തോൽവി രാധാമണിയുടെ അജണ്ടയിലില്ല
text_fields1996ല്‍ ഉണ്ടായ അപകടത്തില്‍ ഭര്‍ത്താവിനെ നഷ്ടമായ രാധാമണിക്ക് മുന്നിൽ ഇനിയെന്ത് എന്ന ചോദ്യച്ചിഹ്നവുമായി നില്ക്കുന്ന ജീവിതവും രണ്ട് കുഞ്ഞുങ്ങളും ഭര്‍ത്താവിെൻറ മാതാപിതാക്കളും മാത്രമായിരുന്നു. എന്നാല്‍, തോൽക്കാന് തയാറല്ലാത്ത രാധാമണി ഭര്‍ത്താവിെൻറ ജോലിയായിരുന്ന ഫോട്ടോഗ്രഫിയിലേക്ക് തിരിഞ്ഞു. ഭര്‍ത്താവിനുണ്ടായ അപകടത്തില്‍ കാമറയും മറ്റ് ഉപകരണങ്ങളും നശിച്ചിരുന്നു. ഭര്‍ത്താവിെൻറ സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച കാമറ ഉപയോഗിച്ചായിരുന്നു സ്റ്റുഡിയോയുടെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍.
2001ല്‍ 14 സ്ത്രീകളെ ഉള്‍പ്പെടുത്തി അമൃത കുടുംബശ്രീ യൂനിറ്റിന് തുടക്കം കുറിച്ചു. ആലപ്പുഴയിലെ സ്റ്റുഡിയോയില്‍ പോയി പകലന്തിയോളം കഠിനാധ്വാനം ചെയ്താലും പട്ടിണി മാത്രം ബാക്കിയാകുന്നു എന്ന അവസ്ഥ വന്നപ്പോഴാണ് വീട്ടില്‍ കപ്പ കൃഷി ആരംഭിച്ചത്. കുട്ടികള്‍ക്ക് രാത്രി ഭക്ഷണമായി പട്ടിണി മാത്രം ലഭ്യമാകുന്ന അവസ്ഥയില്‍ നിന്ന് മാറി അവര്‍ക്കുവേണ്ട ഭക്ഷണമെങ്കിലും നല്കാന് ഈ കൃഷിയിലൂടെ സാധിച്ചു. എന്നാലും കടവും പട്ടിണിയും തുടര്‍ക്കഥയായി മാറിയപ്പോൾ ഒരു പരിധിവരെയെങ്കിലും കടിഞ്ഞാണിടുക എന്ന ലക്ഷ്യത്തോടെ ചകിരി പിരിക്കാന്‍ ആരംഭിച്ചു.
രാവിലെ സ്റ്റുഡിയോയില്‍ പോകും മുമ്പ് മടൽ, തൊണ്ട് എന്നിവ വെള്ളത്തില്‍ കുതിരാന്‍ ഇട്ടശേഷം രാത്രിയാണ് ചകിരി നിർമിക്കുന്നത്. കുടുംബശ്രീയില്‍ കൂടുതല്‍ ഊർജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ രാധാമണിക്ക് സാമുദായിക സംഘടനയിലെ അംഗത്വം പോലും ഉപേക്ഷിക്കേണ്ടി വന്നു. ഇതിെൻറ പേരില്‍ കുടുംബത്തിലെയും സമൂഹത്തിലെയും പല ചടങ്ങുകളിൽ നിന്നും അവഗണിക്കപ്പെട്ടു. എന്നിട്ടും തളരാതെ പിടിച്ചുനിന്നു.
രാധാമണി ആറു വര്‍ഷം എ.ഡി.എസ് ചെയര്‍പേഴ്സനായും ആറുവര്‍ഷം സി.ഡി.എസ് ചെയര്‍പേഴ്സനായും സേവനമനുഷ്ഠിച്ചു. കൂടാതെ, ആലപ്പുഴ ജില്ലയില്‍ സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തില്‍ മൂന്നാംസ്ഥാനം കരസ്ഥമാക്കാനും സാധിച്ചു. ഉപജീവനം നടത്തുന്നതിന് ഇപ്പോള്‍ കൃഷിയില്‍ കൂടുതല്‍ സമയം ചെലവഴിച്ചുവരുന്നു. രണ്ട് മക്കളില്‍ ഇളയ മകന് തിരക്കഥാകൃത്തായി മാറിക്കഴിഞ്ഞു. ഒരു കാലത്ത് മാറ്റിനിര്‍ത്തിയ എല്ലാ സംഘടനകളും ഇന്ന് രാധാമണിയെ പരിപാടികളില്‍ പങ്കെടുക്കാൻ ക്ഷണിക്കുന്നുണ്ട്. തനിക്ക് ലഭിക്കുന്ന വിധവ പെന്ഷന് സ്വന്തമായി എടുക്കാതെ പ്രദേശത്തു തന്നെയുള്ള ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍ക്കായി നല്‍കുകയാണ് രാധാമണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.