നാദിയ എന്ന പ്രതീകം
text_fieldsസമാധാനത്തിെൻറ നൊബേൽ പട്ടം ശിരസ്സിൽ ചൂടുന്ന അവസരത്തിൽ കനൽ താണ്ടിയ വഴികളിലെ കണ്ണീരുപ്പു കലർന്ന കഥപറയാനുണ്ട് നാദിയ എന്ന 25കാരിക്ക്. മതത്തിെൻറ പേരിൽ പീഡിപ്പിക്കപ്പെടുന്ന, വംശഹത്യക്കിരയാകുന്ന, മാനഭംഗം ചെയ്യപ്പെടുന്ന ജനതയുടെ പ്രതീകമാണ് നാദിയ. യുദ്ധഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷിയും മനുഷ്യക്കടത്തിെൻറയും ലൈംഗിക വ്യാപാരത്തിെൻറയും ഇര. യസീദികൾ എന്ന വിഭാഗത്തിന് ആധിപത്യമുള്ള സിറിയൻ അതിർത്തിയോടു ചേർന്ന ഇറാഖി പ്രവിശ്യയായ സിൻജാറിലെ െകാജോ ഗ്രാമത്തിലായിരുന്നു അവൾ താമസിച്ചത്. 2014ൽ െഎ.എസ് ഭീകരർ ഇറാഖിലെ താഴ്വരകൾ ആക്രമിച്ചു കീഴടക്കിയതോടെ ജീവിതത്തിെൻറ ഗതി മാറിമറിഞ്ഞു.
ആഗസ്റ്റിലാണ് കറുത്ത പതാക നാട്ടിയ പിക്അപ് ട്രക്കിൽ ഭീകരർ നാദിയയുടെ ഗ്രാമത്തിലെത്തിയത്. പുരുഷന്മാരെ ഒന്നൊന്നായി ഭീകരർ കൊന്നൊടുക്കി. ആ കൂട്ടത്തിൽ നാദിയയുടെ പിതാവും ആറു സഹോദരന്മാരുമുണ്ടായിരുന്നു. കുട്ടികളെ ചാവേറുകളായി ഉപയോഗിക്കാൻ ബന്ദികളാക്കി. സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമകളാക്കി വെച്ചു. അവരിൽ പ്രായമായവരെ കൊന്നു കുഴിച്ചുമൂടി. നാദിയ ഉൾെപ്പടെ പെൺകുട്ടികളെ കൊണ്ടുപോയത് മൂസിലിലേക്കാണ്. സ്ത്രീകളെ വിൽക്കാനായി ഒരു ചന്തതന്നെ നടത്തിയിരുന്നു െഎ.എസ്. ആർക്കു വേണമെങ്കിലും പണം കൊടുത്ത് പെൺകുട്ടികളെ വാങ്ങി ലൈംഗിക അടിമകളായി ഉപയോഗിക്കാം.
മറ്റു യസീദി സ്ത്രീകളെപ്പോലെ നാദിയയും ഭീകരനെ വിവാഹം കഴിക്കാൻ നിർബന്ധിതയായി. മൂന്നു മാസത്തോളം ഭീകരരുടെ തടവറയിൽ ലൈംഗിക അടിമയായി കഴിഞ്ഞു. ഒരിക്കൽ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിടിക്കപ്പെട്ടു. കൂട്ടബലാത്സംഗമായിരുന്നു ശിക്ഷ. തടവിലാക്കിയ വീടിെൻറ ജനാല വഴി ഒരിക്കൽക്കൂടി രക്ഷപ്പെടാൻ ശ്രമം നടത്തി. ഒരു മുസ്ലിം കുടുംബത്തിെൻറ സഹായത്തോടെ െഎ.എസിെൻറ കണ്ണുവെട്ടിച്ച് അവൾ കുർദിസ്താനിലെത്തി. പിന്നീട് ഇറാഖ് അതിർത്തി കടന്ന് ജർമനിയിലേക്ക് രക്ഷപ്പെട്ടു. െഎ.എസിെൻറ പതനത്തിനുശേഷം നാട്ടിെലത്തിയ നാദിയയുടെ ഹൃദയം തകർന്നുപോയി. ശിഷ്ടജീവിതം യുദ്ധത്തിൽ ജീവിതം നഷ്ടപ്പെട്ടുപോയ സ്ത്രീകൾക്കായി മാറ്റിവെക്കുമെന്ന് അവൾ പ്രതിജ്ഞയെടുത്തു. 2017ൽ "ദ ലാസ്റ്റ് ഗേൾ " എന്ന പേരിൽ നാദിയ എഴുതിയ പുസ്തകം ലോകം രണ്ടുകൈയും നീട്ടി സ്വീകരിച്ചു.
2016ൽ യൂറോപ്യൻ യൂനിയെൻറ സഖ്റോവ് മനുഷ്യാവകാശ പുരസ്കാരവും കൂട്ടുകാരി ലാമിയ ഹാജി ബഷാറിനൊപ്പം പങ്കിട്ടു. മൂസിലിൽ നിന്ന് രക്ഷപ്പെട്ട ശേഷം കാണാനെത്തിയ ബി.ബി.സി മാധ്യമപ്രവർത്തകയോട് അനുഭവങ്ങൾ പങ്കുവെച്ചു. മറ്റൊരു പേരിൽ അത് പ്രസിദ്ധീകരിക്കാമെന്നു പറഞ്ഞപ്പോൾ നാദിയ എതിർത്തു. ഞങ്ങൾക്കെന്താണ് സംഭവിച്ചതെന്ന് ലോകം അറിയെട്ട എന്നായിരുന്നു മറുപടി. ഇക്കഴിഞ്ഞ ആഗസ്റ്റിൽ കനലെരിയുന്ന അവളുടെ ജീവിതത്തിന് കൂട്ടായി യസീദി ആക്ടിവിസ്റ്റായ ആബിദ് ഷംദീനുമെത്തി. ഇനിയുള്ള പോരാട്ടം ഒരുമിച്ചാണെന്ന് അവൾ ട്വിറ്ററിൽ കുറിച്ചു.
സൊറോസ്ട്രിയൻ മതത്തിനോട് സാമ്യമുള്ള ഒരു മധ്യപൂർവേഷ്യൻ മതവിഭാഗമാണ് യസീദി. 2014നു മുമ്പ് അഞ്ചരലക്ഷം യസീദികളായിരുന്നു ഇറാഖിലുണ്ടായിരുന്നത്. ഒരു ലക്ഷത്തിലേറെ പേർ പിന്നീട് പലായനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.