ആ 'മുത്തി'നെ കിട്ടിയാൽ തിരികെ നൽകണെ; കാത്തിരിക്കുന്നുണ്ടൊരുമ്മ
text_fields‘സ്വന്തം കുഞ്ഞിനെയെന്നോണം നെഞ്ചേറ്റി പരിപാലിച്ചുവന്നതാണ്. പറന്നകന്നു എന്ന് കേട്ടാല്‍ തളര്ന്നുവീണൂപോവാതെങ്ങിനെ. താങ്ങാനായില്ല ആ ഉമ്മയ്ക്ക്, പ്രതീക്ഷയോടെ കാത്തിരിപ്പാണിന്നും. ഓരോ വൈകുന്നേരങ്ങളിലും പുറത്തിറങ്ങും. അവളുടെയെങ്ങാന് ചിലമ്പൊലി കേട്ടാലോ. മുത്തേന്നുള്ള വിളിക്ക് മറുവിളി എത്തിയാലോ’. ദുബൈയില്‍ താമസമാക്കിയ തൃശൂര്‍ പെരുമ്പിലാവ് ചിറമനങ്ങാട് നെല്ലിപ്പറമ്പില്‍ വീട്ടില്‍ സൈനബ യൂസുഫിന്റെ അരുമയായ തത്തമ്മ ‘മുത്തി’നെ ദിവസങ്ങള്‍ക്കു മുമ്പാണ് അബൂദബിയിലെ സഹോദരന്റെ വീട്ടില്‍ നിന്ന് നഷ്ടപ്പെട്ടത്. നാലുവര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് യു.എ.ഇയിലെ സഹോദരങ്ങള്‍ക്കൊപ്പമാണ് സൈനബയുമുള്ളത്. ദുബൈയില്‍ സഹോദരിക്കൊപ്പം ചെറിയ ജോലികളില്‍ നിന്നുള്ള വരുമാനമൊക്കെയായി കഴിഞ്ഞുവരവേയാണ് മറ്റൊരു ബന്ധുവില്‍ നിന്ന് കുഞ്ഞുമുത്തിനെ ഏറ്റെടുത്തത്.
ഖിസൈസില്‍ ഗാരേജ് നടത്തുന്ന ടി.പി. ഫൈസലിനാണ്, ഷോപ്പിനു സമീപത്തുനിന്ന് നേരിയ തൂവലുകളോടെ തത്തക്കുഞ്ഞിനെ ലഭിക്കുന്നത്. ഇദ്ദേഹം രണ്ടുമൂന്നുദിവസത്തോളം വെള്ളവും ഭക്ഷണവും നല്‍കിയെങ്കിലും ഇത് അവിടെ നിന്ന് പോകാന്‍ കൂട്ടാക്കിയില്ല. ഇതറിഞ്ഞ സൈനബ തത്തക്കുഞ്ഞിനെ വീട്ടിലെത്തിച്ച് മുത്ത് എന്ന പേരും വിളിച്ച് പരിപാലിച്ചു വരികയായിരുന്നു. ചിറകിനും ശരീരത്തിനുമൊക്കെയുണ്ടായ മുറിവ് മൂലമാണ് തത്തക്കുഞ്ഞിന് മറ്റൊരിടത്തേക്ക് പോകാന്‍ സാധിക്കാതെ വന്നത്. മരുന്ന് വച്ച് മുറിവുകള്‍ ഉണക്കി ആരോഗ്യം വീണ്ടെടുത്തതോടെ പറന്നുപോകാന്‍ പുറത്തിറക്കി വിട്ടെങ്കിലും വീട്ടിലേക്ക് തന്നെ തിരികെയെത്തും. പലതവണ ഇത് ആവര്‍ത്തിച്ചതോടെ വീട്ടിലൊരിടം നല്കി കൂടെ കൂട്ടുകയായിരുന്നു.
രണ്ടരവര്‍ഷത്തോളം മുത്തിനെ വളര്‍ത്തിയ സൈനബ സപ്തംബറില്‍ അവധിക്കു നാട്ടിലേക്കു പോകാനൊരുങ്ങിയപ്പോള്‍, അബൂദബിയിലെ സഹോദരനെ ഏല്‍പ്പിച്ചു. അബൂദബിയിലെത്തിച്ചിട്ടും വീട്ടുകാരുമായി വേഗം ഇണങ്ങിയ മുത്ത് ഇടയ്ക്ക് ഒന്നുരണ്ട് തവണ പുറത്തേക്ക് പറന്നെങ്കിലും തിരികെ വന്നിരുന്നു. കഴിഞ്ഞദിവസം ഫ്ലാറ്റിനു പുറത്ത് മറ്റ് കിളികളുടെ ശബ്ദം കേട്ട് അവയ്ക്കു പിന്നാലെ പറന്നതാണ്. വീട്ടുകാര്‍ നോക്കി നില്‍ക്കേ കണ്ണില്‍ നിന്നു മറഞ്ഞ മുത്തിനെ പിന്നെ കണ്ടെത്താനായില്ല. ദിശ തെറ്റി പറന്നുപോയതാവാം.
അബൂദബി മുസഫ ഷാബിയയിലെ വിവിധ സ്ഥലങ്ങളില്‍ ദിവസങ്ങളോളം തേടി. കിളികളുടെ ശബ്ദം കേട്ടിടങ്ങളിലെല്ലാം കയറിയിറങ്ങി. നന്നായി വര്‍ത്തമാനം പറയുന്ന, ഇണങ്ങുന്നവരോട് ‘മുത്തിനൊരുമ്മ തായോ പൊന്നെ’ എന്ന് തൃശൂര്‍ സ്ലാങ്കില്‍ പുന്നാരിക്കുന്ന തത്തമ്മയെ ആരുടെയെങ്കിലും കൈയില്‍ കിട്ടിയിട്ടുണ്ടാവും എന്ന വിശ്വാസത്തിലാണ് സൈനബ. സ്വന്തം കുഞ്ഞിനെപ്പോലെ അല്ല, സ്വന്തം കുഞ്ഞ് തന്നെയാണ് സൈനബയ്ക്ക് മുത്ത്. അതുകൊണ്ട് നിറഞ്ഞ പ്രതീക്ഷയിലും പ്രാര്‍ഥനയിലുമാണ് എപ്പോഴും. നാട്ടിലായിരിക്കേയാണ് മുത്ത് പറന്ന് പോയതെങ്കിലും തിരികെ അബൂദബിയില്‍ എത്തിയ അന്നുമുതല്‍ പറ്റുന്ന സമയങ്ങളിലെല്ലാം മുത്തിനെ തേടിയിറങ്ങും. ആര്‍ക്കെങ്കിലും മുത്തിനെ ലഭിച്ചിട്ടുണ്ടെങ്കില്‍ തിരികെ നല്‍കണമെന്നാണ് അപേക്ഷ.
മാതാപിതാക്കളും ഭര്‍ത്താവും മരണപ്പെട്ടതും മക്കളില്ലാത്തതും ദു:ഖമായ സൈനബയ്ക്ക് മുത്തിനോടുള്ള വൈകാരിക അടുപ്പം അത്രമേല്‍ ആഴത്തിലുള്ളതായിരുന്നു. അതുകൊണ്ടുതന്നെ പല തവണ മുത്ത് അപകടത്തില്‍പ്പെട്ടിട്ടും ഏറെ കഷ്ടപ്പെട്ടാണ് പരിപാലിച്ചു കൊണ്ടുവന്നത്. ഉറങ്ങിക്കിടക്കുന്ന കുഞ്ഞുമക്കളുടെ മുഖത്ത് പുതപ്പോ മറ്റോ വീണിട്ടുണ്ടെങ്കില്‍ അടുത്തുപോയിരുന്നു വിളിച്ചുണര്‍ത്തും. സൈനബയുടെ പ്രാര്‍ഥനാ സമയങ്ങളില്‍ ഒപ്പം ചേര്‍ന്നിരിക്കും. കണ്ണുനീര് വന്നാല്‍ മുത്തേന്നുള്ള വിളിയോടെ ചുണ്ടുകള്‍ കൊണ്ട് കൊത്തിയുണര്‍ത്തും. അങ്ങിനെ വീട്ടിലെ ഒരംഗമായിരുന്ന മുത്തിനെയാണ് നഷ്ടമായത്.
നാട്ടിലിത്തിരി സ്ഥലം വാങ്ങി സ്വന്തം വീട് വച്ച് കഴിയണമെന്ന മോഹമാണ് ഇപ്പോഴും ദുബൈയില്‍ നില്ക്കാന് സൈനബയെ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം. അതിനിടയിലുള്ള ആശ്വാസമായിരുന്ന മുത്തും കൈയകന്നു പോയി. ആരുടെയെങ്കിലും കൈയില്‍ മുത്തിനെ കിട്ടിയിട്ടുണ്ടെങ്കില്‍ മടക്കി നല്‍കണം. പകരം മറ്റൊരു തത്തയെ വാങ്ങിത്തരാനും സൈനബ തയാറാണ്. സന്മനസ്സുള്ള അബൂദബിയിലെ താമസക്കാര്‍ മുത്തിനെ കിട്ടാനുള്ള വഴികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണം. സൈനബയ്ക്കത് ആശ്വാസമാവും, സന്തോഷവും. ഫോണ്‍: +971 553 885 998
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.