വീട്ടമ്മമാരുടെ രുചി ആപ്പിലാക്കി അൻഷിറ
text_fieldsകണ്ണൂർ: വീട്ടമ്മമാരുടെ രുചിവിശേഷം നാട്ടിലെത്തിക്കാൻ ആപ്പുമായി വിദ്യാർഥിനി. കൂത്തുപറമ്പ് നിർമലഗിരി കോളജ് വിദ്യാർഥിനിയും കൈതേരി നസ്റീനാസിൽ എൻ. അലിയുടെ മകളുമായ അന്‍ഷിറ അലിയാണ് ഹോം ബേക്കിങ് അഥവാ വീട്ടില്‍ നിന്ന് ഭക്ഷണമുണ്ടാക്കി വില്‍ക്കലിന് മൊബൈൽ ആപ്ലിക്കേഷനൊരുക്കിയത്.
ലോക്ഡൗണ്‍ സമയത്താണ് ഹോം ബേക്കിങ് സജീവമാകുന്നത്. വീട്ടമ്മമാരും കുടുംബശ്രീ പ്രവർത്തകരും യുവ സംരംഭകരുമെല്ലാം വീട്ടിലെ വ്യത്യസ്തമായ രുചികളുമായി രംഗത്തെത്തി. ഈ രുചി ഒരുപരിധിക്കപ്പുറം ജനങ്ങളിലേക്കെത്തുന്നില്ലെന്ന തിരിച്ചറിവിലാണ് പുതിയ ആശയം പിറക്കുന്നത്.
ഇക്കാര്യം സഹോദരൻ അനസിനോടും സുഹൃത്തുക്കളോടും പങ്കുവെച്ചപ്പോൾ അവരുടെ സഹായത്തോടെയാണ് ഹൻങ്ക്വസ്റ്റ് ഡെലിവറി ആപ് തുടങ്ങിയത്.
ആദ്യഘട്ടമെന്ന നിലയിൽ കൂത്തുപറമ്പ്, മട്ടന്നൂര്‍, ഇരിട്ടി എന്നീ മേഖലകളിലാണ് ഡെലിവറി. അനസും സുഹൃത്തുക്കളുമാണ് ആവശ്യത്തിനനുസരിച്ച് ഭക്ഷണം ആളുകൾക്ക് എത്തിക്കുന്നത്.
വീട്ടമ്മമാരിൽനിന്നും പണമൊന്നും വാങ്ങാതെയാണ് പ്രവർത്തനം. ഹോട്ടലുകളിൽനിന്ന് ഭക്ഷണം ആവശ്യപ്പെടുന്നവർക്ക് എത്തിച്ചുനൽകും. പഠനത്തിനൊപ്പം സംരംഭ പ്രവർത്തനങ്ങളും ഒന്നിച്ചുകൊണ്ടുപോകാനാണ് അൻഷിറയുടെ തീരുമാനം.
നിലവിൽ 1500 പേർ ഗൂഗ്ൾ പ്ലേ സ്റ്റോറിൽനിന്നും 500 പേർ ആപ്പിൾ സ്റ്റോറിൽനിന്നും ആപ് ഡൗൺലോഡ് ചെയ്തുകഴിഞ്ഞു. കഴിഞ്ഞദിവസം നിർമലഗിരി കോളജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. കെ.വി. ഔസേപ്പച്ചൻ ആപ് പുറത്തിറക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.