എഴുത്തിന്റെ രുചിഭേദങ്ങൾ വിളമ്പിയ നളിനി ശ്രീധരൻ
text_fieldsകൊച്ചി: കേരളത്തിലെ സ്ത്രീ മുന്നേറ്റത്തിന്റെ ചരിത്രത്തിൽ വിസ്മരിക്കാനാവാത്ത വ്യക്തിത്വമാണ് വെള്ളിയാഴ്ച അന്തരിച്ച നളിനി ശ്രീധരൻ. പാർവതി പവനൻ, ശ്രീദേവി കക്കാട്, ദേവകീ നിലയങ്ങോട് എന്നിവരെപ്പോലെ വാർധക്യത്തെ സർഗാത്മകതയുടെ വീണ്ടെടുപ്പുകാലമായി മാറ്റിയ മറ്റൊരു വനിത പ്രതിഭ. നാലു ദശകങ്ങളായി പാചകകല, ബാലസാഹിത്യം, നാടൻകഥകൾ, നാടോടി വിജ്ഞാനീയം എന്നീ മേഖലകളിലെല്ലാം തന്നെ അവർ ഈടുറ്റ സംഭാവന നൽകി.
വനിത വിമോചനത്തെപ്പറ്റിയുള്ള നവീന ആശയങ്ങളും പ്രസ്ഥാനങ്ങളും കേരളത്തിൽ ശക്തമാവുന്നതിനു മുമ്പുതന്നെയാണ് എഴുപതുകളുടെ തുടക്കത്തിൽ ‘മഹിളാരംഗം’ പേരിൽ സ്വന്തം പത്രാധിപത്യത്തിൽ നളിനി ശ്രീധരൻ വനിത മാസിക ആരംഭിക്കുന്നത്. പിൽക്കാലത്ത് ലബ്ധപ്രതിഷ്ഠരായ വനിത ഏഴുത്തുകാർ പലരും ‘മഹിളാരംഗ’ത്തിലൂടെ എഴുതിത്തെളിഞ്ഞവരാണ്. സാമൂഹികക്ഷേമ പ്രവർത്തനങ്ങളിലും ഇക്കാലത്ത് സജീവമായി.
മുട്ടമ്പലം തോട്ടിക്കോളനിയിലെ ആളുകൾക്ക് ശൗചാലയം നിർമിച്ചുകൊടുക്കാനും കുട്ടികൾക്ക് പഠനസൗകര്യം ഏർപ്പെടുത്താനും അവരെ ബോധവത്കരിക്കാനും മുന്നിട്ടിറങ്ങി. പതിറ്റാണ്ടുകൾക്കുമുമ്പ് തന്നെ പാചകവിദ്യയെ സമ്പന്നരുടെ ഊണുമുറികളിൽനിന്ന് സാധാരണക്കാരുടെ അടുക്കളകളിലേക്ക് ഇറക്കിക്കൊണ്ടുവരുകയും നാട്ടുപാരമ്പര്യവുമായി ഇണക്കുകയും ചെയ്ത് പാചകകലയിൽ സ്വന്തമായ പാത വെട്ടിത്തുറന്നിരുന്നു നളിനീ ശ്രീധരൻ.
വടക്കൻ മലബാറിലെ നാട്ടുമൊഴികളിലേക്കും നാടോടി പാരമ്പര്യങ്ങളിലേക്കും സാമൂഹിക ജീവിതത്തിലേക്കും വെളിച്ചം വീശുന്ന നിരവധി നാടൻ കഥകളും കുട്ടിക്കഥകളും നളിനിയുടെ വകയായുണ്ട്. അവയെല്ലാം സ്വതസിദ്ധമായ നർമബോധം കൊണ്ട് ശ്രദ്ധേയവുമായിരുന്നു. ഭർത്താവ് സി.പി. ശ്രീധരന്റെ മരണം സൃഷ്ടിച്ച ഏകാന്തതയിൽ നിന്നും ദുഖത്തിൽ നിന്നും വിടുതിനേടാനുള്ള മാർഗം എന്ന നിലയിലാണ് പുസ്തക രചനയിലേക്ക് കടക്കുന്നത്.
വടക്കെ മലബാറിൽ പണ്ടു പ്രചാരമാർന്നിരുന്ന ശാസ്ത്രീയ ഗാനങ്ങളും നാടകഗാനങ്ങളും രണ്ടുകൊല്ലത്തോളം ഫേസ്ബുക്കിൽ പാടി അവതരിപ്പിച്ച് കേരളത്തിലെ സംഗീതപ്രേമികളിൽനിന്ന് അഭിനന്ദനം ഏറ്റുവാങ്ങി. സുരഭി, ചീവോതി അമ്മ, ഐവർസംഘം, കേശവൻ കുട്ടിയുടെ അന്വേഷണം, ചിന്നമീസി പെരിയബാബ, അമ്മുക്കുട്ടിയുടെ ദയ, ഗൃഹലക്ഷ്മി, പാചകവേദി, പാചകരംഗം എന്നിയാണ് പ്രധാന കൃതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.