ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്: ഉജ്ജ്വല വിജയവുമായി കാക്കയങ്ങാട് പഴശ്ശിരാജ കളരി അക്കാദമി
text_fieldsകാക്കയങ്ങാട്: തിരുവനന്തപുരത്ത് നടന്ന ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ പഴശ്ശിരാജ കളരി അക്കാദമി ഉജ്ജ്വല വിജയം നേടി. കേരളത്തിന് വേണ്ടി അഞ്ച് സ്വര്‍ണവും രണ്ട് വെള്ളിയുമാണ് പി.ഇ. ശ്രീജയന്‍ ഗുരുക്കളുടെ പരിശീലനത്തില്‍ പഴശ്ശിരാജയുടെ താരങ്ങള്‍ നേടിയത്. 19 സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരത്തോളം മത്സരാർഥികള്‍ പങ്കെടുത്ത ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി പഴശ്ശിരാജ കളരി അക്കാദമിയുടെ ഒമ്പത് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയും ഉള്‍പ്പെടുന്ന പത്തംഗ ടീമാണ് പങ്കെടുത്തത്. ഇതില്‍ ഏഴ് പേര്‍ക്കും മെഡല്‍ നേടാന്‍ കഴിഞ്ഞു.
സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അനശ്വര മുരളീധരന് (മെയ് പയറ്റ്, വാള്‍പയറ്റ് -സ്വര്‍ണ്ണം), കീര്‍ത്തന കൃഷ്ണ (വാള്‍പയറ്റ് -സ്വര്‍ണ്ണം), വിസ്മയ വിജയന് (ചവുട്ടിപ്പൊങ്ങല്‍-സ്വര്‍ണ്ണം), എ.അശ്വനി (ചവുട്ടിപ്പൊങ്ങല്‍-വെള്ളി), ജൂനിയര്‍ വിഭാഗത്തില്‍ കെ.കെ. അയന (ചവിട്ടിപ്പൊങ്ങല്‍-സ്വര്‍ണ്ണം), വി.കെ. സമൃദ (മെയ് പയറ്റ് -സ്വര്‍ണ്ണം), പി. അശ്വന്ത് (കൈപ്പോര് -വെള്ളി) എന്നിങ്ങനെയാണ് വിജയം നേടിയത്.
കേരളം ഓവറോള്‍ ചാമ്പ്യന്മാരായതില് പ്രധാന പങ്കുവഹിച്ചത് അക്കാദമിയുടെ താരങ്ങളാണ്. തുടര്‍ച്ചയായ പന്ത്രണ്ടാം വര്‍ഷമാണ് പഴശ്ശിരാജ കളരി അക്കാദമി ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി മെഡലുകള്‍ നേടുന്നത്. വിജയികള്‍ക്ക് സ്കൂള്‍ ഗെയിംസിലും നാഷനല്‍ ഗെയിംസിലും പങ്കെടുക്കാന്‍ അവസരം ലഭിക്കും. അക്കാദമിയിലെ 16 ദേശീയ താരങ്ങള്‍ക്ക് 125000 രൂപയുടെ ഖേലോ ഇന്ത്യ സ്കോളര്‍ഷിപ് ലഭിച്ചു വരുന്നുണ്ട്.
ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന് ടെക്നിക്കല്‍ കമ്മിറ്റി അംഗവും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ പി.ഇ. ശ്രീജയന്‍ ഗുരുക്കള്‍ പൂര്‍ണമായും സൗജന്യമായി നല്കി വരുന്ന പരിശീലനത്തിലൂടെയാണ് ഈ നേട്ടം താരങ്ങള്‍ കൈവരിച്ചത്. നൂറോളം പെണ്‍കുട്ടികള്‍ ഉള്‍പ്പടെ ഇരുനൂറോളം കുട്ടികളാണ് പഴശ്ശിരാജ കളരി അക്കാദമിയില്‍ പരിശീലനം നേടുന്നത്.
ബാവലിപ്പുഴയോരത്ത് പ്രകൃതി സുന്ദരമായ രണ്ടര ഏക്കര്‍ സ്ഥലത്ത് ഔഷധ സസ്യോദ്യാനവും കളരിചികില്സ, ഉഴിച്ചില്‍ ഉള്‍പ്പടെയുള്ള പഴശ്ശിരാജ കളരി അക്കാദമിയില്‍ നിരന്തര പരിശീലനത്തിലൂടെ നാഷനല്‍ സ്കൂള്‍ ഗെയിംസുകളില്‍ മിന്നും പ്രകടനം കാഴ്ചവെക്കാനുള്ള കഠിന പരിശീലനത്തിലാണ് താരങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.