ശസ്ത്രക്രിയകൾ ഒമ്പതെണ്ണം നടത്തിയിട്ടും കാഴ്ച കനിഞ്ഞില്ല; ഇരുട്ടിലും പ്രകാശഗോപുരമായി നുസൈബ
text_fields‘വണ്ടേഴ്സ് കിച്ചൺ’ പ്രവർത്തകരോടൊപ്പം നുസൈബ (വലത്തുനിന്ന് രണ്ടാമത്)
കരുവാരകുണ്ട്: അണഞ്ഞു പോയെന്ന് കരുതിയ ജീവിതവെളിച്ചത്തിന് ഇച്ഛാശക്തി ഇന്ധനമായപ്പോൾ, അകക്കണ്ണ് കൊണ്ട് കുറെ മനുഷ്യർക്ക് പ്രതീക്ഷയുടെ വർണങ്ങൾ പകർന്നുനൽകിയ ഒരു വനിത ഇതാ. തരിശിലെ ഓട്ടുപാറ പോക്കറിന്റെ മകൾ 42 കാരി നുസൈബ. സ്കൂൾ പഠനം കഴിഞ്ഞ് ബിരുദത്തിന് ചേർന്നപ്പോഴാണ് നുസൈബയുടെ ജീവിതത്തിലേക്ക് ഇരുട്ട് ഇഴഞ്ഞെത്തിയത്. 18ാം വയസ്സിൽ ഒരു കണ്ണിന്റെ കാഴ്ച പോയി. അടുത്ത വർഷം രണ്ടാം കണ്ണും അണഞ്ഞു.
കണ്ണുകളിലേക്കുള്ള രക്തയോട്ടം നിലച്ചതായിരുന്നു കാരണം. പിന്നെ ചികിത്സയുടെ വർഷങ്ങളായിരുന്നു. ശസ്ത്രക്രിയകൾ ഒമ്പതെണ്ണം നടത്തി. എന്നിട്ടും കാഴ്ച കനിഞ്ഞില്ല. പക്ഷെ, ഇരുളിൽ ജീവിതം തളക്കാൻ അവളും തയാറായില്ല. ബ്രെയ്ലി ലിപിയും കമ്പ്യൂട്ടർ പരിജ്ഞാനവും നേടി വിധിയോട് അവൾ പോരാടി.
സ്കൂൾ പൂർവ വിദ്യാർഥി കൂട്ടായ്മയായ ‘ലഞ്ച് ബോക്സ്’ ടീം ഒപ്പം നിന്നു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ‘തളിര്’ മാസികയുടെ ഏജൻസിയെടുത്താണ് തുടക്കം. കഠിന പരിശ്രമം വഴി ആയിരത്തിലേറെ വരിക്കാരെ ചേർത്ത് നുസൈബ വിസ്മയമായി. ഇതിന് നേരിട്ട് അഭിനന്ദിക്കാൻ മാസികയുടെ ചീഫ് എഡിറ്ററായിരുന്ന സുഗതകുമാരി നുസൈബയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. അവർ നൽകിയ പ്രേരണ നുസൈബയുടെ അകക്കണ്ണുകൾക്ക് കൂടുതൽ പ്രകാശമേകി.
സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളാണ് പിന്നീട് തുടങ്ങിയത്. ‘വണ്ടേഴ്സ്’ വനിത കൂട്ടായ്മ പിറന്നത് അങ്ങനെയാണ്. വീട്ടമ്മമാർ, തൊഴിലാളികൾ, ജീവനക്കാരികൾ എന്നിവരെല്ലാം കൂട്ടായ്മയിൽ ചേർന്നു.
പാചകം, തയ്യൽ, കരകൗശല വസ്തു നിർമാണം എന്നിവയിൽ വനിതകൾക്ക് സൗജന്യ പരിശീലനം നൽകി. യോഗ, ആരോഗ്യ ക്ലാസുകളും നടത്തി. ഇതിൽ അംഗങ്ങളായ 300 ഓളം പേരിൽ പലർക്കും ജീവിതവഴി തെളിഞ്ഞു. പാചകം പഠിച്ച വീട്ടമ്മമാരെ ഉൾപ്പെടുത്തി വണ്ടേഴ്സ് കിച്ചണും തുടങ്ങി. മായമില്ലാത്ത ഭക്ഷണം പാചകം ചെയ്ത് ഓർഡർ പ്രകാരം വീടുകളിലെത്തിച്ചു. ഇതുവഴി കുറെ വനിതകൾക്ക് തൊഴിലായി. ചക്കക്കുരു, വാഴത്തണ്ട്, പപ്പായ തുടങ്ങിയ നാടൻ ഉൽപന്നങ്ങൾക്ക് വിപണിയുമായി. കുട്ടികൾക്ക് ‘ശലഭമായ്’ എന്ന പരിപാടിയും തുടങ്ങി. കുട്ടികളുടെ താൽപര്യം തിരിച്ചറിഞ്ഞ് അവയിൽ പരിശീലനം നൽകുകയാണ് ചെയ്യുന്നത്.
അസ്സബാഹ് സൊസൈറ്റി ഫോർ ബ്ലൈൻഡ്സിന്റെ സംസ്ഥാന സെക്രട്ടറിയായ നുസൈബ കാഴ്ചപരിമിതരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനും വേണ്ടി പുളിക്കൽ കേന്ദ്രമായുള്ള ‘ജിഫ്ബി’യുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഒട്ടേറെ സംരംഭങ്ങൾ നടപ്പാക്കി വരുന്ന ലഞ്ച് ബോക്സിന്റെ പ്രസിഡന്റും നുസൈബയാണ്. ബി.എസ്.എൻ.എൽ എൻജിനീയർ രജിത് സെബാസ്റ്റ്യൻ അടക്കമുള്ള സുമനസ്സുകളുടെ ഉറച്ച പിന്തുണയാണ് നുസൈബയുടെ ശക്തി. അൽഫ ഫാത്തിമ മകളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.