നൂറ അൽജബ്ർ; അശ്വാരൂഢയായ ബഹുമുഖ പ്രതിഭ
text_fieldsജിദ്ദ: നൂറ അൽജബ്ർ എന്ന സൗദി യുവതി ബഹുമുഖ പ്രതിഭയായ കുതിരസവാരിക്കാരിയാണ്. അശ്വാരൂഢയായി അമ്പെയ്തും വാൾപ്പയറ്റ് നടത്തിയും നിരവധി മത്സരങ്ങളിൽ വിജയംകൊയ്ത് ലോകശ്രദ്ധ പിടിച്ചെടുത്ത സൗദി ചാമ്പ്യൻ.
ആയോധനകലയിലെ നിരവധി തത്സമയപ്രദർശനങ്ങൾ ഈ യുവതി നടത്തിയിട്ടുണ്ട്. ഒമ്പതാം വയസ്സിൽ കുതിരപ്പുറത്തേറി തുടങ്ങിയ ജൈത്രയാത്രയാണ്. വർഷങ്ങൾക്കുമുമ്പ് കുതിരസവാരി നടത്താൻ പരിശീലിച്ച കാലം തൊട്ടുതന്നെ കുതിരപ്പുറത്തുനിന്നുള്ള അമ്പെയ്ത്ത്, വാൾപ്പയറ്റ് തുടങ്ങിയ അറേബ്യൻ ഉപദ്വീപിൽ വേരൂന്നിയ പാരമ്പര്യകലകളിലും കഴിവുകളിലും അതിവേഗം പ്രാവീണ്യം നേടി.
മാതാവാണ് കുതിരകളോടും കുതിരസവാരിയോടുമുള്ള മകളുടെ താൽപര്യം കണ്ടെത്തിയതും അത് പരിശീലിക്കാൻ പിന്തുണ നൽകിയതും. വളരെ ചെറുപ്പത്തിൽതന്നെ പ്രത്യേക കേന്ദ്രങ്ങളിൽ മകളെ പാർപ്പിച്ച് കുതിരസവാരിയിൽ പരിശീലനം നൽകി. അങ്ങനെ സ്വയം കുതിരസവാരി നടത്താനും അവയെ മെരുക്കാനും പരിപാലിക്കാനുമുള്ള കഴിവ് നൂറ അൽജബ്ർ ആർജിച്ചു.
നൂറ അൽജബ്റിന്റെ കുതിരസവാരിപ്രേമം അവളുടെ വളർച്ചക്കൊപ്പം വളരുകയായിരുന്നു. കായിക മന്ത്രാലയത്തിന്റെയും സൗദി ഇക്വസ്ട്രിയൻ ഫെഡറേഷന്റെയും പിന്തുണയുടെ ബലത്തിൽ തന്റെ കഴിവ് പരിപോഷിപ്പിക്കാനും തെളിയിക്കാനും ദിനംപ്രതി ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടിരുന്നു. വിവിധ കായികയിനങ്ങളുടെ വികസനം ഏറ്റെടുത്ത് കുതിരസവാരി മേഖലയിൽ സൗദി പരിശീലകർക്ക് ബിരുദം നൽകുന്നതിനുള്ള പരിശീലനപരിപാടികൾക്ക് നേതൃത്വം നൽകി.
അങ്ങനെ രാജ്യത്തെ ആദ്യത്തെ വനിതാ കുതിരപ്പന്തയ അമ്പെയ്ത്ത് പരിശീലകയായും അംഗീകൃത ടെൻറ് പെഗിങ് പരിശീലകയായും അറിയപ്പെട്ടു. കുതിരയുമായി ബന്ധപ്പെട്ട സ്പോർട്സിൽ സ്ത്രീപുരുഷന്മാരെ വിദഗ്ധരാക്കുന്ന പരിശീലന കോഴ്സുകൾ ഒരുക്കാനും നൂറ അൽജബ്റിന് സാധിച്ചിട്ടുണ്ട്.
കളിക്കളത്തിലെ മത്സരങ്ങളുടെ സ്വഭാവം അടിച്ചേൽപിക്കുന്ന വെല്ലുവിളിയുടെ വെളിച്ചത്തിൽ അഭിനിവേശവും ആത്മവിശ്വാസവും കൈമുതലാക്കി നൂറ അൽജബ്ർ അതിർത്തികൾക്കപ്പുറത്തും നിരവധി അന്താരാഷ്ട്ര മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ജോർഡനിലെ പെട്ര ചാമ്പ്യൻഷിപ്പിൽ ഉന്നത സ്ഥാനം നേടി. നിരവധി പ്രാദേശിക മത്സരങ്ങളിലും ഇവൻറുകളിലും കുതിരപ്പുറത്ത് വിവിധ ആയോധനകലകളുടെയും കഴിവുകളുടെയും തത്സമയ പ്രകടനങ്ങൾ നടത്തി.
റിയാദ് നഗരത്തിൽ നടന്ന അറേബ്യൻ കുതിരകൾക്കായുള്ള കിങ്ഡം ചാമ്പ്യൻഷിപ് ‘കാഹില’ അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. കൂടാതെ, കിങ് അബ്ദുൽ അസീസ് ഒട്ടകോത്സവത്തിൽ നൂറ രാജകുമാരി ഓപണിങ് റൗണ്ട്, അബ്ഖൈഖ് സഫാരി ഫെസ്റ്റിവൽ, അൽഖോബാറിലെ റിമാൽ, സമർ ഉത്സവം, ആഭ്യന്തര മന്ത്രാലയത്തിന്റെ ‘ഫിദാഅ്’ മാർച്ച് എന്നിവയിലെല്ലാം പങ്കെടുത്തു.
പുരാതന പൈതൃകത്തെ പുനരുജ്ജീവിപ്പിക്കാനും അറബ് ഐഡൻറിറ്റി ഏകീകരിക്കാനും കുതിരസവാരി, അമ്പെയ്ത്ത് കലകളിൽ ഞാനും എന്റെ സഹപ്രവർത്തകരും കഠിനാധ്വാനം ചെയ്യുകയാണെന്ന് നൂറ അൽജബ്ർ സൗദി പ്രസ് ഏജൻസിയോട് പറഞ്ഞു. ഇക്വസ്ട്രിയൻ സ്പോർട്സിലും അമ്പെയ്ത്തിലും എന്റെ കഴിവുകൾ പ്രകടിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു.
ഒപ്പം എന്റെ അറബ് ദേശീയതയിലും സ്വത്വത്തിലും ഞാൻ അഭിമാനിക്കുന്നു. കാരണം ഈ കായികയിനങ്ങളെല്ലാം അഭിമാനത്തിന്റെ ആധികാരികതയുടെയും ഉറവിടമാണ്. കുതിരയോട്ടത്തിന്റെ ട്രാക്കിൽ എന്നെത്തന്നെ കൂടുതൽ വികസിപ്പിക്കാൻ ഞാൻ ശ്രമിക്കുന്നു.
അറേബ്യൻ കുതിരയുടെ സൗന്ദര്യത്തിനും അറേബ്യൻ ഉപദ്വീപിലെ പരിസ്ഥിതിക്കും അതിന്റെ ആധികാരിക ചരിത്രത്തിനും ഇണങ്ങുന്ന പരമ്പരാഗത വസ്ത്രധാരണത്തിൽ പ്രത്യക്ഷപ്പെടാനാണ് ഞാൻ എപ്പോഴും ആഗ്രഹിക്കുന്നതെന്നും നൂറ അൽജബ്ർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.