അധ്യക്ഷ കസേരയിലുണ്ട്, ചെറുപുഷ്പത്തിന്റെ ജീവിതാനുഭവങ്ങളുടെ കൈത്തഴമ്പ്
text_fieldsകാട്ടാക്കട (തിരുവനന്തപുരം): വിയർപ്പണിഞ്ഞ വഴിത്താരകളും ഒറ്റശേഖരമംഗലം പഞ്ചായത്തിെൻറ അധ്യക്ഷ സ്ഥാനവും ചെറുപുഷ്പത്തിന് അഭിമാനമുള്ള ജീവിതാനുഭവങ്ങളുടെ കൈത്തഴമ്പുകളാണ്.
കിണർവെട്ട് മുതൽ കോൺക്രീറ്റ് പണി വരെ, ടാപ്പിങ് മുതൽ ചുമട്ടുതൊഴിൽ വരെ ഏതു ജോലിയും വഴങ്ങും. കടുപ്പമേറിയ മണ്ണടരുകൾ കുഴിച്ചിറങ്ങുേമ്പാൾ വെള്ളം കണ്ടേക്കുമെന്ന പ്രത്യാശ പോലെ, കഠിനാധ്വാനങ്ങൾക്ക് ഫലമുണ്ടാകുമെന്ന പ്രതീക്ഷയാണ് ചെറുപുഷ്പത്തിെൻറ ഉൗർജവും ആത്മവിശ്വാസവും.
മൂത്ത സഹോദരിയുടെ വിവാഹത്തിനുള്ള പണം കണ്ടെത്താനാണ് പൂഴനാട് കോട്ടിയക്കോണത്ത് ചാനല്‍ക്കര വീട്ടില്‍ നെല്‍സൺ-റോസിലി ദമ്പതികളുടെ ഇളയമകള്‍ ചെറുപുഷ്പം 16ാം വയസ്സില്‍ കൂലിപ്പണിക്കിറങ്ങിയത്.
ഭിന്നശേഷിക്കാരനാണ് പിതാവ്. സഹപാഠികൾ വിദ്യ അഭ്യസിക്കാൻ പോകുമ്പോള്‍ കെട്ടിടങ്ങളുടെ കോണ്‍ക്രീറ്റിന് സിമൻറും മെറ്റലും എത്തിക്കുന്ന തിരക്കിലായിരുന്നു അവർ. അക്കാലത്ത് പുലർച്ച മുതല്‍ വൈകും വരെയുള്ള അധ്വാനത്തിന് കിട്ടുന്നത് 135 രൂപയാണ്.
ഗ്രന്ഥശാലയിലെ പ്രവര്‍ത്തനങ്ങളിലും സജീവ പ്രവര്‍ത്തകയായിരുന്നു. ഇതുവഴിയാണ് പൊതുരംഗത്തേക്ക് കാല്‍വെച്ചത്. 2015ലെ തെരഞ്ഞെടുപ്പില്‍ ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ ആലച്ചക്കോണം വനിതാ സംവരണ വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി. 69 വോട്ടിെൻറ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 2020ല്‍ യു.ഡി.എഫ് ജനറല്‍ സീറ്റില്‍ വീണ്ടും ചെറുപുഷ്പത്തിനെ മത്സരിപ്പിച്ചു.
749 വോട്ടർമാരിൽ 552 പേരും അവർക്ക് വോട്ടുചെയ്തു.കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം നിന്നും ചെറുപുഷ്പം കരുത്തുകാട്ടി. തുല്യതാ പരീക്ഷയെഴുതി 10ം ക്ലാസ് പാസായി. ഇനി ബിരുദം നേടണമെന്നാണ് ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.