ഇവരുടേത് കൂടിയാണ് വനിത ദിനം; അമ്മമാർക്ക് ആലംബമായി പീസ്വാലി പുനരധിവാസകേന്ദ്രം
text_fieldsകോതമംഗലം: നിറമുള്ള ഓർമകളെ കോർത്തെടുക്കാൻ ആ അമ്മമാർ ഒത്തുചേർന്നു. കാലം കരുതിവെച്ച കയ്പുനീരുകളെ കുടഞ്ഞുമാറ്റി അവർ സന്തോഷത്തിന്റെ സമാധാന താഴ്വരയിൽ ഒത്തുചേർന്നു.
ആഴ്ചപ്പതിപ്പിലെ ചിത്രങ്ങളിൽ കൗതുകത്തോടെ നോക്കുമ്പോഴും സരസ്വതിയമ്മയുടെ മുഖം മ്ലാനമായിരുന്നു. തന്റെ സംരക്ഷണം ഏറ്റെടുത്തുകൊള്ളാം എന്ന് അറിയിച്ച് അകന്ന ബന്ധുക്കൾ ആർ.ഡി.ഒക്ക് അപേക്ഷ നൽകിയ വിവരം അറിഞ്ഞതു മുതൽ സരസ്വതിയമ്മ വിഷമത്തിലാണ്.
സംരക്ഷിക്കാൻ ആരുമില്ലാത്ത അവസ്ഥയിൽ ഒരുവർഷം മുമ്പാണ് സരസ്വതിയും സഹോദരി ചന്ദ്രമതിയും പീസ് വാലിയിൽ എത്തുന്നത്. നാലുമാസം മുമ്പ് ചന്ദ്രമതി മരിച്ചു. സവാള നന്നാക്കുന്നതിനിടയിലും പാറുക്കുട്ടിയമ്മയുടെ ശ്രദ്ധ പിന്നിൽ വീൽചെയറിൽ ഇരിക്കുന്ന അന്ധയായ മകൾ ഓമനയുടെ മേലാണ്. 90 വയസ്സുണ്ട് പാറുക്കുട്ടിയമ്മക്ക്. മകൾ ഓമനക്ക് 60ഉം. പെരുമ്പാവൂർ ഇരിങ്ങോളിലായിരുന്നു വീട്.
പെൻഷൻ വരാറായോ എന്നാണ് കീഴില്ലംകാരി കാർത്യായനിയമ്മക്ക് അറിയേണ്ടത്. ഇടക്കിടെ പീസ് വാലിയിൽ എത്തുന്ന അയൽക്കാരിയായ ഭവാനിയമ്മയും കാക്കനാട് സ്വദേശി തങ്കമ്മയും എന്തോ കുശലം പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു. തങ്കമ്മയുടെ ഭർത്താവ് ഹർഷകുമാറും പീസ് വാലിയിൽ ഉണ്ട്. അർബുദ ബാധിതയായ തങ്കമ്മക്ക് അതിന്റേതായ പ്രയാസങ്ങളുമുണ്ട്. കോതമംഗലം പീസ് വാലിയിലെ സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രത്തിലെ താമസക്കാരാണ് ഈ അമ്മമാർ. വാർധക്യത്തിൽ ഒറ്റപ്പെട്ട ഇവരെല്ലാം വിവിധ കാലങ്ങളിൽ പീസ് വാലിയിൽ എത്തിയവരാണ്.
‘നോയമ്പ് തുടങ്ങാറായോ’ 84കാരി സഫിയുമ്മ കെയർ ടേക്കറോട് ചോദിക്കുന്നുണ്ടായിരുന്നു. രണ്ടാഴ്ചകൂടി ഉണ്ട് എന്ന് മറുപടി പറഞ്ഞത് മറ്റൊരു സഫിയുമ്മ. ഇവരടക്കം 80 പേരാണ് പീസ് വാലിയുടെ സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രത്തിൽ താമസക്കാരായുള്ളത്. ഇതിൽ മുപ്പതോളം പേർ പൂർണമായും കിടപ്പിലായവരാണ്. മാനസിക വെല്ലുവിളികൾ നേരിടുന്നവരാണ് നാൽപതോളം പേർ.
ഒറ്റപ്പെട്ടെങ്കിലും വാർധക്യത്തിൽ മിണ്ടാനും പറയാനും കേൾക്കാനും ഒക്കെ കൂട്ടുകാരികളെ കിട്ടിയ ആശ്വാസം ഏവരുടെയും മുഖത്ത് കാണാമായിരുന്നു. മറ്റൊരു വനിത ദിനംകൂടി കടന്നുവരുമ്പോൾ ഇവരെപ്പോലുള്ളവരുടേതു കൂടിയാണ് ഈ സമൂഹം എന്ന് ഓർമിപ്പിക്കുകയാണ് ഈ അമ്മമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.