നർഗീസ് ബീഗം സേവനത്തിന്റെ വിളക്കേന്തിയ വനിത
text_fieldsയുദ്ധത്തില്‍ മുറിവേറ്റ് കിടക്കുന്ന പട്ടാളക്കാരെ പരിചരിക്കാന്‍ വിളക്കുമായി രാത്രി മുഴുവന്‍ യുദ്ധഭൂമിയില്‍ ചിലവഴിച്ച 'ഫ്ലോറന്‍സ് നൈറ്റിംഗേല്‍' എന്ന ധീര വനിതയെ കുറിച്ച് നാം കേട്ടിട്ടുണ്ട്. നന്നേ ചെറുപ്പത്തിൽ തന്നെ പാവപ്പെട്ടവരോടും രോഗികളോടും കരുണ കാണിക്കുകയും ആതുര ശുശ്രൂഷ ജീവിതത്തിന്റെ ഭാഗമായി തെരഞ്ഞെടുക്കുകയും ചെയ്ത അവർ പിന്നീട് 'വിളക്കേന്തിയ വനിത' എന്ന പേരിൽ ലോക ചരിത്രത്തിൽ ഇടം നേടി.
നമ്മുടെ കൊച്ചു കേരളത്തിലുമുണ്ട് അത്തരത്തിലൊരു വിളക്കേന്തിയ വനിത, നർഗീസ് ബീഗം എന്ന സാമൂഹിക പ്രവർത്തക. ഒറ്റപ്പെട്ട ഒരുപാട് ജീവിതങ്ങൾക്ക് വിളക്കേന്തുന്നവൾ. കഴിഞ്ഞ ഇരുപത് വർഷത്തോളമായി കോഴിക്കോട് ഫറൂഖ് കോയാസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ നർഗീസ് ബീഗത്തെ അറിയാത്തവർ വിരളമായിരിക്കും. പ്രത്യേകിച്ച് പ്രവാസ ലോകത്ത്. സ്വന്തം ജീവിതത്തിലെ സുഖ സൗകര്യങ്ങളെക്കുറിച്ചു മാത്രം ചിന്തിക്കുന്ന മനുഷ്യര്‍ വർധിച്ചുവരുന്ന കാലത്ത് നര്‍ഗീസ് ബീഗം ഒരു അത്ഭുതമാണ്.
ആശുപത്രിയിലെ ജോലി കഴിഞ്ഞാൽ പിന്നെ തന്നെ ആശ്രയിച്ചു കഴിയുന്ന നിരവധി ജീവിതങ്ങളുടെ പരിപാലനത്തിനായി ആളുകൾക്കിടയിലേക്ക് ഇറങ്ങി ചെല്ലുകയായി. വർഷങ്ങളായി ഈ കാരുണ്യ പ്രവർത്തനമാണ് നർഗീസ് സിസ്റ്ററുടെ ജീവിത ക്രമം. നട്ടെല്ല് ഒടിഞ്ഞും അപകടങ്ങള്‍ പറ്റിയും വര്‍ഷങ്ങളായി കിടപ്പിലായവര്‍, മാനസിക വൈകല്യം കാരണം ബന്ധുക്കള്‍ ഉപേക്ഷിച്ചവര്‍, കാന്‍സര്‍ പോലെ മാരക രോഗങ്ങള്‍ ബാധിച്ചു വേദന തിന്നുന്നവര്‍, തെരുവിലൊറ്റപ്പെട്ടവര്‍, വീടില്ലാത്തവര്‍, വിദ്യാഭ്യാസത്തിന് വഴിയില്ലാത്തവര്‍, വിവാഹ സ്വപ്നങ്ങള്‍ വഴിമുട്ടി നില്ക്കുന്നവര്, മാസാമാസം മരുന്നിനുള്ള പണമില്ലാത്തവർ... തുടങ്ങി നര്‍ഗീസിന്റെ സാന്ത്വനവും സഹായവും അനുഭവിക്കുന്നവരായി കേരളത്തിലുടനീളം ഒരുപാട് പേരുണ്ട്.
പ്രചോദനമായത് ദാരിദ്രം കൂട്ടിരുന്ന ബാല്യം
കടന്നുവന്ന ജീവിത വഴികളാണ് നര്‍ഗീസ് ബീഗത്തെ വാര്‍ത്തെടുത്തത്. അത്രമാത്രം മനുഷ്യരിലേക്ക് പടര്‍ത്തുന്നതും അനുഭവങ്ങളാണ്. അവിടെനിന്ന് പഠിച്ച പാഠങ്ങളാണ് 300ൽപരം കുടുംബങ്ങളെ ദത്തെടുക്കാനുള്ള പ്രാപ്തിയുണ്ടാക്കിയത്. മലപ്പുറം-കോഴിക്കോട് ജില്ലകൾ അതിർത്തി പങ്കിടുന്ന രാമനാട്ടുകരക്കടുത്ത് കാരാട് എന്ന കൊച്ചു ഗ്രാമത്തിലെ നിർധന കുടുംബത്തിലാണ് നർഗീസിന്റെ ജനനം. റോസിന എന്നാണ് യഥാർഥ പേര്.
കോഴിക്കോട് വെള്ളയിൽ കടപ്പുറത്തെ ചാപ്പയിൽ മത്സ്യത്തൊഴിലാളിയായിരുന്ന ഹംസക്കോയയുടെയും ഖമറുന്നിസയുടെയും മൂത്തമകൾ. കടുത്ത ശാരീരിക അസ്വസ്ഥതകള്‍ കാരണം മിക്കപ്പോഴും ഉപ്പാക്ക് പണിക്ക് പോകാന്‍ സാധിക്കുമായിരുന്നില്ല. രണ്ടു അനിയന്മാരും ഒരു അനിയത്തിയും അടങ്ങുന്ന കുടുംബത്തില്‍ പട്ടിണിയും കഷ്ടപ്പാടുകളും അനുഭവിച്ചാണ് നര്‍ഗീസ് വളര്‍ന്നത്. നല്ല ഭക്ഷണവും നല്ല വസ്ത്രവും കൊതിച്ചിരുന്ന കാലം. പട്ടിണി കുറച്ചെങ്കിലും ശമിപ്പിക്കാന്‍ സാധിച്ചത് ക്വാറിയില്‍നിന്നും മെറ്റലാക്കാന്‍ കൊണ്ടുവന്നിരുന്ന കരിങ്കല്ല് ഉടച്ചുള്ള വരുമാനത്തിലാണ്.
അയൽവക്കത്തെ കുട്ടികളെല്ലാം കളിക്കാൻ പോകുമ്പോൾ കരിങ്കല്ല് പൊട്ടിക്കാൻ ഇളംകയ്യിൽ ചുറ്റിക പിടിച്ചു ശീലിച്ച ബാല്യം. ഉമ്മക്കും ഉമ്മുമ്മാക്കുമൊപ്പം കരിങ്കല്ല് ചീളുകൾ ചെറിയ മെറ്റൽ രൂപത്തിലാക്കി ചട്ടികളിൽ നിറച്ചാലേ അന്നന്നത്തെ വിശപ്പ് മാറ്റാൻ വഴിയുണ്ടാവുകൂ. വൈകുന്നേരത്തോടെ മെറ്റൽ ആവശ്യക്കാർ എത്തി ഉമ്മുമ്മക്ക് അന്നത്തെ കൂലി നൽകുമ്പോൾ അതുവരെ ഉണ്ടായിരുന്ന കയ്യിലെ നീറ്റലെല്ലാം മറന്നിട്ടുണ്ടാവും.
ജീവിതം നിശ്ചലമായപ്പോഴാണ് ഉമ്മ ഗദ്ദാമയായി ഗള്ഫിലേക്ക്പോകുന്നത്. തന്റെ താഴെ മൂന്ന്കൂടപ്പിറപ്പുകളും നര്‍ഗീസിന്റെ ഉത്തരവാദിത്തത്തിലായി. ഒരു ആറാം ക്ലാസ്സുകരിക്ക് ചിന്തിക്കാന്‍പോലും കഴിയാത്ത അവസ്ഥയിലൂടെയാണ് അക്കാലം അവരെ കൊണ്ടുപോയത്. കുഞ്ഞുനാളിൽ പഠിക്കാനും എഴുതാനും വലിയ ആഗ്രഹമായിരുന്നു. ഒരുപാട് സങ്കടം വന്നപ്പോഴൊക്കെ തുണ്ടു കടലാസുകളിൽ എഴുതിനിറക്കുകയും വലുതാകുമ്പോൾ മാധവിക്കുട്ടിയെ പോലെ ഒരു എഴുത്തുകാരിയാകുമെന്ന് സ്വപ്നം കാണുകയും ചെയ്തു. കുത്തിക്കുറിച്ച കവിതകൾക്ക് താഴെ കുറിച്ചിട്ട തൂലികാനാമമാണ് പിന്നീട് റോസിനക്ക് പകരം 'നർഗീസ് ബീഗം' എന്ന വിളിപ്പേരായത്.
നാട്ടുകാരുടെ 'മാലാഖ'യായുള്ള വളർച്ച
കുട്ടിക്കാലം തൊട്ടേ തനിക്ക് വ്യത്യസ്ത ചിന്താഗതിയായിരുന്നെന്ന് നർഗീസ് പറയുന്നു. കണ്ടുവന്ന കാഴ്ചകള്‍ ഉടനീളം നീറുന്ന മനുഷ്യജീവിതങ്ങള്‍ മാത്രമാണ്. അന്നേ മറ്റുള്ളവരുടെ വിഷമങ്ങളിൽ സങ്കടം തോന്നുമായിരുന്നു. രോഗികളെയും ഒറ്റക്ക് കഷ്ടപ്പെടുന്നവരെയുമൊക്കെ കാണുമ്പോള്‍ സഹായിക്കണം എന്നു തോന്നാറുണ്ട്. അവരെ സ്നേഹിക്കുന്ന, സഹായിക്കുന്ന, മുറിവില്‍ മരുന്ന് പുരട്ടുന്ന വെളുത്ത സാരിയുടുത്ത നഴ്സുമാര്‍ മനസ്സില്‍ കടന്നു കൂടുന്നത് അവിചാരിതമായാണ്. എന്തുകൊണ്ടോ നഴ്സുമാരിൽ ആകൃഷ്ടയായി. ഏതൊരു ആശുപത്രിയില്‍ പോയാലും നഴ്സുമാരുടെ പിറകിൽപോയി നില്ക്കും.
വെള്ളക്കുപ്പായമിട്ട് അവരിങ്ങനെ പോകുന്നത് കാണാൻ തന്നെ വല്യ ഇഷ്ടമായിരുന്നു. വല്ലാത്തൊരു ആകര്‍ഷണമാണ് ആ വസ്ത്രത്തോടും നഴ്സുമാരോടും തോന്നിയത്. തന്റെ വഴിയും അതാണെന്ന് തെരഞ്ഞെടുക്കാന്‍ കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല. പ്രീഡിഗ്രി കഴിഞ്ഞതോടെ എങ്ങനെയെങ്കിലും നഴ്സിങ് പഠിക്കാൻ ആഗ്രഹം മനസ്സില്‍ നിറഞ്ഞു. എന്നാല്‍, ഗള്‍ഫില്‍ രാപ്പകല്‍ അധ്വാനിക്കുന്ന ഉമ്മയുടെ ശമ്പളം വിശപ്പുമാറ്റാനല്ലാതെ മറ്റൊന്നിനും തികയുമായിരുന്നില്ല. സ്വപ്നങ്ങള്‍ക്ക് അനുഭവത്തിന്റെ കരുത്തുള്ളതിനാൽ പിന്മാറാനും ഒരുക്കമല്ലായിരുന്നു. ഒടുവില്‍ കാലങ്ങളെടുത്ത് സ്വരുക്കൂട്ടിവച്ച പണം കൊണ്ട് ഉമ്മ വാങ്ങിത്തന്ന കമ്മല്‍ വിറ്റ് കോഴ്സിന് ഫീസടച്ചു.
പഠനശേഷം ചെമ്മാട് പത്തൂര്‍ ആശുപത്രിയില്‍ ജോലി കിട്ടി. 300 രൂപ സ്റ്റൈപ്പന്റ് മാത്രം കിട്ടും. എല്ലാ ചിലവുകളും അതിൽ നിന്നും നടത്തണം. അവിടെനിന്നാണ് വേദന അനുഭവിക്കുന്ന മനുഷ്യരിലേക്ക് ഹൃദയം കൂടുതല്‍ കൊരുക്കുന്നത്. സ്റ്റൈപ്പന്റ് കിട്ടാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ അത് സ്വരുക്കൂട്ടി വെച്ച് മെഡിസിന് വാങ്ങാന്‍ കഴിയാത്തവര്‍ക്കൊക്കെ കൊടുക്കുമായിരുന്നു. പിന്നെ ശമ്പളം കിട്ടാന്‍ തുടങ്ങിയപ്പോള്‍ അതില്‍ നിന്ന് ചില രോഗികള്‍ക്ക് മാസം ചെറിയ തുക വെച്ച് കൊടുത്തു തുടങ്ങി. അത് കിട്ടുമ്പോള്‍ അവര്‍ക്ക് വലിയ കാര്യമായിരുന്നു.
കൂടുതല്‍ ആളുകളെ സഹായിക്കാന്‍ മറ്റുള്ളവര്‍ക്കിടയില്‍ ഒരു മീഡിയേറ്ററായി പ്രവര്‍ത്തിച്ചു തുടങ്ങി. പറയുന്ന കാര്യങ്ങള്‍ സത്യമാണെന്ന് ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ കൂടുതല്‍ പേര് സഹായിക്കാന്‍ മുന്നോട്ട് വന്നു. അങ്ങിനെ അപരന്റെ വേദനയെ നെഞ്ചോട് ചേര്‍ത്ത് കെട്ടി തുടങ്ങിയതോടെയാണ് നര്‍ഗീസ് അതിവേഗം പ്രിയപ്പെട്ടവരുടെ മാലാഖയായി മാറി തുടങ്ങിയത്. ഇപ്പോൾ 8 മണിക്കൂർ ഡ്യൂട്ടി കഴിഞ്ഞു ബാക്കിയുള്ള സമയം കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ചു ഓരോരുത്തരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നു. ദൂര യാത്രയാണെങ്കിൽ രണ്ടോ മൂന്നോ മണിക്കൂർ ബസിലോ ട്രെയിനിലോ നിന്നോ ഇരുന്നോ ഉള്ള ഉറക്കം. ഊണും ഉറക്കവുമില്ലാതെയുള്ള സേവനം എന്ന് തന്നെ പറയാം.
ഫേസ്ബുക് തട്ടകമാക്കി
ഫേസ് ബുക്ക് ആണ് നർഗീസിന്റെ തട്ടകം. സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം എങ്ങിനെ മറ്റുള്ളവർക്ക് ഗുണകരമാക്കാമെന്ന് കൂടി കാണിച്ചു തന്നു. ഡയറിയില്‍ കുറിച്ചിട്ട മനുഷ്യജീവിതങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയതോടെയാണ് നർഗീസിലെ കാരുണ്യം പുറംലോകം അറിഞ്ഞു തുടങ്ങിയത്. അതിരുകളില്ലാതെ നിരാലംബരുടെ വേദനകൾ പങ്കുവെക്കപ്പെട്ടു. വലിയ പിന്തുണയാണ് അത്തരം പോസ്റ്റുകള്‍ക്ക് ലഭിച്ചത്. ഒപ്പം സാമ്പത്തിക സഹായങ്ങളും ഫേസ്ബുക് പേജിൽ തന്നെ ഓരോ ദിവസത്തെ ചലനങ്ങളും കുത്തിക്കുറിക്കും. ചുരുക്കി പറഞ്ഞാൽ ജനങ്ങൾക്ക് മുന്നിൽ തുറന്നിട്ടിരിക്കുന്ന സ്വന്തം ഡയറി.
നർഗീസിന്റെ പല ഫേസ്ബുക് പോസ്റ്റുകളും വ്യത്യസ്തത പുലർത്താറുണ്ട് . സ്വന്തക്കാരോട് പറയുമ്പോലെ 'ഇതാ ഇതെന്റെ കുട്ടിയാണ് ഒരു ആറായിരം വേണം ആരാ സഹായിക്കുക' ഇത്രയേ കാണൂ പല പോസ്റ്റുകളിലും. അപ്പോൾ തന്നെ പേര് പറയാതെ പല കോണുകളിൽ നിന്നും സഹായഹസ്തം എത്തിയിട്ടുണ്ടാവും. എന്റെ പ്രവർത്തനങ്ങൾക്കുള്ള ഏറ്റവും വലിയ അംഗീകാരവും ഈ പരിഗണന തന്നെയാണ് നർഗീസ് പറയുന്നു. താനൊരു ഇടനിലക്കാരി മാത്രമാണ്. പ്രവാസി സുഹൃത്തുക്കളടക്കം നല്ലവരായ ഒരുപാട് മനുഷ്യർ നൽകുന്ന പണം അർഹത പെട്ടവർക്ക് എത്തിക്കുന്നു. ലോകത്തിന്റെ എല്ലാകോണിൽ നിന്നുമുള്ള മലയാളികളുടെ സഹായവും പിന്തുണയും ഇന്ന് നർഗീസിനും അവർ നേതൃത്വം കൊടുക്കുന്ന അഡോറ, ഏയ്ഞ്ചൽസ് എന്നീ സ്ഥാപനങ്ങൾക്കും ലഭിക്കുന്നുണ്ട്.
'അഡോറ'യോടൊപ്പം
1998ൽ സുൽത്താൻ ബത്തേരിയിൽ നിലവിൽ വന്ന എൻ.ജി.ഒ ആണ് അഡോറ (ഏജൻസീസ് ഫോർ ഡവലപ്മെന്റ് ഇൻ റൂറൽ ഏരിയാസ്). തന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി നർഗീസ് ബീഗം അതിൽ അംഗമാകുകയും പിന്നീട് അഡോറയെ ഏറ്റെടുക്കുകയുമായിരുന്നു. അഡോറയുടെ ഭാഗമായതോടെയാണ് ജീവിതം മറ്റൊരു ഘട്ടത്തിലേക്ക് കടന്നത്. പത്തുവർഷമായി അഡോറേയുടെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്.
ആദിവാസികളുടെയും തോട്ടം തൊഴിലാളികളുടെയും ഇടയിൽനിന്ന് ഇന്ന് ഇരുനൂറോളം നിർധന കുടുംബങ്ങളെ ദത്തെടുത്ത് അവർക്ക് തണലും തുണയുമാകുന്നത് ഈ സ്ഥാപനം വഴിയാണ്. ഇന്ത്യയിലൊട്ടുക്കും സ്വതന്ത്രമായി പ്രവർത്തിക്കാൻ അധികാരമുള്ള സൊസൈറ്റി. വീടില്ലാത്തവർക്ക് സ്പോൺസർമാരുടെ സഹായത്തോടെ വീട് നിർമിച്ചു നൽകുന്നു. 74 വീടുകൾ നിലവിൽ പൂർത്തിയാക്കി. ഏഴു വീടിന്റെ പണി നടന്നു കൊണ്ടിരിക്കുന്നു. നിലവിൽ 300 റോളം കുടുംബങ്ങളെ വിവിധ രീതികളിൽ സംരക്ഷിച്ചു പോരുന്നു.
നാല്പതിലധികം കുടിവെള്ള പദ്ധതികൾ പൂർത്തീകരിച്ചു. ആയിരത്തിലധികം വീൽ ചെയറുകൾ, മൂന്നൂറോളം എയർബെഡുകൾ, ഫോൾഡിങ് കട്ടിലുകൾ ഓക്സിജൻ കോൺസൻട്രേറ്ററുകൾ, 150ന് മുകളിൽ പെൺകുട്ടികളുടെ കല്യാണ ആഭരണം, 400ൽ പരം പെൺകുട്ടികൾക്ക് കല്യാണ വസ്ത്രങ്ങൾ എന്നിവ ഇതിനോടകം സഹായിച്ചു. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു വെന്നതാണ് നർഗീസിനെ വ്യത്യസ്തയാക്കുന്നത്.
അഡോറയുടെ പ്രധാന പ്രോജക്ടാണ് ഏഞ്ചൽസ് കളക്ഷൻസ്. പണമില്ലാത്തവര്‍ക്ക് ഇഷ്ട്ടമുള്ള വസ്ത്രങ്ങള്‍ സൗജന്യമായി ലഭിക്കുന്ന ഒരിടം. വയനാട്ടിലെ മേപ്പാടി, സുൽത്താൻ ബത്തേരി, കമ്പളക്കാട്, തലപ്പുഴ എന്നിവിടങ്ങളിലും കൊല്ലത്തും കാസർകോട്ടുമായി ആറ് കേന്ദ്രങ്ങൾ ഏഞ്ചൽസിനുണ്ട്. പണമില്ലാത്തതിനാൽ നല്ല വസ്ത്രങ്ങൾ ധരിക്കാൻപറ്റാതെ പോകുന്നവർക്ക് ഏഞ്ചൽസിൽവന്നു വസ്ത്രങ്ങൾ തെരഞ്ഞെടുക്കാം. വിവാഹ വസ്ത്രങ്ങൾക്കായി ഇവിടെ പ്രത്യേക സെക്ഷൻ തന്നെയുണ്ട്.
വിവാഹനാളിൽ മാത്രം ധരിച്ച് അലമാരയുടെ കോണിലേക്ക് മാറ്റുന്നതിനു പകരം വിവാഹവസ്ത്രങ്ങൾ പുതുമ മാറാതെ ഏഞ്ചൽസിൽ എത്തിച്ചാൽ അത് നിധിപോലെ കരുതി നെഞ്ചോടു ചേർത്തുകൊണ്ടുപോകുന്ന ഒരുപാട് പേർ വരാറുണ്ടിവിടെ. അവരുടെ കണ്ണിലെ തിളക്കവും സന്തോഷക്കണ്ണീരുമാണ് അത് നൽകിയവർക്കുള്ള പ്രതിഫലം. വിവാഹവസ്ത്രങ്ങൾ മാത്രമല്ല കുഞ്ഞുങ്ങൾ വലുതായതിനു ശേഷം പാകമാകാതെ മാറ്റിവച്ച ഒരു കുഞ്ഞുടുപ്പോ ചില പ്രത്യേക അവസരങ്ങളിലേക്കായി വാങ്ങി വച്ച് ഉപയോഗമില്ലാതെയിരിക്കുന്ന ഡ്രസുകളോ എന്തുമാകാം, ഏഞ്ചൽസിലൂടെ അത് അർഹിക്കുന്ന കൈകളിൽ എത്തിച്ചേരുമെന്നുറപ്പ്.
സ്വപ്നം 'തുറന്ന വീടും' ഫിസിയോ തൊറാപ്പികേന്ദ്രവും
നട്ടെല്ലിന് ക്ഷതമേറ്റ് കഷ്ടപ്പെടുന്ന അനേകം പേര് നർഗീസിന്റെ ആശ്രിതരായുണ്ട് . അവർക്കൊരു ഫിസിയോ തൊറാപ്പി കേന്ദ്രം എന്നതാണ് ഇനിയുള്ള സ്വപ്നങ്ങളിൽ പ്രധാനം. വീൽ ചെയറിലും കിടക്കയിലുമായി തളച്ചിടപ്പെട്ടവരെ ഫിസിയോതെറാപ്പി, ഒക്ക്യൂപേഷണൽ തെറാപ്പി തുടങ്ങിയ ചികിത്സകളിലൂടെ സ്വയം പര്യാപ്തതയിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. ആറു കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആരോരുമില്ലാതെ തെരുവിൽ അലഞ്ഞു നടക്കുന്ന വൃദ്ധർ, മാനസിക-ശാരീരിക വെല്ലുവിളി അനുഭവിക്കുന്നവർ, അനാഥ സ്ത്രീകൾ എന്നിങ്ങനെ മാറ്റി നിർത്തപ്പെട്ടവർക്ക് കൂടൊരുക്കുക എന്നതാണ് 'തുറന്ന വീട്' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
വിദ്യാർഥികളായ അൽഹാസ്, അതുൽ എന്നിവരാണ് മക്കൾ. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി അടാംതൊടിക സുബൈറാണ് ജീവിതപങ്കാളി. ദമാമിൽ ജോലി ചെയ്യുന്ന സുബൈർ, നർഗീസിന്റെ കാരുണ്യ പ്രവർത്തനങ്ങൾ ഫേസ്ബുക്കിൽ കണ്ടറിഞ്ഞാണ് പരിചയപ്പെടുന്നതും ജീവിതസഖിയാക്കിയതും. വിവാഹ സമയത്ത് മഹ്റായി കിട്ടിയ തുക പൂർണ്ണമായും ഒരു ഭിന്നശേഷിക്കാരന് പെട്ടിക്കട വെച്ചു നൽകുകയായിരുന്നു. സൗത്ത് ഇന്ത്യൻ ടെലിവിഷൻ പുരസ്കാരം, ബെസ്റ്റ് നഴ്സ് അവാർഡ്, കേരള സോഷ്യൽ ഐക്കൺ, വിജയസ്മൃതി പുരസ്കാരം, കൈരളി ടിവി ഡോക്ടേഴ്സ് അവാർഡ്, സൂര്യ ടിവി പുരസ്കാരം, കെ.ജി.സി.എഫ്, ലാലി ഫൌണ്ടേഷൻ അവാർഡ്, ഇന്ത്യൻ സീനിയർ ചേമ്പർ കർമപുരസ്കാരം തുടങ്ങി ചെറുതും വലുതുമായ 200 ലധികം അംഗീകാരങ്ങൾ തേടിയെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.