മറ്റത്തൂരിന് ഇരട്ടി മധുരം; പി. രമക്ക് 63ാം വയസ്സില്‍ ഡോക്ടറേറ്റ്
text_fieldsകൊടകര: പ്രായം ഒന്നിനും തടസ്സമല്ലെന്ന് തെളിയിച്ച് മറ്റത്തൂര്‍ മൂന്നുമുറിയിലെ പി. രമ 63ാം വയസ്സില്‍ ഡോക്ടറേറ്റ് നേടിയത് നാടിന് ഇരട്ടി മധുരമായി. രമക്ക് പിഎച്ച്.ഡി നല്‍കിയ ഡോക്ടറല്‍ കമ്മിറ്റിയുടെ പ്രധാന ജഡ്ജ് മറ്റത്തൂര്‍ അവിട്ടപ്പിള്ളി സ്വദേശിയും ആഗോള തലത്തില്‍ അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനുമായ 47കാരൻ ഡോ. ജസ്റ്റിന്‍ പോള്‍ ആണെന്നതാണ് ഇരട്ടി മധുരം പകരുന്നത്.
മറ്റത്തൂര്‍ മൂന്നുമുറി തച്ചിഞ്ചേരി വീട്ടില്‍ അരവിന്ദാക്ഷന്റെ ഭാര്യ രമയാണ് കോയമ്പത്തൂര്‍ ഭാരതിയാര്‍ സർവകലാശാലയില്‍നിന്ന് മാനേജ്‌മെന്‍റ് വിഷയത്തില്‍ പിഎച്ച്.ഡി നേടിയത്. മാള കാർമല്‍ കോളജില്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയായ പി. രമ 20 വര്‍ഷത്തോളമായി അധ്യാപന രംഗത്തുണ്ട്. അധ്യാപികയായിരിക്കുമ്പോള്‍ തന്നെ ജീവിതം മുഴുവന്‍ വിദ്യാര്‍ഥിയായിരിക്കാനുള്ള ആഗ്രഹം കൊണ്ടാണ് 60 കടന്നിട്ടും പിഎച്ച്.ഡി എടുക്കാനുള്ള മോഹമുദിച്ചതെന്ന് അവർ പറഞ്ഞു.
കോവിഡിന് മുമ്പ് ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സര്‍വകലാശാലക്ക് സമര്‍പ്പിച്ചെങ്കിലും അടച്ചുപൂട്ടലിനെ തുടര്‍ന്ന് അംഗീകാരം വൈകി. തമിഴ്‌നാട്ടിലെ സര്‍വകലാശാലകളില്‍നിന്നുള്ള പിഎച്ച്.ഡി ബിരുദത്തിന് അന്താരാഷ്ട്ര നിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വിദേശ സര്‍വകലാശാലകളിലെ പ്രഫസര്‍മാരെ ജഡ്ജ് ആക്കണമെന്ന് നിയമമുള്ളതിലാണ് രമയുടെ തിസീസ് അമേരിക്കയിലേക്ക് അയച്ച് വിലയിരുത്തിയത്.
അങ്ങനെയാണ് ഡോക്ടറല്‍ കമ്മിറ്റിയുടെ തലപ്പത്തേക്ക് അമേരിക്കന്‍ സര്‍വകലാശാലയിലെ പ്രഫസറായ ഡോ. ജസ്റ്റിന്‍ പോള്‍ എത്തിയത്. ഇംഗ്ലണ്ടിലെ റീഡിങ് സര്‍വകലാശാലയിലെ വിസിറ്റിങ് പ്രഫസറും ഇന്റര്‍നാഷനല്‍ ജേണൽ ഓഫ് കണ്‍സ്യൂമര്‍ സ്റ്റഡീസ് ചീഫ് എഡിറ്ററുമാണ് ഡോ. ജസ്റ്റിന്‍ പോള്‍. ഇതിനകം ലോകത്തെ വിവിധ രാജ്യങ്ങളിലെ സർവകലാശാലകളിലെ അമ്പത് പേര്‍ക്ക് ഡോക്ടറേറ്റ് നല്‍കിയ കമ്മിറ്റികളില്‍ പ്രധാന ജഡ്ജ് ആയിരുന്നു അദ്ദേഹം. തന്റെ കൈയൊപ്പിലൂടെ ഡോക്ടറേറ്റ് നേടുന്ന അമ്പതാമത്തെ ആളാണ് രമയെന്നും തിസീസിന് അംഗീകാരം നല്‍കുമ്പോള്‍ അത് സ്വന്തം നാട്ടുകാരിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ഡോ. ജസ്റ്റിന്‍ പോള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.