അറബി കലോത്സവത്തിൽ വെന്നിക്കൊടി പാറിച്ച് പാർവതിയും സംഘവും
text_fieldsആയഞ്ചേരി: ഉപജില്ല അറബി സാഹിത്യോത്സവത്തിൽ വിജയക്കൊടി പാറിച്ച് പാർവതിയും സംഘവും. തോടന്നൂർ ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി നടന്ന അറബി സാഹിത്യോത്സവത്തിൽ ചെമ്മരത്തൂർ വെസ്റ്റ് എൽ.പി സ്കൂൾ വിദ്യാർഥിയായ ഡി.എൻ. പാർവതിക്ക് എൽ.പി വിഭാഗം ഖുർആൻ പാരായണ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.
പരമ്പരാഗതമായി അറബി പഠിക്കുന്ന വിദ്യാർഥികളെ പിന്തള്ളിയാണ് പാർവതി ഖുർആൻ പാരായണ മത്സരത്തിൽ ഉപജില്ലയിൽ ഒന്നാമതായെത്തിയത്. അവതരണത്തിലും ഉച്ചാരണത്തിലും മികവ് പുലർത്തിയുള്ള പാർവതിയുടെ ഖുർആൻ പാരായണ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനകം വൈറലായി. ചെമ്മരത്തൂർ പ്രഭാലയത്തിൽ ദിനപ്രഭയുടെയും നളീഷ് ബോബിയുടെയും മകളാണ് നാലാം ക്ലാസുകാരിയായ പാർവതി.
ആംഗ്യപ്പാട്ടിൽ പാർവതിയുടെ ഇരട്ടസഹോദരി പാർവണയും മത്സരരംഗത്തുണ്ട്. അറബിക് ഗാനത്തിലും അറബി പദ്യംചൊല്ലലിലും ഇതേ വിദ്യാലയത്തിലെ വി.എ. അനുനന്ദയാണ് എ ഗ്രേഡോടെ ഒന്നാമത്. വെള്ളിയാഴ്ച പാർവതി നയിക്കുന്ന അറബി സംഘഗാന മത്സരത്തിൽ പാർവണ, അനുനന്ദ, ആരാധ്യ, സാധിക, നിധിൻ മനോജ്, സിദ്ധാർഥ്, നസ് ലിയ ഫെമി, മുഹമ്മദ് റെമി എന്നിവരാണ് ഒന്നിച്ചു പാടുന്നത്.
മതപരിഗണന കൂടാതെ എല്ലാ വിദ്യാർഥികൾക്കും ഭാഷാപഠനത്തിന് സർക്കാർ അനുവാദം നൽകിയശേഷം സംസ്കൃതം, അറബിക് ഭാഷകൾ പഠിക്കാൻ വിദ്യാർഥികൾ കൂടുതൽ താൽപര്യം കാണിക്കുന്നുണ്ട്. അങ്ങനെയാണ് പാർവതിയും സഹപാഠികളും അറബിക് സെക്കൻഡ് ഭാഷയായി തിരഞ്ഞെടുത്തത്. കവി വീരാൻ കുട്ടിയുടെ ഭാര്യ അധ്യാപികയായ എം. റുഖിയയാണ് വിദ്യാർഥികളെ അറബി പഠിപ്പിച്ചതും മത്സരത്തിനായി പരിശീലിപ്പിച്ചതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.