കേരളീയത്തിൽ അരൂക്കുറ്റിയുടെ സാറ ഹുസൈനും
text_fieldsവടുതല: കേരളീയത്തിൽ അരൂക്കുറ്റിയുടെ ചിത്രകാരിയായ സാറ ഹുസൈനും ഇടംപിടിച്ചു. കേരളീയത്തിന്റെ പ്രധാന വേദിയായ മാനവീയ വീഥിയിൽ ആസ്വാദകരെ ഏറെ ആകർഷിക്കുന്നത് ചുവരിലെ ചിത്രങ്ങളാണ്. നമ്മൾ എങ്ങനെ നമ്മളായി എന്ന ആശയത്തെ അധികരിച്ച് 13 വനിത ചിത്രകാരികൾ വരച്ച ചിത്രങ്ങളാണിവിടെ പ്രദർശിപ്പിച്ചത്. അവരിൽ ഒരാളാണ് സാറ ഹുസൈൻ. ജാതിയുടെയും സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അതിർവരമ്പുകൾക്കപ്പുറം മനുഷ്യനിലേക്ക് ഉയർന്നുവന്ന ആയിരക്കണക്കിന് സഹായഹസ്തങ്ങളെയാണ് സാറ അവതരിപ്പിക്കുന്നത്. പരമ്പരാഗതവും മതപരവുമായ വ്യത്യാസങ്ങൾക്കിടയിലും കേരളീയരുടെ സഹകരണവും ഐക്യവുമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കാൻ ശ്രമിച്ചതെന്ന് സാറ പറഞ്ഞു. കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റും കൊച്ചി മുസ്രിസ് ബിനാലെയുടെ ഡയറക്ടറുമായ ബോസ് കൃഷ്ണമാചാരിയാണ് ചുവർചിത്രങ്ങളുടെ ക്യൂറേറ്റർ. അരൂക്കുറ്റി പഞ്ചായത്ത് അഞ്ചാം വാർഡ് മുഹമ്മദീയ മൻസിലിൽ പരേതനായ ഹുസൈന്റെ മകളാണ് സാറ. സാജിദയാണ് മാതാവ്. ഇപ്രാവശ്യത്തെ ലളിതകല അക്കാദമി അവാർഡ് ജേതാവ് കൂടിയാണ് സാറ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.