നിതു എന്ന സൂപ്പർ ടാലന്റ്....
text_fields
എല്ലാ രാജ്യക്കാരും വംശക്കാരും താമസിക്കുന്നയിടമെന്നതാണ് യു.എ.ഇയുടെ സവിഷേശതയെന്നും അതാണ്
ഏറെ ആകർഷിക്കപ്പെട്ടതെന്നും നിതു ചന്ദ്ര
ബിഹാറിലെ ചമ്പാരൻ പ്രദേശത്തുനിന്ന് ഉദിച്ചുയർന്ന് സിനിമനടി, നിർമാതാവ്, തിയേറ്റർ ആർടിസ്റ്റ് എന്നീ നിലകളിൽ ഇതിനകം പ്രശസ്തയായ താരമാണ് നിതു ചന്ദ്ര. ക്ലാസിക്കൽ നർത്തകിയെന്ന നിലയിലും ബാസ്കറ്റ്ബാൾ, തൈക്കണ്ടോ എന്നിവയുടെ പ്രചാരക എന്നീ നിലകളിലും ഏറെ ശ്രദ്ധിക്കപ്പെട്ട ഇവർ വ്യത്യസ്ത മേഖലകളിൽ പ്രതിഭ തെളിയിച്ചിട്ടുണ്ട്. നിതയും സഹോദരൻ നിതിൻ ചന്ദ്രയും ഇന്ത്യയിൽ ശ്രദ്ധിക്കപ്പെട്ടത് ഇരുവരും ചേർന്ന് മൈഥിലി ഭാഷയിൽ ചെയ്ത 'മിഥില മഖാൻ' എന്ന ചിത്രത്തിന് ദേശീയ അവാർഡ് ലഭിച്ചതോടെയാണ്.
മുഖ്യധാര ബോളിവുഡ് പരിസരത്ത് വലിയ സ്വീകാര്യത ലഭിക്കാത്ത ബിഹാറിലെ മൈഥിലി ഭാഷയിൽ സിനിമയെടുത്ത് അവാർഡ് പട്ടികയിൽ ഇടംപിടിച്ചത് ചെറിയ പരിശ്രമത്തിലൂടെയായിരുന്നില്ല.
ഇവരുടെ സ്വന്തം സിനിമാ നിർമാണകമ്പനിയായ 'ചമ്പാരൻ ടാക്കീസ്' തന്നെയാണ് ഈ സിനിമ നിർമിച്ചിരുന്നത്. കടുത്ത മത്സരങ്ങൾക്കിടയിലും മികച്ച ഫീച്ചർ ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ആദ്യ മൈഥിലി സിനിമയായിരുന്നു ഇത്.
കിഴക്കൻ ചമ്പാരൻ പ്രദേശത്തുകാരിയായ അമ്മയാണ് തന്റെ വിജയങ്ങൾക്ക് കാരണക്കാരിയെന്നാണ് നിതു എല്ലായിടത്തും പറയാറുള്ളത്. ആയോധന കലയിൽ പ്രാവീണ്യം നേടാൻ പ്രോൽസാഹിപ്പിക്കുകയും ആത്മവിശ്വാസം പകരുകയും ചെയ്തത് അമ്മയാണെന്ന് പല അഭിമുഖങ്ങളിലും നിത വ്യക്തമാക്കിയിട്ടുണ്ട്.
ബിരുദ പഠനകാലത്തു തന്നെ നിരവധി പരസ്യചിത്രങ്ങളിലും മറ്റും അഭിനയിച്ചാണിവർ ശ്രദ്ധേയായത്. ഹിന്ദി, തെലുങ്ക്, തമിഴ് തുടങ്ങിയ സിനിമ മേഖലകളിൽ തിളങ്ങിയ ശേഷം ഹോളിവുഡിൽ 'നെവർ ബാക്ക് ഡൗൺ: റിവോൾട്' എന്ന സിനിമയിലൂടെ 2021ൽ അരങ്ങേറ്റം കുറിച്ചു. ആയോധനകലയിൽ, പ്രത്യേകിച്ച് തൈക്കോണ്ടോയിൽ കഴിവ് തെളിയിച്ചത് അത്തരം റോളുകൾ അഭിനയിച്ച് വിജയിപ്പാക്കാൻ കഴിയുന്നതിന് കാരണമായി. തൈക്കോണ്ടോയിൽ ബ്യാക്ബെൽറ്റ് നേടിയ ഇവർ മൂന്ന് തവണ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
ഇപ്പോൾ മലയാളത്തിലും സാന്നിധ്യം അറിയിക്കാനുള്ള ശ്രമത്തിലാണെന്ന് യു.എ.ഇയിൽ ഹൃസ്വ സന്ദർശനത്തിനെത്തിയപ്പോൾ വെളിപ്പെടുത്തി. വരാനിരിക്കുന്ന മലയാള സിനിമയിൽ സുപ്രധാന റോളിൽ തന്നെയാവും നിതുചന്ദ്ര എത്തുക. മാത്രമല്ല വിനോദ വ്യവസായത്തിന് ഏറെ സാധ്യതകൾ തുറന്നിട്ടിരിക്കുന്ന യു.എ.ഇയിൽ മറ്റൊരു സുപ്രധാന ഉദ്യമത്തിനുള്ള ഒരുക്കത്തിലാണിവർ. യു.എ.ഇയിൽ സ്വന്തമായി പ്രൊഡക്ഷൻ ഹൗസ് നിർമിക്കാനാണ് നിതു ശ്രമിക്കുന്നത്.
അന്താരാഷ്ട്ര സിനിമാ നിർമാണത്തെ പ്രോൽസാഹിപ്പിക്കുന്ന രീതിയിലാണ് ഇത് രൂപപ്പെടുത്തുകയെന്ന് അവർ പറഞ്ഞു.
എല്ലാ രാജ്യക്കാരും വംശക്കാരും താമസിക്കുന്നയിടമെന്നതാണ് യു.എ.ഇയുടെ സവിഷേശതയെന്നും അതാണ് ഏറെ ആകർഷിക്കപ്പെടാൻ ഇടയാക്കിയതെന്നും ഇവർ പറയുന്നു.
യു.എ.ഇ തട്ടമാക്കുന്നതിൽ മറ്റൊരു ലക്ഷ്യംകൂടി നിതു കാണുന്നുണ്ട്. അത് തന്റെ പാഷന്റെ ഭാഗമായ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ഇവിടം മികച്ച കേന്ദ്രമാകും എന്നതാണ്. സ്ത്രീകളെ വിവിധ മേഖലകളിൽ പ്രോൽസാഹിപ്പിക്കുന്ന യു.എ.ഇയിൽ നിലയുറപ്പിച്ച് മികച്ച പ്രവർത്തനങ്ങൾ നടത്താനാവുമെന്ന് ഇവർ പറയുന്നു.
മുംബൈയിലെ കാൻസർ പേഷ്യന്റ്സ് എയ്ഡ് അസോസിയേഷൻ അംബാസിഡറായി 12വർഷവും ടീൻ കാൻസർ അമേരിക്കയുടെ അംബാസിഡറായി മൂന്നു വർഷവും പ്രവർത്തിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുമായി സഹകരിച്ചടക്കം നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ച ഇവിടെ കേരന്ദീകരിക്കുമ്പോൾ സാധ്യമാകുമെന്ന പ്രതീക്ഷയിലാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.