നൃത്തച്ചുവടുകളിൽ യു.എ.ഇക്ക് ആദരവർപ്പിച്ച് ദിൽന
text_fieldsദുബൈ: യു.എ.ഇ ദേശീയഗാനത്തിനനുസരിച്ച് നൃത്തച്ചുവടുകളൊരുക്കി ഇമാറാത്തിന് മലയാളി നർത്തകിയുടെ ആദരം. ദിൽന ദിനേശ് എന്ന തൃശൂർ സ്വദേശിനിയായ നർത്തകിയാണ് വ്യത്യസ്തമായ ആദരവൊരുക്കിയത്. ജുമൈറ ബീച്ചിൽ ബുർജ് അൽ അറബിന്റെ പശ്ചാത്തലത്തിലാണ് ദിൽന ചുവടുവെച്ചത്. യു.എ.ഇയിൽ ഇടപെട്ട എല്ലാ മേഖലകളിലും സ്ത്രീകൾക്ക് ലഭിക്കുന്ന പരിഗണനയും സുരക്ഷിതത്വവുമാണ് ഇത്തരമൊരു ആദരവിന് പ്രചോദനമായതെന്ന് അവർ പറയുന്നു.
16 വർഷമായി യു.എ.ഇയിൽ പ്രവാസിയാണിവർ. 13 വർഷമായി വർണ നൃത്തകലാക്ഷേത്ര എന്ന പേരിൽ ക്ലാസിക്കൽ നൃത്തം അഭ്യസിപ്പിക്കുകയും ചെയ്യുന്നുണ്ട്. വിവിധ ദേശക്കാരായ 800ലേറെ പേരെ നൃത്തം പഠിപ്പിച്ച ഇവർക്കുകീഴിൽ നിലവിൽതന്നെ നൂറോളം ശിഷ്യരുണ്ട്. കുച്ചുപ്പിടി, ഭരതനാട്യം, മോഹിനിയാട്ടം എന്നിവയാണ് പഠിപ്പിക്കുന്നത്. മലയാളികളും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലുള്ളവരുമാണ് ശിഷ്യരിൽ കൂടുതലുമുള്ളത്.
യു.എ.ഇക്ക് ആദരമായി നൃത്താവിഷ്കാരം എന്ന ആശയം ഒരു വർഷമായി മനസ്സിലുള്ളതാണെന്നും ഇത്തവണ ദേശീയ ദിനത്തിന്റെ പശ്ചാത്തലത്തിൽ പൂർത്തിയാക്കാനായതിൽ ആഹ്ലാദമുണ്ടെന്നും ദിൽന പറയുന്നു.ഐ.ടി എൻജിനീയറായ ഭർത്താവ് ദിനേശിനും വിദ്യാർഥിനിയായ മകൾ ദേവ്ന ദിനേശിനുമൊപ്പമാണ് ദുബൈയിൽ താമസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.