ചളി നീക്കാൻ ആളെ കിട്ടിയില്ല, ഷിൽജ ടീച്ചറും ധന്യ ടീച്ചറും കിണറ്റിലിറങ്ങി
text_fieldsബാലുശ്ശേരി: സ്കൂൾ കിണറ്റിലെ ചളി നീക്കാൻ ആളെ കിട്ടിയില്ല, ഷിൽജ ടീച്ചറും ധന്യ ടീച്ചറും കിണറ്റിലിറങ്ങി ശുചീകരിച്ചു. എരമംഗലം കുന്നക്കൊടി ഗവ.എൽ.പി സ്കൂളിലെ അധ്യാപികമാരായ ഷിൽജയും ധന്യയുമാണ് തൊഴിലാളികളെ കാത്തുനിൽക്കാതെ സ്കൂളിലെ പത്ത് കോലോളം ആഴമുള്ള കിണറ്റിലിറങ്ങി ചളിയും മാലിന്യവും നീക്കി ശുചീകരിച്ചത്. ഇരുവരും കിണറ്റിൽ നിന്നും ചളി നീക്കുന്ന വീഡിയോ നവമാധ്യമങ്ങളിൽ വൈറലായിരിക്കയാണ്.
കഴിഞ്ഞ ദിവസം വരെ കിണറ്റിൽ ഒരു മീറ്ററോളം ഉയരത്തിൽ വെള്ളമുണ്ടായിരുന്നു. പ്രവേശനോത്സവത്തിനു മുന്നോടിയായി ഇന്നലെ സ്കൂൾ പരിസരം അലങ്കരിക്കാനെത്തിയ അധ്യാപികമാർ കിണർ പരിശോധിച്ചപ്പോഴാണ് വെള്ളം പാടേ വറ്റിയ നിലയിൽ കണ്ടത്.
ചളി നീക്കം ചെയ്താൽ വെള്ളം കിട്ടുമെന്ന അഭിപ്രായം ഉയർന്നതോടെ കിണറ്റിലിറങ്ങി ചെളി നീക്കാനുള്ള ആളെ തേടി ഏറെ ചുറ്റിയെങ്കിലും ഒരാളെയും കിട്ടിയില്ല. അവസാനം ടീച്ചർമാർ തന്നെ ധൈര്യപൂർവം കിണറ്റിലിറങ്ങുകയായിരുന്നു. ഇരുമ്പ് കോണി വെച്ച് കിണറ്റിലിറങ്ങിയ ധന്യ ടീച്ചറും ഷിൽജ ടീച്ചറും കിണറ്റിലെ മുഴുവൻ ചളിയും മാലിന്യവും പുറത്തെത്തിച്ച ശേഷമാണ് കരക്ക് കയറിയത്. വൈകീട്ടോടെ കിണറ്റിൽ വെള്ളവും ഉയർന്നുവന്നു.
കിണറ്റിൽ നിന്നും ചളി പുറത്തെത്തിക്കുന്നതിൽ മറ്റ് അധ്യാപികമാരും സഹായിച്ചു. സ്കൂളിൽ സ്റ്റാഫായി ഏറെയും വനിതകളാണ്. കിണർ ശുചീകരിക്കാനിറങ്ങിയ ടീച്ചർമാരെ സ്കൂളിലെത്തിയ നാട്ടുകാരും രക്ഷിതാക്കളും എ.ഇ.ഒയും പ്രശംസിച്ചു. സ്കൂളിലെ കമ്പ്യൂട്ടർ അധ്യാപികയായ ഷിൽജ പത്ത് വർഷത്തോളമായി താൽക്കാലിക ജീവനക്കാരിയാണ്.
ബാലുശ്ശേരി ബ്ലോക്ക് റോഡിനടുത്ത് താമസിക്കുന്ന ഷിൽജയുടെ ഭർത്താവ് രാജേഷ് ഗൾഫിലാണ്. രണ്ടു മക്കളുണ്ട്. ധന്യ സ്കൂളിലെ സ്ഥിരം അധ്യാപികയാണ്. ഭർത്താവ് ജോജിത് കരിയാത്തൻകാവിൽ വ്യാപാരിയാണ്. ഒരു മകനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.