നദ അല്‍ ഷംസിക്ക് ആകാശവും പരിധിയല്ല
text_fieldsഗള്‍ഫ് മേഖലയിൽ ആദ്യവിമാനം പറന്നിറങ്ങിയ ഷാര്‍ജയുടെ മണ്ണിൽ നിന്ന് ഒരു പെൺകൊടി പുതിയൊരു ചരിത്രം കുറിച്ചിരിക്കുന്നു. ഷാര്‍ജയുടെ കീര്‍ത്തി വാനോളം ഉയര്‍ത്തി, ആദ്യത്തെ വനിത പൊലീസ് പൈലറ്റായി വെന്നികൊടി പാറിച്ചിരിക്കുകയാണ് ഷാര്‍ജ പൊലീസ് ജനറല്‍ ആസ്ഥാനത്തെ മീഡിയ, പബ്ലിക് റിലേഷന്‍സ് വകുപ്പ് ഉദ്യോഗസ്ഥ നദ അല്‍ ഷംസി.
കാണുന്നത്ര എളുപ്പമല്ലല്ലോ കാര്യങ്ങൾ. ഈ നേട്ടത്തിനായി നദ അഭിമുഖീകരിച്ച വെല്ലുവിളികൾ ചെറുതല്ല. ലിംഗ സമത്വത്തെ പിന്തുണക്കുന്ന കാഴ്ചപ്പാട് പുലർത്തുന്ന രാഷ്ട്ര നേതാക്കൾ, ഷാര്‍ജ പൊലീസ് കമാന്‍ഡർ ഇന്‍ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് സഅരി അല്‍ ഷംസി തുടങ്ങിയവർ ഏറെ പ്രചോദിപ്പിച്ചു. വിവിധ സമയങ്ങളില്‍ പറക്കുന്നതിനായി ശരീരം ക്രമീകരിക്കേണ്ടതുണ്ടായിരുന്നു. കുടുംബം പൂർണ പിന്തുണയുമായി കൂടെ നിന്നു. അധ്യാപകർ ചിറകുകളായി മാറി. ഓരോ വിജയ ചുവടും പൂര്ണതയുള്ളതായിരിക്കണമെന്ന അവരുടെ ഉപദേശം വലിയ ഊര്‍ജമായിരുന്നു.
ഗ്രൗണ്ട് സ്കൂള്‍ പരിശീലനവും പറക്കലും എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായിരുന്നു കോഴ്സ്. അതില്‍ സോളോ, ഡ്യുവല്‍ ഫ്ളൈയിങ് ഉള്‍പ്പെടുന്നു. സ്ത്രീകള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നതെന്തും ആകാം, അതിെൻറ വലിയ ഉദാഹരണമാണ് താനെന്നും എല്ലാ സ്ത്രീകളും അവരെ പ്രചോദിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന ഒരു തൊഴില്‍ പാത പിന്തുടരണമെന്നും ഷാര്‍ജ പൊലീസ് വിമാനമായ എ6-എക്സ്.ആര്.കെയുടെ കോക്പീറ്റിലിരുന്ന് നദ അല്‍ ഷംസി അഭിമാനത്തോടെ പറഞ്ഞു.
ഷാര്‍ജ പൊലീസിെൻറ ഭാഗമായി സ്വന്തം രാജ്യത്തെ സേവിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു, ഇത് വളരെ പ്രതിഫലദായകമായ ഒരു റോളാണ്. തെൻറ കഥ പലര്‍ക്കും പ്രചോദനം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. നമ്മുടെ രാജ്യത്തെ സേവിക്കുന്നതില്‍ സ്ത്രീകള്‍ക്ക് ഇനിയും ഇടമുണ്ടെന്ന് ഷംസി പറഞ്ഞു. പറക്കല്‍ വളരെ ആവേശകരമാണ്, ഒറ്റക്ക് പറക്കുന്നത് മനോഹരമായ ഒരു അനുഭവമാണ് -ഷംസി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.