നാട്ടോർമകളും മരുഭൂമിയും നിറയുന്ന നീതുവിന്റെ കാൻവാസ്
text_fieldsദോഹ: പ്രവാസച്ചൂടിനിടയിൽ നാട്ടിലെ ഓർമകൾ പിടിച്ചുവലിക്കുമ്പോൾ നീത ജോളിയുടെ കാൻവാസിലേക്ക് കണ്ണോടിച്ചാൽ മതിയാവും. അവിടെ, നാടിന്റെ കുളിരും ഗൃഹാതുരമായ പച്ചപ്പുമെല്ലാം ജീവൻതുടിക്കുന്ന ചിത്രങ്ങളായുണ്ട്. അറിയാതെതന്നെ കുട്ടനാടൻ പാടങ്ങളിലേക്കും ആലപ്പുഴയിലെ കായൽസമൃദ്ധിയിലേക്കുമെല്ലാം മനസ്സ് ഓടിയെത്തുമ്പോൾ നാട്ടിലെത്തി മടങ്ങിയ ഫീലാവും.
നാടിന്റെ പച്ചപ്പുമാത്രമല്ല, ഖത്തറിന്റെ ചരിത്ര ബിംബങ്ങളുമുണ്ട് ദോഹ അൽ മിർഖാബ് മാളിന് അരികിലെ വീട്ടിലെ ചുമരുകളിൽ. തൊഴിൽ തേടിയെത്തിയ പ്രവാസത്തിൽ ഒഴിവുസമയ വിനോദമെന്നനിലയിൽ വരയും പെയിന്റിങ്ങുമെല്ലാമായി സകലകലാ വല്ലഭന്മാരാവുന്നവരിൽ ശ്രദ്ധേയയാണ് ഈ ആലപ്പുഴക്കാരി. ചാർട്ടേഡ് അക്കൗണ്ടന്റ് എന്ന ജോലിക്കും ഭർത്താവും രണ്ട് കുട്ടികളും ഉൾപ്പെടുന്ന കുടുംബത്തിലെ വീട്ടമ്മയുടെ ഉത്തരവാദിത്തത്തിനും ഇടയിലാണ് നീതു ആക്രിലിക് പെയിന്റിൽ മനോഹരമായ നാട്ടോർമകൾ കുറിച്ചിടുന്നത്.
സ്കൂൾ-കോളജ് കാലവും പിന്നീട് ചാർട്ടേഡ് അക്കൗണ്ടന്റായി പ്രഫഷനിൽ എത്തും വരെ പഠനം തന്നെയായിരുന്നു പാഷൻ. എങ്കിലും നാട്ടിൽ കാണുന്ന കാഴ്ചകൾ വരക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ, ഒരു പ്രഫഷനൽ ചിത്രകാരിയായി അന്ന് വളരാൻ കഴിഞ്ഞില്ല. കരിയർ കെട്ടിപ്പടുക്കാനുള്ള തിരക്കിനിടയിൽ ഉറങ്ങിക്കിടന്ന കല, ഖത്തറിലെത്തിയപ്പോഴാണ് തട്ടിയുണർത്തിയെടുത്തത്. അതിന് കോവിഡ് കാലവും നിമിത്തമായി.
കോവിഡ് വ്യാപകമായപ്പോൾ ജോലി വിട്ട് വീട്ടിൽ തന്നെ ഇരിപ്പായതോടെയാണ് ബ്രഷും പെയിന്റും കാൻവാസും ജീവിതത്തിന്റെ ഭാഗമായി തുടങ്ങിയത്. നാട്ടിലെ ഓർമകളായിരുന്നു കാൻവാസിൽ പകർത്താൻ ശ്രമിച്ചത്. കായലും നെൽക്കതിരുകൾ തലപൊക്കിയ പാടങ്ങളും കാടും മലയുമെല്ലാം വരച്ചിട്ടു. യൂട്യൂബിൽനിന്ന് ലഭിക്കുന്ന അറിവുകളും ഖത്തറിലെ പ്രമുഖ ആർട്ടസ്റ്റുകളുടെ ഉപദേശങ്ങളും തിരുത്തലുകളുമായതോടെ തന്റെ വരകൾ തെളിഞ്ഞുതുടങ്ങിയതായി നീതു പറയുന്നു.
ചെറുതും വലുതുമായ കാൻവാസുകളിൽ പകർത്തിയ പെയിന്റുകൾ ‘കൊള്ളം’ എന്ന് സുഹൃത്തുക്കൾ പറഞ്ഞപ്പോൾ സമൂഹ മാധ്യമങ്ങളിലും സൗഹൃദവലയങ്ങളിലും പങ്കുവെച്ചു. ഇഷ്ടപ്പെട്ട ചിലർ വിലപറഞ്ഞ് വാങ്ങിയപ്പോൾ ലഭിക്കുന്ന തുക സ്വന്തം പോക്കറ്റിലിടാതെ പാവപ്പെട്ട രോഗികളുടെ ചികിത്സക്കായി മാറ്റിവെക്കുകയായിരുന്നു ഇവർ. കോട്ടയത്തും മറ്റുമായി ഡയാലിസിസ് ചെയ്യുന്ന വൃക്കരോഗികൾക്ക് ഒരുകൈ സഹായമെന്ന നിലയിൽ ഇത് മുടങ്ങാതെ എത്തിച്ചുനൽകുന്നു. ഇന്നും പെയിന്റിങ്ങുകൾ വിറ്റുലഭിക്കുന്ന പണം ഈ വഴി നൽകുമ്പോൾ ഇരട്ടിസന്തോഷം.
ഇതിനിടയിൽ ലോകകപ്പ് വേളയിൽ ഖത്തറിലെ ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ കൂട്ടായ്മയായ സി.എ ചാപ്റ്ററിന്റെ പെയിന്റിങ് പ്രദർശനത്തിൽ പങ്കാളിയായി. ഖത്തറിന്റെ അടയാളമായി ഫനാർ മസ്ജിദും ഫാൽക്കൺ പക്ഷിയും ഖത്തർ ഇസ്ലാമിക് മ്യൂസിയവും മരുഭൂമിയിലെ കുതിരസവാരിക്കാരനുമെല്ലാം വരിയിൽ തെളിഞ്ഞപ്പോൾ അഭിനന്ദനങ്ങളും തേടിയെത്തി.
ഇനി ഖത്തറിലും നാട്ടിലും ഒരു പ്രദർശനം നടത്തണമെന്ന ആഗ്രഹത്തിലാണിവർ. നിലവിൽ ഖത്തറിലെ ഓഡിറ്റ് സ്ഥാപനത്തിൽ ഓഡിറ്റ് മാനേജറായി ജോലിനോക്കുന്നു. ഭർത്താവ് ജോളി ആന്റണി ഖത്തർ ഇസ്ലാമിക് ബാങ്കിൽ സീനിയർ ഫിനാൻസ് മാനേജറാണ്. വിദ്യാർഥികളായ ജോർജി, ജെഫ്രി എന്നിവർ മക്കളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.