അത്തപ്പൂക്കളവും ഊഞ്ഞാൽ പാട്ടുകളുമുള്ള എന്റെ കുട്ടിക്കാലം
text_fieldsഓണം എന്ന് കേൾക്കുമ്പോഴേ കുട്ടിക്കാലമാണ് ഓർമ വരുക. അത്തം ഉദിക്കുന്ന തലേ ദിവസം മുതൽ മനസ്സു തുള്ളിച്ചാടാൻ തുടങ്ങും. പൂവിടാൻ കളം ഒരുക്കേണ്ട സമയമാണത്. ഞങ്ങളുടെ വീടിന്റെ അരികിലൂടെ ഒരു ചെറിയ തോട് ഒഴുകുന്നുണ്ട്. ഞാനും ചേച്ചിയും കൂടി തോട്ടിൽനിന്ന് മണ്ണ് വാരിക്കൊണ്ടുവന്നു പൂവിടേണ്ട കളം പൊക്കി നാളത്തേക്കുള്ള കളം ശരിയാക്കിയിടും. പിന്നെ ചെമ്പരത്തിപ്പൂവിന്റെ മൊട്ടു പറിച്ചു സൂക്ഷിച്ചുവെക്കും. അല്ലെങ്കിൽ മറ്റു കുട്ടികൾ അത് പറിച്ചുകൊണ്ടുപോകും.
അയൽപക്കത്തുള്ള കുട്ടികൾ ഉണരുന്നതിനു മുമ്പേ തോടിന്റെ വക്കിൽ നിൽക്കുന്ന ആ കദളിപ്പൂക്കൾ പറിക്കണം. അതാവും അടുത്ത ചിന്ത. മിക്ക ദിവസങ്ങളും കിട്ടാറില്ല. എന്നേക്കാൾ മുമ്പേ ചേച്ചിമാർ പറിച്ചിട്ടുണ്ടാകും. കദളി പൂവിട്ടു അത്തപ്പൂക്കളമൊരുക്കുന്നത് ഒരു ഗമ തന്നെയാണേ. പിന്നെ ചാണകം മെഴുകി ഈർക്കിൽകൊണ്ട് അതിലൊരു കോലം വരച്ചു കുളിച്ചു ശുദ്ധിയായി ചെമ്പരത്തിപ്പൂവിന്റെ ഓരോ ഇതളുകളും അങ്ങനെ അടർത്തി കളത്തിലേക്ക് വെക്കുമ്പോൾ ഉണ്ടാകുന്ന ഒരാത്മ നിർവൃതിയുണ്ടല്ലോ, ഇന്നും മനസ്സിൽ നിറയുന്നുണ്ട്.
വീടുകളിൽ എത്ര സങ്കടങ്ങൾ ഉണ്ടെങ്കിലും ഓണമല്ലേ പിള്ളാർക്ക് എന്തെങ്കിലുമൊക്കെ ഉണ്ടാക്കിക്കൊടുക്കണ്ടേ, ഓണക്കോടി എടുത്തുകൊടുക്കണ്ടേ എന്നൊക്കെയുള്ള ആവലാതികൾ കേട്ടിരുന്ന കാലം. ഊഞ്ഞാൽ കെട്ടാനുള്ള കയർ അച്ഛൻ കൊണ്ടുവരുന്നതും നോക്കി വീടിന്റെ വാതിൽ പടിയിൽ ഇങ്ങനെ കാത്തുനിൽക്കും. വീടിന്റെ മുറ്റത്തു വലിയ ഒരു പ്ലാവുണ്ട്. അതിന്റെ കൊമ്പിലാണ് ഊഞ്ഞാൽ ഇടാറ്. പത്തു ദിവസം സ്കൂൾ അവധി ആയതുകൊണ്ടുതന്നെ പിന്നെ ഊഞ്ഞാലാട്ടമാണ്, ‘‘ഊഞ്ഞാലേ പാണ്ഡ്യാലെ കുളക്കോഴി മുട്ടയിട്ടേ.’’ ഇന്നും അർഥമറിയാത്ത ഊഞ്ഞാൽ പാട്ടിന്റെ ഈരടികൾ. രാത്രിയാകുമ്പോഴോ ഓണക്കളികൾ വരും... പുലിയും വേടനും മാവേലിയും അങ്ങനെ പലതരം കളിയുമായി ഇങ്ങനെ ഓരോരുത്തർ വന്നു പോകും. എങ്ങും ഓണത്തിന്റേതായ ഒരു അലയടി അറിയാതെ ഉയരുന്നുണ്ടായിരുന്നു.
പൂരാടം, ഉത്രാടം ഒക്കെ ആവുമ്പോഴേക്കും അമ്മയുണ്ടാക്കുന്ന ഉപ്പേരിയിലാണ് ശ്രദ്ധ മുഴുവനും. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ ഇടക്കുളങ്ങരയാണ് എന്റെ ജന്മസ്ഥലം. അവിടെ എണ്ണയിൽ വറുക്കുന്ന പലഹാരങ്ങൾക്ക് ഉപ്പേരി എന്നാണ് പറയാറ്. അച്ചപ്പം, മുറുക്ക്, കായ വറുത്തത്, അവലോസുപൊടി, അരിയുണ്ട... അങ്ങനെ എത്ര തരം പലഹാരങ്ങളായിരുന്നു അന്നുണ്ടാക്കിയിരുന്നത്. ഇന്നും നാവിൽ വെള്ളമൂറും. ഉത്രാടരാത്രിയിലെ ആ നിലാവത്ത് ഉപ്പേരിയും കുറിച്ച് എന്നെ നോക്കി വെളുക്കെ ചിരിക്കുന്ന ചന്ദ്രനെയും കണ്ടുകൊണ്ട് ഉറക്കെ പാട്ടുപാടി ആയത്തിൽ ഊഞ്ഞാലാടുമായിരുന്നു. ചന്ദ്രനെ സൂക്ഷിച്ചുനോക്കുമ്പോൾ ഓരോ രൂപങ്ങൾ ഇങ്ങനെ മിന്നിമായുന്നത് കാണാം. എന്തിനു മാവേലിയെ വരെ കാണാൻ കഴിഞ്ഞിട്ടുണ്ട്.
പിന്നെ അയൽവീട്ടിലെ അടുക്കളയിലേക്കു ഓടും. അന്ന് മതിൽക്കെട്ടുകളോ മുള്ളുവേലികളോ ഒന്നും അങ്ങനെ ഇല്ലാത്തതിനാൽ യഥേഷ്ടം സഞ്ചരിക്കാം. അനുവാദം ചോദിക്കാതെ ഏതു വീടിന്റെയും അടുക്കളയിൽ ഓടിക്കയറാം. ഭക്ഷണം പങ്കിട്ടു കഴിക്കാം. തിരുവോണത്തിന് രാവിലത്തെ ഭക്ഷണം പുട്ടും പയറും പപ്പടവും പിന്നെ പഴവും ആയിരിക്കും. പക്ഷേ, ഒരിക്കൽ പോലും മടുപ്പു തോന്നിയിട്ടില്ല. ഉച്ചക്ക് സദ്യ കഴിച്ചതിനു ശേഷമാണ് എല്ലാവരും ഒത്തുകൂടി പലതരം കളികൾ കളിക്കുന്നത്. അമ്മമാരുടെ തിരുവാതിരയാണ് മുഖ്യ ഐറ്റം. പിന്നെ പുരുഷന്മാരുടെ അവസരമാണ്. പിന്നെ കുട്ടികളുടെ ഓരോ കളികളും പാട്ടുമൊക്കെ ഉണ്ടാകും.
അടുത്ത ദിവസങ്ങളിലാണ് അമ്മവീടുകളിലൊക്കെ പോകാറ്. അവിടെ ചെല്ലുമ്പോഴേക്കും അമ്മയുടെ സഹോദരങ്ങളും അവരുടെ മക്കളും ഒക്കെ എത്തിയിട്ടുണ്ടാകും. അവിടെ പോകുന്നതേ തുള്ളിച്ചാടിയാണ്. ഒരുപാട് ഓണസമ്മാനങ്ങൾ എല്ലാവരും തരും. അതിന്റെ കൂടെ ബലൂണും പൊട്ടാസും തോക്കും വാങ്ങാനുള്ള കാശും തരും. ആഘോഷങ്ങളൊക്കെ കഴിഞ്ഞു തിരികെ വീട്ടിലേക്കു മടങ്ങുമ്പോൾ മനസ്സിനുള്ളിൽ ഒരു നോവാണ്. എല്ലാവരെയും വിട്ടുപിരിയുന്നതിലുള്ള വേദന. അതിലുപരി ഓണം തീർന്നതിലുള്ള വിഷമവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.