‘മുംത’: ഇത് വനിതകളുടെ സ്വന്തം സിനിമ
text_fieldsഫർസാന സിനിമ ചിത്രീകരണവേളയിൽ
കാസർകോട്: ചലച്ചിത്രലോകത്ത് തങ്ങളുടേതായ മേൽവിലാസമുണ്ടാക്കാനുള്ള ഒരുകൂട്ടം വനിതകളുടെ ശ്രമം വെള്ളിവെളിച്ചത്തിലേക്ക് അടുക്കുകയാണ്. സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ വനിത ശാക്തീകരണത്തിന്റെ ഭാഗമായി നടപ്പാക്കുന്ന വുമൺ സിനിമ ‘മുംത’യുടെ ചിത്രീകരണം ലോക വനിത ദിനത്തിൽ കാസർകോട്ട് പൂർത്തിയാകുന്നതോടെ ഈ വനിതകളും സിനിമയും ചരിത്രമാവുകയാണ്. പേരിനുമാത്രം സ്ത്രീകളെ ഉൾപ്പെടുത്തി തട്ടിക്കൂട്ടിയ സിനിമയല്ലിത്. അക്ഷരാർഥത്തിൽ വനിതകളുടെ സ്വന്തം സിനിമയാണിത്. കേരളത്തിലെ ആദ്യത്തെ ഓൾ ക്രൂ വുമൺ സിനിമ എന്ന നിലയിൽകൂടി ‘മുംത’ ശ്രദ്ധേയമാവുകയാണ്.
മുംതയുടെ അണിയറപ്രവർത്തകരടക്കം സ്ത്രീകളാണ്. കാസർകോട്ടുകാരിയായ വീട്ടമ്മ ഫർസാന ബിനി അസഫർ സംവിധായികയായ ‘മുംത’ സ്ത്രീകളുടെ സ്വപ്നം യാഥാർഥ്യമാക്കുന്ന പുതുചിത്രമായി തീരുകയാണിന്ന്. ജില്ലയിലെ ബദിയഡുക്കയിലെയും കുമ്പഡാജെയിലെയും പരിസരപ്രദേശങ്ങളാണ് ലൊക്കേഷൻ.
കെ.എസ്.എഫ്.ഡി.സി നടത്തിയ വുമൺ സിനിമ വനിത ശാക്തീകരണ പദ്ധതിയിൽ സംവിധായക ഫർസാനയുടെ തിരക്കഥ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇന്ത്യൻ സിനിമയിലെ പ്രമുഖനായ അമിത് ത്യാഗി, ഡയറക്ടർമാരായ പ്രിയ കൃഷ്ണകുമാർ, അതുൽ തെയ്ക്ഷേ എന്നിവരാണ് ഇതിന് മുന്നോടിയായുള്ള ശിൽപശാലക്ക് നേതൃത്വം നൽകിയത്. ജനറൽ-എസ്.സി വിഭാഗങ്ങളിയായി 85ഓളം തിരക്കഥകളിൽനിന്ന് തിരഞ്ഞെടുത്ത നാല് തിരക്കഥകളിൽ ഒന്ന് ഫർസാനയുടെ ‘മുംത’യായിരുന്നു.
കുടുംബത്തിന്റെ സംവിധായക സിനിമയുടെയും സംവിധായകയായ കഥയാണ് ഫർസാനയുടെ ഭർത്താവും സിനിമ പ്രവർത്തകനുമായ ഡോ. ബിനി അസഫറിന് പറയാനുള്ളത്. സിനിമാപ്രവർത്തകനായ വെറ്ററിനറി സർജൻ കൂടിയായ ബിനി അസഫർ തിരക്കഥകൾ കമ്പ്യൂട്ടറിൽ ടൈപ് ചെയ്യാൻ ഭാര്യ ഫർസാനയോട് അഭ്യർഥിക്കുകയായിരുന്നു. ഇങ്ങനെ തിരക്കഥകൾ എഴുതിയും വായിച്ചുമറിഞ്ഞ ആവേശത്തിൽ ഫാഷൻ ഡിസൈനർകൂടിയായ ഫർസാനയിൽ സിനിമാമോഹം ഉദിക്കുകയായിരുന്നു. അങ്ങനെ കണ്ടും പഠിച്ചും അവരൊരു തിരക്കഥാകൃത്തും സംവിധായികയുമായി മാറുകയായിരുന്നു.
സാമൂഹിക-സാമ്പ്രദായിക വ്യവസ്ഥകളിൽ അകപ്പെട്ടുപോകുന്ന ഉമ്മയുടെയും മകളുടെയും അതിജീവനത്തിന്റെ കഥ പറയുകയാണ് ‘മുംത’. സപ്തഭാഷ സംഗമഭൂമിയായ ജില്ലയിലെ ഏഴു ഭാഷകളും സിനിമയിൽ ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. പത്താം ക്ലാസുകാരിയായ ബാലതാരം ധനലക്ഷ്മിയാണ് ‘മുംത’ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒട്ടനവധി ദേശീയ അന്തർദേശീയ അവാർഡുകൾ ലഭിച്ച കാമറ വുമൺ ഫൗസിയ ഫാത്തിമയാണ് ഛായാഗ്രഹണം.
ലൈൻ പ്രൊഡ്യൂസറായി പി.ടി. രതീനയും ചീഫ് അസോസിയേറ്റ് ഡയറക്ടറായി രമ്യാ സർവദയും പ്രവർത്തിക്കുന്നു. എഡിറ്റിങ് നിർവഹിക്കുന്നത് വീണ ജയപ്രകാശാണ്. മറ്റ് അണിയറ പ്രവർത്തകരായി ദുന്ദു രഞ്ജീവ് (കോസ്റ്റ്യൂം), ഫെമിന ജബ്ബാർ (മേക്കപ്), ഐറീൻ ജോസഫ് (മ്യൂസിക് ഡയറക്ടർ), അനിത ഷെയ്ഖ് (സൗണ്ട്), മാനസ എന്നിവരും കട്ടക്ക് കൂടെയുണ്ട്. കാസർകോട് ചെമ്മനാട് മഹീനിക്ക തറവാട്ടംഗമാണ് ഫർസാന. മക്കൾ: ഫസീർ, ആയിഷ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.