തീർഥാടക സേവനം അഭിമാനം -വനിത ട്രെയിൻ ഡ്രൈവർമാർ
text_fieldsജിദ്ദ: മക്കയ്ക്കും മദീനക്കുമിടയിലെ ഹറമൈൻ ട്രെയിൻ ഓടിച്ച് സന്ദർശകർക്കും തീർഥാടകർക്കും സേവനംചെയ്യാൻ കഴിയുന്നത് വലിയ അഭിമാനമായി കാണുന്നുവെന്ന് പുതുതായി നിയമിതരായ വനിത ട്രെയിൻ ഡ്രൈവർമാർ. സൗദി പ്രസ് ഏജൻസിയുടെ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇവർ. സൗദി ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റെയിൽവേയിൽ 12 മാസത്തെ പരിശീലനം പൂർത്തിയാക്കിയാണ് ഇവർ ഹറമൈൻ ട്രെയിനിൽ ജോലിയിൽ പ്രവേശിച്ചിരിക്കുന്നത്. 32 പേരാണ് പരിശീലനം പൂർത്തിയാക്കിയത്.
കഴിഞ്ഞ ജനുവരിയിൽ ‘സെർബ്’ ഇൻസ്റ്റിറ്റ്യൂട്ട് റിക്രൂട്ട്മെൻറിനെ കുറിച്ച് പ്രഖ്യാപനം നടത്തിയത് മുതൽ അപേക്ഷിക്കാൻ വലിയ താൽപര്യമാണുണ്ടായതെന്ന് ഡ്രൈവർമാരിൽ ഒരാളായ സറാഅ് അലി അൽസഹ്റാനി പറഞ്ഞു. വ്യക്തിഗത അഭിമുഖവും എഴുത്തുപരീക്ഷയും നടത്തിയാണ് റിക്രൂട്ട്മെൻറ്. അങ്ങനെ സൗദി വനിത ട്രെയിൻ ഡ്രൈവർമാരുടെ ആദ്യ ബാച്ചിൽ ഒരാളായി ചേരാൻ എനിക്ക് അവസരം ലഭിച്ചു. ഇതിലൂടെ എന്റെ രാജ്യത്തെ സേവിക്കാനുള്ള അഭിലാഷമാണ് സഫലമായിരിക്കുന്നതെന്നും സറാഅ് പറഞ്ഞു.
ഉംറ നിർവഹിക്കുന്നവരും സന്ദർശകരും ഉൾപ്പെടെ പുണ്യഭവനത്തിലേക്ക് വരുന്ന തീർഥാടകർക്ക് സേവനം നൽകുന്ന അൽഹറമൈൻ ട്രെയിൻ ഉൾപ്പെടെ രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കാൻ എന്നെ പ്രാപ്തമാക്കിയത് സ്ത്രീകൾ കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കാൻ മുന്നോട്ടുവന്ന ഭരണകൂടമാണെന്ന് റെതീലാ യാസർ നജ്ജാർ പറഞ്ഞു. തീർഥാടകരെ സേവിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തിനാണ് എല്ലാവരും പ്രവർത്തിക്കുന്നത്. റെയിൽവേ മേഖലയിലും മറ്റ് മേഖലകളിലും പ്രവർത്തിക്കാനും ഒരൊറ്റ ടീമായി അടിസ്ഥാനകാര്യങ്ങൾ പഠിക്കാനും താൽപര്യമുള്ളവരാണ് ഞങ്ങളെന്നും റെതീല പറഞ്ഞു.
ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശീലകരുടെ തുടർച്ചയായ മേൽനോട്ടവും പെൺകുട്ടികളെ ഈ മേഖലയിൽ ജോലിചെയ്യാൻ യോഗ്യരാക്കുന്നതിൽ അവർ വഹിച്ച പങ്കും ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കാനും ബുദ്ധിമുട്ടുകൾ തരണംചെയ്യാനും ഞങ്ങളെ പ്രാപ്തമാക്കുന്നുവെന്ന് റനീം തലാൽ അസൂസ് പറഞ്ഞു. തീർഥാടകരെയും ഉംറ നിർവഹിക്കുന്നവരെയും സന്ദർശകരെയും സേവിക്കുന്നത് ഹറമൈൻ ട്രെയിനിൽ പ്രവർത്തിക്കാനുള്ള വലിയ പ്രചോദനമാണെന്നും റനീം സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.