റാപ് സംഗീതത്തിൽ തരംഗമായി മുംബൈയിലെ ചേരിയിൽ നിന്നുള്ള ഈ പെൺകുട്ടി
text_fieldsപുരുഷൻമാരുടെ ആധിപത്യമുള്ള മേഖലയാണ് ഹിപ് പോപ് മ്യൂസിക്. അവിടേക്കാണ് വലിയ പ്രത്യേകതയൊന്നുമില്ലാത്ത, ഹിജാബ് ധരിച്ച ആത്മവിശ്വാസം മാത്രം കൈമുതലുള്ള ഒരു പെൺകുട്ടി കടന്നുവന്നത്.
മുംബൈയിലെ ചേരിയിൽ നിന്നുള്ള ഈ പെൺകുട്ടി ഇപ്പോൾ റാപ്സംഗീതത്തിൽ തരംഗം തീർക്കുകയാണ്. രാഷ്ട്രീയം, ലിംഗസമത്വം, സാമൂഹിക പക്ഷപാതം, അഴിമതി, ദാരിദ്ര്യം എന്നിവയെ ചുറ്റിപ്പറ്റിയുള്ളതാണ് സാനിയ കൈമുദ്ദീൻ മിസ്ത്രി(സാനിയ എം.ക്യു)യുടെ ഓരോ റാപ്പ് ഗാനവും. അമ്മ ഭക്ഷണം ഉണ്ടാക്കുമ്പോഴും തോരാതെ പെയ്യുന്ന മഴയിൽ വീടകം നനഞ്ഞ് കുതിരുമ്പോഴും സാനിയ പാട്ട് മൂളിക്കൊണ്ടിരിക്കും. വീട്ടിൽ സാനിയക്ക് കൂട്ടായി 13 വയസുള്ള സഹോദരനുമുണ്ട്. ഈ 17കാരി ഇന്ത്യൻ ഹിപ് ഹോപ് സംഗീതത്തിൽ തന്റേതായ മുദ്ര പതിപ്പിച്ചത് വളരെ പെട്ടെന്നാണ്.
സരൂരി നഹി എന്ന റാപ് ആണ് ഈ പെൺകുട്ടിയുടെ സംഗീത ജീവിതത്തിൽ വഴിത്തിരിവായത്. റാപ്പ് സംഗീതത്തിൽ സ്ത്രീ ശബ്ദങ്ങളുടെ ഉപയോഗിക്കാത്ത സാധ്യതകൾ കൂടി ആസ്വാദകർക്ക് കാണിച്ചുതന്നതാണ് സരൂരി നഹി. ഇന്ത്യയിലുടനീളം സരൂരിക്ക് ആരാധകരുണ്ട്. റാപ് സംഗീതത്തിൽ കൂടുതലും പുരുഷൻമാരാണ്. എന്നാൽ പരമ്പരാഗത വാർപ്പുമാതൃകകളെ വെല്ലുവിളിച്ചാണ് സാനിയ ഇന്ത്യൻ ഹിപ് ഹോപ് രംഗത്തെ വനിത റാപ്പറായി മാറിയത്. പെട്ടെന്ന് പാട്ടുകൾ രചിക്കാനുള്ള കഴിവും. അത് ആളുകളെ ആകർഷിക്കുന്ന രീതിയിൽ പാടാനുള്ള കഴിവും ആത്മവിശ്വാസവും താളവും പ്രായത്തിൽ കവിഞ്ഞ പക്വതയുമാണ് ഈ ഗായിക മുൻനിരയിലെത്തിച്ചത്. സരൂരി നഹി വിജയിച്ചത് സാനിയക്ക് നൽകിയ ആത്മവിശ്വാസം ചില്ലറയല്ല. അതോടെ ഭാവിയെ കുറിച്ച് ഈ പെൺകുട്ടി കൂടുതൽ സ്വപ്നങ്ങൾ കണ്ടുതുടങ്ങി.
13ാം വയസിലാണ് സാനിയ ഡയറിയിൽ പാട്ടിന്റെ ശകലങ്ങൾ കുറിച്ചുവെക്കാൻ തുടങ്ങിയത്. അതോടൊപ്പം തന്നെ വ്യക്തിപരമായി ബാധിക്കുന്ന കാര്യങ്ങളെ കുറിച്ചും എഴുതിവെച്ചു. മുംബൈയിലെ ഗോവണ്ടിയിലേക്ക് കുടുംബം താമസം മാറ്റാൻ തീരുമാനിച്ചപ്പോൾ അവൾക്ക് അഞ്ച് വയസായിരുന്നു പ്രായം. ആദ്യമൊന്നും ആരും അവിടെ താമസിക്കാൻ അവരെ അനുവദിച്ചില്ല. കുട്ടിക്കാലത്ത് ഒരുപാട് ഏകാന്തത അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും സാനിയ പറയുന്നു. അതാകാം അവളിലെ കലാകാരിക്ക് ഇന്ധനം പകർന്നതും. അന്ന് അവളെ ഒറ്റപ്പെടുത്തിയ കുട്ടികളെല്ലാം ഇന്ന് സുഹൃത്തുക്കളായി മാറിയെന്നത് മറ്റൊരു കാര്യം.
സ്കൂളിൽ പഠിക്കുമ്പോഴേ റാപ് സംഗീതം ഹരമായിരുന്നു സാനിയക്ക്. എന്നാൽ അത് അവൾക്കു പറ്റുന്നതല്ലെന്ന് സുഹൃത്തുക്കൾ പറയും. അതിലൊരു സുഹൃത്ത് എപ്പോഴും അതുതന്നെ പറഞ്ഞുകൊണ്ടിരിക്കും. ശരിയായി വസ്ത്രം ധരിക്കാൻ പോലും കഴിവില്ലെന്നാണ് ആ സുഹൃത്ത് പറഞ്ഞത്.
ആദ്യഘട്ടങ്ങളിൽ പാട്ടെഴുതുമ്പോൾ വാക്കുകൾ എങ്ങനെ കൃത്യമായി ഉപയോഗിക്കണമെന്ന് സാനിയക്ക് അറിയുമായിരുന്നില്ല. 2016 മുതൽ റാപുകൾ യൂട്യൂബിലൂടെ അപ്ലോഡ് ചെയ്തു തുടങ്ങി.
കോവിഡ് ലോക്ഡൗൺ കാലത്ത് ഗോവണ്ടിയിലെ പെൺകുട്ടികളെ രക്ഷിതാക്കൾ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു. ഇത്തരം വിവാഹങ്ങൾ സാനിയയുടെ മനസിനെ ഉലച്ചു. ഒരു എൻ.ജി.എ ശൈശവ വിവാഹത്തിനെതിരെ ഗോവണ്ടിയിൽ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിക്കുകയും സാനിയ അതിൽ പാടുകയും ചെയ്തു. അവളുടെ ആദ്യത്തെ റാപ് ആയിരുന്നു അത്. മകൾ പാടുന്നുണ്ടെന്നറിഞ്ഞപ്പോൾ അവളുടെ ഉമ്മയും കാണികൾക്കിടയിൽ ഇരുന്നു. പാടിക്കഴിഞ്ഞ് സ്റ്റേജിൽ നിന്നിറങ്ങിയപ്പോൾ ഉമ്മ വന്ന് കെട്ടിപ്പിടിച്ചു. അതായിരുന്നു സാനിയയുടെ പാട്ടിന് ലഭിച്ച ആദ്യത്തെ കൈയടി. 2022ൽ ഹുനർബാസ് എന്ന ടെലിവിഷൻ ഷോയിലും സാനിയ പങ്കെടുത്തു. പിന്തുണയുമായി ഉപ്പയും ഉണ്ടായിരുന്നു. റാപ് സംഗീതത്തിൽ നിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ചാണ് ഈ മിടുക്കി തുടർ പഠനം മുന്നോട്ട് കൊണ്ടുപോകുന്നത്. മാസ് മീഡിയയിൽ ഡിഗ്രി ചെയ്യുകയാണ്. ഒരു എഴുത്തുകാരിയാകണമെന്നാണ് സാനിയയുടെ സ്വപ്നം. ഒപ്പം റാപ് സംഗീതവും മുന്നോട്ട് കൊണ്ടുപോകണം. സാമ്പത്തികമായി സ്വയം പര്യാപ്തയാകുന്ന കാലവും സാനിയ സ്വപ്നം കാണുന്നുണ്ട്. ഓട്ടോ ഡ്രൈവറാണ് സാനിയയുടെ പിതാവ്.
സാനിയ ഷൂട്ടിങ്ങിനായി പുറത്ത് പോകുമ്പോൾ ചേരിയിലെ മുതിർന്നയാളുകൾ എതിർപ്പുമായി വരും. അപ്പോൾ ഉമ്മയാണ് പ്രതിരോധം തീർക്കുന്നത്." അവൾ ചെയ്യുന്നതിനെ കുറിച്ച് എനിക്ക് നന്നായി അറിയാം. അതിൽ ആരും ഇടപെടേണ്ട."-എന്നാണ് ഉമ്മ അവരോട് പറയുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.