@110 പാത്തു, കോവിഡിനെ തോൽപിച്ച യൗവനം
text_fieldsപ്രായം സെഞ്ച്വറിയും പിന്നിട്ട് അടുത്ത ഇന്നിങ്സിന് നിലയുറപ്പിച്ചിരിക്കുമ്പോഴാണ് പാത്തുവിന് നേരെ എതിരാളിയുടെ 'നോ ബാൾ'. കോവിഡിെൻറ രൂപത്തിലെത്തിയ ആ പന്തിനെ അനായാസം അവർ അതിർത്തിക്കപ്പുറത്തേക്ക് സിക്സർ പായിച്ചു. ആ ഉഗ്രൻ ഷോട്ടിലൂടെ വാരിയത്ത് പാത്തു (110) ഗാലറിയിലേക്ക് പകർന്നത് അതിരില്ലാത്ത 'പോസിറ്റിവ്' എനർജി. ഈ കളിയിൽ നാം തോൽക്കില്ല എന്ന ആത്മവിശ്വാസം.
അതെ, ജീവിതത്തിനും മരണത്തിനുമിടയിലെ ഈ കോവിഡ് കളിയിൽ നിരാശരായ ലോകത്തിന് മുന്നിൽ പ്രത്യാശയുടെ ചൂട്ടുതെളിച്ച് വഴികാട്ടിയവരിൽ പ്രധാനിയാണ് മലപ്പുറം രണ്ടത്താണിയിലെ വാരിയത്ത് പാത്തു. പ്രായത്തെ പിന്നിലാക്കി, കോവിഡിനെ വരുതിയിലാക്കിയുള്ള ഈ 'യുവതി'യുടെ ജീവിതം എങ്ങനെ ഈ വർഷത്തെ വയോജന ദിനത്തിൽ ഓർക്കാതിരിക്കും?
തീയിൽ കുരുത്തത്
നൂറ്റാണ്ട് മുമ്പ് വസൂരിയുൾപ്പെടെ പേരറിയുന്നതും അല്ലാത്തതുമായ നിരവധി രോഗങ്ങൾ നടമാടിയിരുന്ന കാലത്ത് അതിനെയെല്ലാം അതിജയിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോയ വ്യക്തിയാണ് പാത്തു. എന്നാൽ, കഴിഞ്ഞ ആഗസ്റ്റ് 18 ഇവരുടെ ജീവിതത്തിലെ കറുത്ത ദിനമായിരുന്നു. കോവിഡ് ആ ശരീരത്തെയും പിടികൂടി. ചെറിയ പനി വന്നതോടെ ആശുപത്രിയിൽ പോയപ്പോഴാണ് സംഗതി 'ഇൻറനാഷനൽ' രോഗമാണെന്ന് മനസ്സിലായത്.
മക്കളിൽനിന്ന് സമ്പർക്കത്തിലൂടെയാണ് വൈറസ് പിടികൂടിയത്. 110ാം വയസ്സിലും 'അച്ചടക്ക'ത്തോടെയുള്ള ജീവിതം ശീലിക്കാത്ത, അയൽപക്ക-ബന്ധു വീടുകളിലേക്ക് തക്കം കിട്ടിയാൽ മുങ്ങുന്ന പാത്തുവിനെ ഈ കുഞ്ഞു വൈറസ് തളച്ചിട്ടു. ആരോടും മിണ്ടരുത്, എങ്ങോട്ടും പോകരുത് തുടങ്ങിയ നിബന്ധനകൾ വധശിക്ഷക്ക് തുല്യമായ വിധികൽപനകളായിരുന്നു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ടാഴ്ചത്തെ ചികിത്സ പാത്തുവിനെ സംബന്ധിച്ചിടത്തോളം നൂറ് വർഷം പിന്നിട്ട ജീവിതത്തിൽ ആദ്യത്തെ ഏകാന്തതയായിരുന്നു. മനുഷ്യർ തമ്മിൽ കാണാനും സംസാരിക്കാനും പറ്റാത്ത രോഗം പടച്ചോൻ ഇനി ആർക്കും കൊടുക്കല്ലേ എന്നാണ് പ്രാർഥന.
ആരോഗ്യ രഹസ്യം
ജീവിതത്തിൽ ആശുപത്രിയെ വല്ലാതെ ആശ്രയിക്കേണ്ടിവന്നിട്ടില്ല പാത്തുവിന്. രക്തസമ്മർദം ഒഴികെ ഒരു രോഗത്തിനും ശരീരത്തെ പിടികൂടാനായില്ല. ബിരിയാണിയും ചിക്കനും ഒഴികെ എന്ത് ഭക്ഷണത്തോടും പ്രിയമുള്ള പാത്തുവിെൻറ 'ഫേവറിറ്റ്' ഇനം ബീഫാണ്. ചക്ക, ചേമ്പ്, താള്, ചക്കക്കുരു, മുരിങ്ങ താളിപ്പ്... ഇവയെല്ലാം ഭക്ഷണത്തിൽ അധിക ദിവസവും ഉണ്ടാകും. കൂടാതെ അല്ലറ ചില്ലറ വീട്ടുപണി ചെയ്ത് ഇപ്പോഴും അധ്വാനിക്കുന്നതൊക്കെയാണ് ആരോഗ്യ രഹസ്യം. അതുകൊണ്ടുതന്നെ പനിയുടെ രൂപത്തിലെത്തിയ കോവിഡിന് അധികം റോളുണ്ടായില്ല.
കുടുംബം
എട്ടു മക്കളാണ് പാത്തുവിന്. അഞ്ച് ആണും മൂന്ന് പെണ്ണും. ഇതിൽ രണ്ട് ആൺമക്കൾ മരിച്ചു. ജീവിച്ചിരിപ്പുള്ള മൂത്ത മകൾക്ക് പ്രായം 85 പിന്നിട്ടു. മക്കളും മക്കളുടെ മക്കളുമായി തലമുറയേറെ കണ്ട പാത്തു ഇവർക്കെല്ലാമിടയിൽ അരോഗദൃഢഗാത്രയായ യുവതിയായി ജീവിക്കുന്നു. കവി ടി.എസ്. തിരുമുമ്പിെൻറ വരികൾ ഓർക്കാം:
'തല നരക്കാത്തതല്ലെെൻറ യൗവനം, തല നരക്കുന്നതെല്ലെൻറ വാർധക്യം''
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.