വുമൺ വിത്ത് കാമറ
text_fieldsകാമറ കൊണ്ട് പലതും സാധിക്കുമെന്ന് തെളിയിക്കുകയാണ് മലപ്പുറം മുണ്ടുപറമ്പ് സ്വദേശിനി ഷെറിൻ ജബ്ബാർ. ഇൻസ്റ്റഗ്രാമിൽ അനേകം ഫോളോവേഴ്സ് ഉള്ള ഷെറിന്റെ നൂതന ആശയങ്ങൾതന്നെയാണ് മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമാക്കുന്നത്. ഷെറിൻ ജബ്ബാർ പറയുന്നു...
മുന്നേറണമെന്ന് തോന്നിപ്പിച്ച നെഗറ്റിവ് കമന്‍റുകൾ
ഇൻസ്റ്റഗ്രാമിൽ കൗതുകത്തിനായി എന്‍റെയൊരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നു. ആദ്യത്തെ സെൽഫ് ഫോട്ടോ ആയിരുന്നു അത്. കമന്‍റുകൾ കുറെ വന്നു, പലതും നെഗറ്റിവ്. ഒരാൾ നിരന്തരം നെഗറ്റിവ് കമന്‍റുകൾ ഇട്ടുകൊണ്ടേയിരുന്നു, അസഭ്യവും. ഉടൻ പൊലീസിനെ സമീപിച്ചു. അനുകൂല സമീപനമുണ്ടായില്ല.
ഒന്നുകിൽ പോസ്റ്റ് പിൻവലിക്കുക, അല്ലെങ്കിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യുക എന്ന ഒാപ്ഷനാണ് പൊലീസ് തന്നത്. രണ്ടിനും ഞാൻ ഒരുക്കമല്ലായിരുന്നു. എന്നാൽ, പിൻവാങ്ങാൻ ഉദ്ദേശിച്ചില്ല. വീണ്ടും സ്വന്തം ഫോട്ടോകൾ ഇട്ടുതുടങ്ങി. പതിെയപ്പതിയെ പോസിറ്റിവ് റെസ്പോൺസുകൾ വന്നുതുടങ്ങി. പിന്നീട് ഫോട്ടോഗ്രഫിയെക്കുറിച്ചും കാമറയെക്കുറിച്ചുമൊക്കെ പഠിക്കാൻ ശ്രമിച്ചു. അങ്ങനെയാണ് ഇൻസ്റ്റഗ്രാമിൽ ഇടമുണ്ടാക്കുന്നത്.
തുടക്കം മൊബൈൽ ഫോണിലൂടെ
പെരിന്തൽമണ്ണ എം.ഇ.എ എൻജിനീയറിങ് കോളജിൽ എം.ടെക് ഇൻ കമ്പ്യൂട്ടർ സയൻസ് അസി. പ്രഫസറായിരുന്നു. ആകസ്മികമായി ജോലിയിൽനിന്ന് കുറച്ചുകാലത്തേക്ക് അവധിയെടുക്കേണ്ടിവന്നു. മക്കളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ അത് പ്രയോജനപ്പെട്ടു. എന്നാൽ, പലപ്പോഴും ഏകാന്തത അലട്ടിക്കൊണ്ടിരുന്നു. എന്തെങ്കിലും ചെയ്യണമെന്ന് ചിന്തിച്ചപ്പോഴാണ് സെൽഫ് പോർട്രേറ്റ് എന്ന ആശയം മനസ്സിൽ മുളപൊട്ടിയത്.
അങ്ങനെ സ്വന്തം മൊബൈൽ ഫോണിൽ ഫോട്ടോയെടുത്തുതുടങ്ങി. ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റുകൾ നിറഞ്ഞുതുടങ്ങി. കഴിഞ്ഞ രണ്ടുമൂന്ന് വർഷം മുമ്പുവരെ ഫോട്ടോഗ്രഫി എന്താണെന്നുപോലും അറിയാത്ത ഒരാളായിരുന്നു. എന്നാലിന്ന് പലരും പറയുന്നുണ്ട് ‘ഫോട്ടോസ് കൊള്ളാം, നിലവാരമുണ്ട്’ എന്നൊക്കെ. പിന്നെ വിചാരിച്ചു, ഇതുമായി മുന്നോട്ടുപോകാമെന്ന്.
ഫുഡ് ഫോട്ടോഗ്രഫി
വീട്ടിലിരിക്കുമ്പോൾ ഭക്ഷണം തയാറാക്കുന്നത് ഫോ ട്ടോഗ്രഫിയിലൂടെ പരീക്ഷിച്ചതാണ് ആദ്യത്തെ മൂവ്മെന്‍റ്. അത് വിജയിച്ചപ്പോൾ റീൽസിലേക്കു മാറി. പിന്നീട് മലപ്പുറത്തെ വലിയൊരു ഹോട്ടലിന്‍റെ വർക്ക് ലഭിച്ചു. അപ്പോഴാണ് മനസ്സിലായത് ഞാനെടുത്ത ഫോട്ടോകളിൽ എന്തൊക്കെയോ ഉണ്ട് എന്ന്. അങ്ങനെ ഫോട്ടോഗ്രഫിതന്നെയാണ് എന്‍റെ മേഖലയെന്ന് തീരുമാനിച്ചു. വ്ലോഗിങ് കാമറ വാങ്ങി കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ മുന്നേറി. കുടുംബത്തിൽനിന്ന് ആദ്യം പിന്തുണ കുറവായിരുന്നു.
അധ്യാപക ജോലി കളഞ്ഞ് ഒട്ടും ജോലിസ്ഥിരതയില്ലാത്ത മേഖലയിലേക്ക് പോകണോ എന്ന് മാതാപിതാക്കളൊക്കെ ചോദിച്ചു. എന്നാൽ, മനസ്സിനെ ഉറപ്പിച്ചുനിർത്തി. പ്രതിസന്ധികളെ മുന്നേറണമെന്നത് മനസ്സിൽ ഉരുവിട്ടുകൊണ്ടിരുന്നു. സെൽഫ് പോർട്രേറ്റിനാണ് കൂടുതൽ കാഴ്ചക്കാരെ ലഭിച്ചത്. കൂടാതെ ബിഹൈൻഡ് ദ സീൻസും ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ഇതിനൊക്കെ ആളുകളുടെ പോസിറ്റിവ് റെസ്പോൺസ് കിട്ടിയപ്പോഴാണ് പുറത്തുനിന്നുള്ള ഓഫറുകൾ സ്വീകരിക്കാൻ ധൈര്യമായത്. പിന്നെ ഫോട്ടോഗ്രഫി എങ്ങനെ ബിസിനസാക്കാം എന്നും പഠിക്കാനായി.
ഭർത്താവിന്‍റെയും മക്കളുടെയും കാര്യങ്ങൾ മാത്രം നോക്കി ജീവിക്കുന്നതിനപ്പുറത്തേക്ക് സ്വന്തം കഴിവുകൾകൊണ്ട് മുന്നേറാൻ സാധിക്കുക എന്നത് വലിയ കാര്യമായി തോന്നുന്നു. എന്ത് നേടാൻ ആഗ്രഹിച്ചാലും അതിലേക്ക് എത്തിപ്പെടാൻ സാധിക്കുമെന്നതാണ് എന്‍റെ ജീവിതം എന്നെത്തന്നെ പഠിപ്പിച്ചത്.
ന്യൂബോൺ ഫോട്ടോഗ്രഫി
ന്യൂബോൺ ഫോട്ടോഗ്രഫിയാണ് ഇപ്പോൾ കൂടുതലായും ചെയ്യുന്നത്. പിഞ്ചുകുഞ്ഞുങ്ങളുടെ സമയത്തിനനുസരിച്ചാണ് നമ്മൾ ജോലി ചെയ്യേണ്ടത്. അധിക സമയവും അവർ ഉറക്കത്തിലാവും. ഇതിനിടയിൽ അവരെ ഉണർത്താതെയും കരയിപ്പിക്കാതെയും വേണം ഫോട്ടോയെടുക്കാൻ. അതുകൊണ്ട് നല്ല ക്ഷമ വേണം. ബംഗളൂരുവിൽ ന്യൂബോൺ ബേബി ഫോട്ടോഗ്രഫി ശിൽപശാലയിൽ പങ്കെടുത്തിരുന്നു.
‘രുചി’ ചിത്രങ്ങൾ
മാധ്യമം 2021ൽ പ്രസിദ്ധീകരിച്ച രുചി മാഗസിനിന്‍റെ കവർ ഫോട്ടോ ഒരിക്കൽ വന്നത് എന്‍റെ സെൽഫ് പോർട്രേറ്റ് ആയിരുന്നു. ലോകമൊട്ടാകെയുള്ള ആളുകൾ ശ്രദ്ധിക്കപ്പെടാനുള്ള അവസരമാണ് അതിലൂടെ ഉണ്ടായത്. ഫോട്ടോഗ്രഫികൊണ്ടുണ്ടായ വലിയൊരു നേട്ടംകൂടിയായിരുന്നു അത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.