നേട്ടങ്ങൾക്ക് ആദരവുമായി ഒമാൻ വനിതദിനം ആഘോഷിച്ചു
text_fieldsമസ്കത്ത്: രാജ്യത്തെ വനിതകളുടെ നേട്ടങ്ങൾ അവതരിപ്പിച്ച് ഒമാൻ ദേശീയ വനിതദിനം ആഘോഷിച്ചു. വിവിധ സാമൂഹിക സന്നദ്ധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സെമിനാറുകളും ആദരവുകളും സംഘടിപ്പിച്ചു.
ഒമാൻ വനിത ദിനാചരണ ഭാഗമായി സാമൂഹിക വികസന മന്ത്രാലയം ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടത്തുന്ന ചിത്രപ്രദർശനത്തിന് തുടക്കമായി. 'ഒമാൻ വിമൻ'എന്ന പേരിൽ മൂന്നു ദിവസമാണ് പ്രദർശനം നടത്തുന്നത്. ഉദ്ഘാടന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി ഡോ. മദീഹ ബിൻത് അഹമ്മദ് അൽ ഷൈബാനിയ അധ്യക്ഷത വഹിച്ചു. 150 ചെറുകിട ഇടത്തരം സംരംഭകരുടെയും ഹോം പ്രോജക്ടുകളുടെ ഉടമകളുടെയും സ്റ്റാളുകളും പ്രദർശന നഗരിയിലുണ്ട്.
ഒമാനി വനിത ദിനത്തോടനുബന്ധിച്ച് മസ്കത്തിലെ ബ്രിട്ടീഷ് എംബസി 'അംബാസഡർ ഫോർ ദ ഡേ'പദ്ധതിക്ക് തുടക്കം കുറിച്ചു.
യങ് ലീഡേഴ്സ് വർക്ക്ഷോപ്, വിമൻ ലീഡേഴ്സ് ലഞ്ച് ഇവന്റ് തുടങ്ങിയ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ നയതന്ത്രം, നയ വികസനം, വിദേശകാര്യം തുടങ്ങിയവയിൽ താൽപര്യമുള്ള ഒമാനി യുവതികളെ എംബസി ക്ഷണിച്ചിരുന്നു. ഇവരിൽ തിരഞ്ഞൈടുക്കപ്പെട്ടവർക്ക് സാമൂഹിക വികസന മന്ത്രി ഉൾപ്പെടെയുള്ള പ്രത്യേക വിശിഷ്ട വ്യക്തികളുമായും യു.എസ്, ഫ്രാൻസ്, ഇറ്റലി, കെനിയ, തുർക്കിയ എന്നിവിടങ്ങളിൽനിന്നുള്ള വനിത അംബാസഡർമാരുമായും കൂടിക്കാഴ്ച നടത്താനും അവസരം ലഭിച്ചു.
ഈ സംരംഭത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഒമാനിലെ ബ്രിട്ടീഷ് അംബാസഡർ ബിൽ മുറെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.