ബിന്ദുവിന്റെ കാൻവാസിൽ വിരിയുന്നു, പ്രതീക്ഷയുടെ ചിത്രങ്ങൾ
text_fieldsഅടിമാലി: വിരലുകളില്ലെങ്കിലും ഇരുകൈക്കുമിടയിൽ ചേർത്തുവെച്ച ചായപ്പെൻസിലും ബ്രഷുംകൊണ്ട് കാൻവാസിൽ ബിന്ദു വരച്ചിടുന്ന വർണച്ചിത്രങ്ങൾക്ക് ഏഴഴകാണ്. വീട്ടിനുള്ളിലെ ഏകാന്തതയിലേക്ക് 45കാരിയായ ബിന്ദുവിന് പ്രത്യാശ പകരുന്നതും ഈ ഫാബ്രിക് പെയിന്റിങ് തന്നെ.
മുട്ടുകാട് കുറ്റിയാനിക്കൽ ബിന്ദുവിന് ജന്മന ഇരുകൈപ്പത്തിയും കാൽപാദങ്ങളുമില്ല. പരസഹായമില്ലാതെ കാര്യമായി ഒന്നും ചെയ്യാൻ കഴിയാതിരുന്ന തനിക്ക് പ്രതീക്ഷയുടെ വെളിച്ചം പകർന്നത് തൊടുപുഴ പ്രത്യാശ റീഹാബിലിറ്റേഷൻ സെന്ററിലെ മദർ മേരിലാൽ ആണെന്ന് ബിന്ദു പറയുന്നു. 12 വർഷം ഇവിടെ കഴിഞ്ഞു. ഒറ്റക്കാണെങ്കിലും പിടിച്ചുനിൽക്കാൻ കഴിയുമെന്ന് മനസ്സിന് ധൈര്യം കിട്ടിയതും ഇവിടെ നിന്നാണ്. ചിത്രരചന ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും തുണിയിലും കടലാസിലും ബിന്ദു വരച്ചിടുന്ന ചിത്രങ്ങൾ ആരെയും ആകർഷിക്കും. പൂക്കൾ വരക്കാനാണ് കൂടുതൽ ഇഷ്ടം.
30 വർഷം മുമ്പ് ഭാര്യ രുക്മിണിയെയും അഞ്ച് പെൺമക്കളെയും ഉപേക്ഷിച്ച് പിതാവ് നാടുവിട്ടു. ഇപ്പോൾ 77 വയസ്സുള്ള അമ്മയോടൊപ്പം മുട്ടുകാട്ടിലെ ചോർന്നൊലിക്കുന്ന വീട്ടിലാണ് ബിന്ദു കഴിയുന്നത്. മക്കളിൽ മൂത്തയാളാണ് ബിന്ദു. സഹോദരങ്ങളെല്ലാം വിവാഹിതരായി. പ്രീഡിഗ്രി വരെ പഠിച്ച ബിന്ദു ഫോട്ടോസ്റ്റാറ്റ് മെഷീൻ പ്രവർത്തിപ്പിക്കാനും നന്നായി എഴുതാനുമൊക്കെ പഠിച്ചു. പഠനത്തിന് ശേഷം ബിന്ദു ചെറിയൊരു ജോലിക്ക് ശ്രമിച്ചെങ്കിലും ലഭിച്ചില്ല.
വാർധക്യത്തിലും ഏലത്തോട്ടത്തിൽ ജോലിക്ക് പോകുന്ന മാതാവാണ് ബിന്ദുവിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത്. സന്നദ്ധ പ്രവർത്തകരുടെ സഹായവുമുണ്ട്. വായനയും എഴുത്തും ചിത്രംവരയുമൊക്കെയായി തോറ്റുപോകാതെ പിടിച്ചുനിൽക്കുന്ന ബിന്ദുവിന്റെ മോഹം സ്വന്തമായി ഒരു ജോലിയാണ്. സ്വന്തം അധ്യാപകൻ രചിച്ച പുസ്തകത്തിന് അവതാരിക എഴുതാനുള്ള ഭാഗ്യവും ബിന്ദുവിന് ലഭിച്ചിട്ടുണ്ട്. കെ.പി. സുഭാഷ് ചന്ദ്രൻ എഴുതിയ 'ഇടുക്കി ഇന്നലെകൾ' പുസ്തകത്തിനാണ് അവതാരിക എഴുതിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.