ഫോബ്സ് പട്ടികയിൽ നൂറ അൽ മത്റൂശി
text_fieldsചരിത്രം കുറിച്ച അഞ്ചു അറബ് വനിതകളുടെ ഫോബ്സ് പട്ടികയിൽ ഇടംപിടിച്ച് യു.എ.ഇ ബഹിരാകാശ യാത്രിയായ നൂറ അൽ മത്റൂശി. 2021ൽ ഏറ്റവും വലിയ നേട്ടങ്ങൾക്ക് നേതൃത്വം നൽകിയ വനിതകളെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അറബ് ലോകത്തെ ആദ്യ ബഹിരാകാശ യാത്രികയെന്ന പദവിക്ക് അർഹയായ സാഹചര്യത്തിലാണ് പ്രമുഖരുടെ പട്ടികയിലേക്ക് മത്റൂശി ഇടം പിടിച്ചത്.
ആയിരക്കണക്കിന് അപേക്ഷകരിൽ നിന്നാണ് എല്ലാ യോഗ്യതകളും പൂർത്തീകരിച്ച് ഇവർ ബഹിരാകാശ ദൗത്യത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. ബഹിരാകാശത്ത് ആദ്യമെത്തിയ ഇമാറാത്തികളായ ഹസ്സാ അൽ മൻസൂരിക്കും സുൽത്താൻ അൽ നിയാദിക്കും ശേഷമാണ് മത്റൂശി ബഹിരാകാശ യാത്രക്ക് ഒരുങ്ങുന്നത്. തന്റെ കുട്ടിക്കാലത്തെ സ്വപ്നത്തിന്റെ സഫലീകരണമാണ് യാത്രയെന്നായിരുന്നു ഇവർ ദൗത്യത്തെ സംബന്ധിച്ച് പ്രതികരിച്ചത്. യു.എ.ഇയിൽ തന്നെ ആദ്യഘട്ട പരിശീലനം പൂർത്തിയാക്കിയ ഇവർ നിലവിൽ നാസയുടെ ജോൺസൻ സ്പേസ് സെൻററിലാണ് ട്രെയിനിങ് നടത്തുന്നത്.
2022ൽ പരിശീലനം പൂർത്തിയാക്കുന്നതോടെ ലോക തലത്തിലെ ബഹിരാകാശ ഉദ്യമങ്ങൾക്ക് 28കാരിയായ ഇവർ നിയോഗിക്കപ്പെടും. മാതൃകാപരമായ നേട്ടങ്ങൾ, നേതൃത്വപരമായ കഴിവുകൾ, വിജ്ഞാനം എന്നിവയെല്ലാം പരിഗണിച്ചാണ് ലോകോത്തര വനിതകളുടെ പട്ടികയിൽ ഇവർ ഇടംപിടിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. യു.എ.ഇ സർവകലാശാലയിലെ മെക്കാനിക്കൽ എൻജിനീയറായിരുന്ന മത്റൂശിയെ മുഹമ്മദ് ബിൻ റാശിദ് സ്പെയ്സ് സെന്ററാണ് ബഹിരാകാശദൗത്യത്തിന് തെരഞ്ഞെടുത്തത്. യു.എ.ഇയിലെ ബഹിരാകാശ മേഖല കൂടുതൽ വികസിപ്പിച്ച് ഒരു ഇമാറാത്തി പൗരൻ ബഹിരാകാശ പേടകത്തിൽ ചന്ദ്രനിൽ ഇറങ്ങുന്നതിന് വേണ്ടി പരിശ്രമിക്കാനാണ് തന്റെ ജീവിത ദൗത്യമെന്ന് ഇവർ പലതവണ വ്യക്തമാക്കിയിട്ടുണ്ട്.
ഫോബസ് പട്ടികയിൽ അറബ് ലോകത്തുനിന്ന് തുനീഷ്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രി നജ്ല ബൂദൻ, തുനീഷ്യൻ ടെന്നീസ് താരം ഓൻസ് ജാബുർ, മുംമ്സ്വേൾഡ് എന്ന ഇ-കൊമേഴ്സ് സ്ഥാപനത്തിന്റെ സ്ഥാപകരായ മോന അതായ(ഫലസ്തീൻ), ലീന ഖലീൽ(ഇറാഖ്) എന്നിവരും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.