുടെ മറ്റു വിശേഷണങ്ങളാണ്.
എവറസ്റ്റിലേക്ക് കരുത്തായ സൗഹൃദക്കൂട്ടം
എ-ഫോർ അഡ്വൻഞ്ചേഴ്സ് സാഹസിക യാത്രാസംഘത്തിലെ അംഗമാണ് അനീഷ. ഗ്രൂപ്പിലെ തന്നെ സുഹൃത്തുക്കളായ മറ്റു ഒമ്പതു സഹയാത്രികരാണ്, ഏറെ വെല്ലുവിളികൾനിറഞ്ഞ എവറസ്റ്റ് ബേസ് ക്യാമ്പ് എന്ന വലിയ സ്വപ്നത്തിലേക്ക് നടന്നുകയറാൻ അനീഷക്ക് യാത്രയിലുടനീളം ധൈര്യവും കരുത്തും പകർന്നത്. നിരന്തര നിരീക്ഷണങ്ങൾക്കും പരിശീലനങ്ങൾക്കും ശേഷം, ശാരീരികക്ഷമതാ പരിശോധനകൾ വിജയിച്ചവരെ മാത്രമാണ് യാത്രക്കായി തിരഞ്ഞെടുത്തതെന്ന് സഹയാത്രികരും അനീഷയും പറയുന്നു. ഒന്നാം ദിവസം കാഠ്മണ്ഡുവിൽ നിന്ന് തുടങ്ങി ഒമ്പതാം ദിവസം ബേസ് ക്യാമ്പിൽ എത്തുന്നതിനടയിൽ നിരവധി വെല്ലുവിളികൾ ഇവർക്ക് നേരിടേണ്ടി വന്നു. രാവിലെ കണ്ട പ്രകൃതിയും കാലാവസ്ഥയും പെട്ടെന്ന് മാറുന്നതും മറ്റുമായി പ്രതീക്ഷകൾക്കപ്പുറമുള്ള വെല്ലുവിളികൾ മറികടന്നാണ് എല്ലാവരെയും പോലെ ഈ സംഘവും മഞ്ഞു പെയ്യുന്ന മലമ്പാതകൾ ചവിട്ടിക്കയറിയത്. യാക്കുകളുടെ പുറത്തും സ്വന്തം ചുമലിലുമെല്ലാമായി പ്രദേശ വാസികൾ നമുക്ക് സങ്കൽപിക്കാവുന്നതിലുമധികം ചുമടുകൾ ഈ മലഞ്ചെരുവുകളിലെ ഗ്രാമങ്ങളിലെത്തിക്കും. അതുകൊണ്ട് തന്നെ തണുത്ത കാലാവസ്ഥയിലും കുടിവെള്ളത്തിന് പോലും കൈപൊള്ളുന്ന വിലയാണ് നൽകേണ്ടി വന്നിരുന്നത്. അവരുടെ കഷ്ടപ്പാടുകൾക്ക് മുന്നിൽ അതൊരു കൊള്ള ലാഭമായി ആർക്കും തോന്നുകയുമില്ലെന്നും ഗ്രാമീണരുടെ പ്രധാന വരുമാന മാർഗവും ഇത്തരം യാത്രാ സംഘങ്ങളുമായുള്ള കച്ചവടം മാത്രമാണെന്നും ഇവർ ഓർത്തെടുക്കുന്നു.
യാത്രക്കിടെ ആദ്യ ദിവസങ്ങളിൽ പ്രാദേശിക മാർക്കറ്റുകളും ഷോപ്പുകളും ആസ്വദിക്കാനും സമയം ലഭിച്ചിരുന്നെങ്കിലും ഒമ്പതാം ദിവസം ലക്ഷ്യസ്ഥാനമായ എവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയപ്പോഴേക്കും ശാരീരികമായി വലിയ തളർച്ചയും ക്ഷീണവും എല്ലാവരെയും ബാധിച്ചിരുന്നു. മനസ്സിൽ വലിയ ആഗ്രഹവും ആവശ്യമായ ആരോഗ്യവും കൃത്യമായ പരിശീലനവും ലഭിച്ചാൽ ആർക്കും നേടാവുന്ന ഒരു നേട്ടം മാത്രമാണിതെന്നാണ് അനീഷക്കും സംഘത്തിനും പറയാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.