ദേശീയ സോഫ്റ്റ്ബാൾ ടീമിലേക്ക് ജില്ലയിൽ നിന്ന് മൂന്നുപേർ
text_fieldsനിലമ്പൂർ: ഏപ്രിൽ രണ്ട് മുതൽ എട്ടു വരെ ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണിൽ നടക്കുന്ന ഏഷ്യൻ വനിത സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിലേക്ക് നിലമ്പൂർ അമൽ കോളജ് വിദ്യാർഥികളായ അർഷ സത്യൻ, കെ.എ. അതുല്യ, പോത്തുകല്ല് കാത്തലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി ഇ.എസ്. അമൃത എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. മൂന്നുപേരും നിലമ്പൂർ അമൽ കോളജ് കായിക വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡോ. മുഹമ്മദ് നജീബ് മെമ്മോറിയൽ പേസ് സ്പോർട്സ് അക്കാദമിയിൽ പരിശീലനം നേടിയവരാണ്.
അകാലത്തിൽ മരണപ്പെട്ട അമൽ കോളജ് മുൻ കായികാധ്യാപകനായിരുന്ന ഡോ. മുഹമ്മദ് നജീബിന്റെ ചിരകാല സ്വപ്നമായിരുന്നു തന്റെ കീഴിലെ വിദ്യാർഥികൾ രാജ്യത്തിന് വേണ്ടി കളിക്കുക എന്നത്. സത്യൻ സുശീല ദമ്പതികളുടെ മകളാണ് അർഷ സത്യൻ, അർജുനൻ - തുഷാര ദമ്പതികളുടെ മകളാണ് അതുല്യ. ഇരുവരും അമൽ കോളജിൽ രണ്ടാം വർഷ സാമ്പത്തിക ശാസ്ത്ര വിദ്യാർഥികളാണ്. ശശികുമാർ - വസന്തകുമാരി ദമ്പതികളുടെ മകളായ അമൃത കത്തോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ കോമേഴ്സ് വിദ്യാർഥിനിയാണ്. പോത്തുകല്ല് സ്വദേശികളാണ് മൂന്നുപേരും.
കേരള ടീമിന്റെ പരിശീലകനായ സുൽക്കിഫലിന്റെയും, പേസ് സ്പോർട്സ് അക്കാദമി പരിശീലകനും അമൽ കോളജ് പൂർവ വിദ്യാർഥിയുമായ അബൂ മൻസൂറലിയുടേയും കീഴിൽ ആയിരുന്നു പരിശീലനം. അമൽ കോളജ് മാനേജ്മെന്റ്, പൂർവ വിദ്യാർഥി കൂട്ടായ്മ, അധ്യാപക - അനധ്യാപക വിദ്യാർഥി കൂട്ടായ്മകൾ സംയുക്തമായി ഇവർക്ക് യാത്രയയപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.