പിപലാന്ദ്രി: ഇന്ത്യയിലെ പെണ്ണരശ് നാട്
text_fieldsശ്യാം സുന്ദർ പലിവാൽ തൊണ്ടിൽ ഉറക്കെ മേടിയതിനു പിന്നാലെ ശോണവർണത്തിലുള്ള വിത്തുകൾ തുള്ളികളായി പെയ്തു. അവ കൈവെള്ളയിൽ ചേർത്തുപിടിച്ച്, പരിശോധനക്കായി എനിക്കു നേരെ വെച്ചുനീട്ടി.
ഈ ചെടിയിൽ നിന്ന് ലഭിക്കുന്ന സിന്ദുരമാണ് മതപര, സൗന്ദര്യവർധക ആവശ്യങ്ങൾക്കായി ഇന്ത്യയിൽ വ്യാപകമായി നെറ്റിയിൽ ചാർത്തുന്നത്. പ്രദേശത്ത് പൊതുവെ ഈ ചെടികൾ വളരാറില്ല. പക്ഷേ, രാജസ്ഥാനിൽ പരസ്പരം ഇഴചേർന്നു നിൽക്കുന്ന ആറു ഗ്രാമങ്ങളിെലാന്നായ പിപലാന്ദ്രിയിൽ അടുത്തായി ഇത് ഇടതൂർന്ന് വളരുന്നു.
അതിന്‍റെ കഥ വിശദമായി തന്നെ പറയാം. സർപഞ്ച് അഥവാ ഗ്രാമമുഖ്യനായി പാലിവാൽ ചുമതലയേൽക്കുന്ന 2005ൽ മാർബ്ൾ വ്യവസായം പതിയെ ഈ മലനിരകളിൽ നിന്ന് കുടിയിറങ്ങിയിരുന്നു. പരിസരങ്ങൾ ഉണങ്ങിക്കടിച്ചു നിൽപാണ്. പൊഴിഞ്ഞ് ഉണങ്ങുകയാണ് തരുലതാദികൾ. ഇന്ത്യയിൽ മറ്റു ചിലയിടങ്ങളെ പോലെ പെൺകുട്ടികളെ സാമ്പത്തിക ഭാരമായി ഇവിടെയും കുടുംബങ്ങൾ വിശ്വസിച്ചു പോന്നു. പിതാക്കൾക്കൊപ്പം അധ്വാനിക്കുന്ന ആൺകുട്ടികളോളം അവർക്ക് വിലയുണ്ടാകില്ലെന്നത് സ്വാഭാവികം.
അങ്ങനെ, 2007ൽ പാലിവാലിന്‍റെ 17കാരിയായ മകൾ കിരൺ നിർജലീകരണം ബാധിച്ച് മരണത്തിന് കീഴടങ്ങുന്നു. ഹൃദയം തകർന്ന കുടുംബം അവളുടെ ഓർമക്കായി ഗ്രാമത്തിന്‍റെ പ്രവേശന കവാടത്തിൽ കിരണിന്‍റെ പേരിട്ട് ഒരു ചെടി നട്ടു. താൻ ചെയ്ത സുകൃതം എന്തുകൊണ്ട് എല്ലാവരിലേക്കും പടർന്നുകൂടാ എന്നായി സർപഞ്ച് പാലിവാലിന്‍റെ അടുത്ത ചിന്ത. ഗ്രാമീണർ അത് ഏറ്റെടുക്കുകയും ചെയ്തു. പിപലാന്ദ്രിയിൽ ഇപ്പോൾ ഒരു പെൺകുഞ്ഞ് പിറന്നാൽ 111 ചെടികൾ മണ്ണിലമർന്ന് പുതിയ ജീവിതം തുടങ്ങും. മതപരമായി സവിശേഷമാണ് അവർക്ക് ഈ അക്കം. ഈ ചെടികൾ പെൺകുഞ്ഞുങ്ങൾക്ക് ആദരം മാത്രമല്ല, പരിസരത്തിന് ഉണർവുമാണ്.
'ഒരു പെൺകുട്ടിയുടെ പേരിലാവാമെങ്കിൽ എന്തുകൊണ്ട് എല്ലാ പെൺകുട്ടികളുടെ പേരിലുമായിക്കൂടാ?''- പാലിവാൽ ചോദിക്കുന്നു. പരിസരത്തിപ്പോൾ മൂന്നര ലക്ഷം ചെടികളുണ്ട്. മുമ്പ് ഊഷരമായി കിടന്ന 1,000 ഹെക്ടറിൽ മാങ്ങയും നെല്ലിക്കയും ചന്ദനവും ആര്യവേപ്പും ബോധിയും മുതൽ മുള വരെ സമൃദ്ധമായുണ്ട്. പിപലാന്ദ്രി തുടക്കമിട്ട ലളിതമായ ആശയം അടുത്തിടെ പ്രവിശാലമായ ഒരു പരിസ്ഥിതി- ഫെമിനിസ്റ്റ് പ്രസ്ഥാനത്തിലേക്ക് വളർന്നു. ചെടികൾ മാത്രമല്ല ഇവിടെ വളരുന്നത്, വലിയ ആശയങ്ങൾ കൂടിയാണ്. പെൺകുട്ടികളെ 18 വയസ് തികയാതെ, സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാതെ വിവാഹം ചെയ്തു നൽകില്ലെന്ന് പെൺകുട്ടികളുടെ രക്ഷിതാക്കൾ സത്യവാങ്മൂലം സമർപിക്കുന്നതാണ് അതിലൊന്ന്. 18 വയസ്സായാൽ പിൻവലിക്കാവുന്ന ഫിക്സഡ് ഡെപോസിറ്റായി 31,000 രൂപ മകളുടെ പേരിൽ അക്കൗണ്ട് തുറന്ന് നിേക്ഷപിക്കുന്നതാണ് മറ്റൊന്ന്. വിദ്യാഭ്യാസത്തിനോ വിവാഹത്തിനോ അവൾക്ക് അത് ഉപയോഗിക്കാം. അതിലേറെ, പച്ചയുടുത്തുനിൽക്കുന്ന പിപലാന്ദ്രി ഗ്രാമമിപ്പോൾ രാജ്യത്തെ എങ്ങനെ ഹരിതാഭമാക്കാമെന്നും ജലം എങ്ങനെ കൈകാര്യം ചെയ്യാമെന്നും കാണിച്ചുതരുന്ന ജീവത്തായ പാഠമാണ്.
ഇലകൾ കുമിഞ്ഞു കിടക്കുന്ന താഴ്ഭാഗത്തു കൂടി- പാമ്പിനെയും തേളിനെയും കരുതണമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു- പാലിവാലിനൊപ്പം നടന്നെത്തിയത് ഗ്രാമ പ്രവേശനത്തിലെ അത്ര തടിയില്ലാത്ത ഒരു കദമ്പ് മരത്തിനടുത്താണ്. ആദ്യമായി അദ്ദേഹം നട്ട ചെടിയാണിത്. ചുറ്റും വേരുപടർത്തി അനേകം ചെടികൾ വേറെയുമുണ്ടിപ്പോൾ.
പിറന്ന പെൺകുഞ്ഞിനായി ഓരോ വർഷവും 111 ചെടികൾ നടന്നതിനൊപ്പം മൺസൂൺ കാലമായ ആഗസ്റ്റിൽ തൊട്ടുമുമ്പുള്ള 12 മാസത്തിൽ പിറന്ന പെൺകുട്ടികൾക്കായി പ്രത്യേക ചെടി നടീൽ മാമാങ്കവും നടത്തിവരാറുണ്ട്. 5,500 അംഗങ്ങളുള്ള കുടുംബത്തിൽ ഓരോ വർഷവും 60ഓളം പെൺകുട്ടികൾ പിറക്കാറൂണ്ടെന്ന് പാലിവാൽ പറയുന്നു. മുതിർന്ന െപൺകുട്ടികൾ രക്ഷാബന്ധൻ ഉത്സവ ദിനത്തിൽ തങ്ങളുടെ സ്വന്തം ചെടികൾക്ക് രാഖി കെട്ടുന്ന പതിവുമുണ്ട്. ഇതേ ദിവസം, ഗ്രാമം കാണാനെത്തുന്ന മറ്റു സർപഞ്ചുമാരെ പേരാൽ മരത്തിനു ചാരെഇരുത്തി പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുപ്പിക്കുന്നതും പതിവ്.
''ചരിത്രപരമായി ഈ ഗ്രാമം പോരാളികൾക്കു പേരുകേട്ടതാണ്. ഒരിക്കലും തോൽവി സമ്മതിക്കാത്തവർ. അതുകൊണ്ട് ഞങ്ങളും കീഴടങ്ങില്ല''- പാലിവാൽ പറയുന്നു. അനുബന്ധമായി പഴയകാല രാജാക്കന്മാരുടെ പേരുകളും നിരത്തുന്നു, അദ്ദേഹം. ''അന്നവർ പൊരുതി ജയിച്ചത് ആക്രമണങ്ങളെയാണ്, ഇന്നിപ്പോൾ രോഗത്തോടും പരിസ്ഥിതി മലിനീകരണത്തോടുമാണ് പോരാട്ടമെന്ന വ്യത്യാസം മാത്രം''. പിപലാന്ദ്രിയിൽ മര സമൃദ്ധിയായതോടെ, ഭൂഗർഭ ജലവും ഉയർന്നിട്ടുണ്ട്. സ്ത്രീകളുടെ പദവി കൂടിയതാണ് അതിലേറെ വലിയ കാര്യം. 14 കാരിയായ നികിത പാലിവാൽ (ശ്യാം സുന്ദറിന്‍റെ ബന്ധുവല്ല) സ്വന്തം പേരിൽ ചെടി നട്ട ആദ്യകാല പെൺകുട്ടികളിൽ ഒരുവളാണ്. അവൾക്കിപ്പോൾ ഡോക്ടറാകാനാണ് മോഹം. ''നാം സ്വന്തം കാലിൽ നിൽക്കാൻ ശേഷിയുള്ളവരാകണം''- അവൾ പറയുന്നു.
''നിരന്തരം കർമ മുഖത്തുണ്ടെങ്കിൽ ഫലം തീർച്ച. കൂടെ ജനമുണ്ടാകും''- ശ്യാം സുന്ദറിന്‍റെ വാക്കുകൾ. സത്യമായും ഒരു ഗ്രാമം തന്നെ കൂടെയുണ്ട്. അന്ന് രാവിലെ ഒരു സംഘം സ്ത്രീകൾ ചെടി നടാനായി തടെമാരുക്കുന്ന തിരക്കിലാണ്. വർഷത്തിൽ ഒരിക്കലേ ചടങ്ങായി ചെടി നടൽ നടക്കൂ എങ്കിലും ഒരുക്കങ്ങൾ വർഷം മുഴുവനുണ്ടാകും. തിളക്കമുള്ള ചുവന്ന സാരിയുടുത്ത നാനുഭായ് പാലിവാൽ പറയുന്നത്, തനിക്ക് രണ്ട് ആൺമക്കളാണെങ്കിലും ഇപ്പോൾ കൊച്ചുമക്കളായെങ്കിലും പെൺകുട്ടികൾ ഉണ്ടാകാനുള്ള പ്രാർഥനയിലാണെന്നാണ്.
''മുമ്പ് അവർ ഭാരമായാണ് ഗണിക്കപ്പെട്ടിരുന്നത്. ഇപ്പോൾ എല്ലാം മാറി''- അവർ പറയുന്നു. ആൺകുട്ടികൾ വേണമെന്ന് കുടുംബങ്ങൾക്കിപ്പോൾ നിർബന്ധങ്ങളില്ല. ചുറ്റും പടർന്നുകിടക്കുന്ന മരങ്ങളിലേക്ക് കണ്ണുപായിച്ച് നാനുഭായി ഓർമിപ്പിക്കുന്നു. ഒരു കൊച്ചുഗ്രാമമായിരുന്നിടത്തു നിന്ന് വളർന്ന് തൊഴിലും വരുമാനവും നൽകുന്ന അവസ്ഥയിലേക്ക് പിപലാന്ദ്രി മാറിയതും അവർ ഓർക്കുന്നു.
പെൺകുട്ടികളെ ആദരിക്കുകയും പരിസ്ഥിതി സംരക്ഷണവും മാത്രമല്ല, വനവത്കരണവും കുടുംബങ്ങൾക്ക് വരുമാന വർധനയുമൊക്കെയായി ഈ ഗ്രാമീണ പദ്ധതി വളർച്ച പ്രാപിച്ചിരിക്കുന്നു. എല്ലാവർക്കും വ്യവസായ ലോകത്ത് തൊഴിൽ ലഭിക്കാൻ സാധ്യത കുറവാണെന്ന് ശ്യാം സുന്ദർ പറയുന്നു. പ്രകൃതി വിഭവങ്ങളിൽ നിന്ന് തൊഴിൽ കണ്ടെത്തുകയാണ് ലക്ഷ്യം.
വനിതകൾക്കായി സഹകരണ സ്ഥാപനങ്ങൾ ഗ്രാമത്തിൽ ആരംഭിച്ചുകഴിഞ്ഞു. കറ്റാർ വാഴയിൽ നിന്ന് ജ്യൂസ്, ഭക്ഷ്യ വിഭവങ്ങൾ, ജെല്ലുകൾ തുടങ്ങിയവ ഉണ്ടാക്കി വിൽപനയാണ് ആദ്യപടിയായി തുടങ്ങിയത്. നെല്ലിക്ക, മുള, തേൻ തുടങ്ങിയവ കൂടി ഇതിന്‍റെ ഭാഗമാക്കാൻ പദ്ധതിയുണ്ട്. അതിന് ചെടികൾ നട്ടുകഴിഞ്ഞു. ഗ്രാമത്തിൽ ജനിക്കുന്നവർക്കായി മാത്രമല്ല, മരണം നടന്നാലും ചെടി നടുന്ന പതിവുണ്ട്. 11 ചെടികളാണ് മരിച്ചവരുടെ ഓർമ പേറി ഉയിരെടുക്കുക. മുമ്പ് ഖനനത്തിനായി വ്യാപകമായി കൈയേറി പിന്നീട് വിേട്ടച്ചുപോയ പൊതു സ്ഥലങ്ങളിലാണ് ഇവ നടുക. 'ഖനനം നടന്ന ഇടങ്ങളെല്ലാം നാമാവശേഷമായിട്ടുണ്ട്''- അദ്ദേഹം പറയുന്നു. മണ്ണിനെ വീണ്ടെടുക്കാനാണ് നാടിന്‍റെ കൂട്ടായ ശ്രമം.
ജലമൊഴുകുന്ന നാടായി മാറ്റിയെടുക്കൽ കൂടി അതിന്‍റെ ഭാഗമായി നടക്കുന്നുണ്ട്. കുഴിയെടുത്തും ബണ്ടും കൊച്ചുഅണക്കെട്ടും നിർമിച്ചുമാണ് ജല സംരക്ഷണത്തിന്‍റെ ഒന്നാം പർവം. 'പിപലാന്ദ്രി മോഡൽ' സംസ്ഥാനമൊട്ടുക്കും വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ട് 2018ൽ രാജസ്ഥാൻ സർക്കാർ പ്രത്യേക പരിശീലന കേന്ദ്രം തുടങ്ങിയിരുന്നു. മറ്റു ജില്ലക്കാരായ എഞ്ചിനിയർമാർ, ഉദ്യോഗസ്ഥർ, താമസക്കാർ എന്നിവരടങ്ങിയ സംഘം നേരിട്ടെത്തിയാണ് പിപലാന്ദ്രിയുടെ സാധ്യതകൾ പഠിക്കുന്നത്. ഗ്രാമത്തിലിപ്പോൾ ശരാശരി ഒരു ദിവസം 50, 60 സന്ദർശകരുണ്ടാകും.
ഗ്രാമത്തിന്‍റെ പ്രകൃതി സ്നേഹം എല്ലായിടത്തും കാണാം. അന്ന് ഉച്ചകഴിഞ്ഞ്, പ്രദേശവാസിയായ പ്രേം ശങ്കർ സൽവി സ്വന്തം പത്നിക്കും ഒരു വയസുകാരിക്കുമൊപ്പം ഗ്രാമ മധ്യത്തിലെത്തി കേക്ക് മുറിക്കുന്നതു കണ്ടു. ചോദിച്ചപ്പോൾ മകളുടെ ജന്മദിനം പ്രകൃതിക്കു നടുവിലാക്കാൻ തീരുമാനിച്ചെന്നു പറഞ്ഞു. സാൽവിക്ക് മകളെ സ്കൂളിൽ ചേർക്കണം. പ്രൈമറി തലത്തിൽ അത് സൗജന്യമാകും. ഇവിടെ മാത്രം സർക്കാർ നടത്തുന്ന ഒമ്പത് ഗ്രാമീണ സ്കൂളുകളുണ്ട്. അതിലൊന്നിൽ പെൺകുട്ടികളും ആൺകുട്ടികളും തമ്മിലെ അനുപാതം 33: 19 ആണ്. ഒരു പെൺകുട്ടിയും ഇപ്പോൾ പാതിവഴിയിൽ നിർത്തി പോകാറില്ല. ജാതിയും മറ്റു പശ്ചാത്തലവും വിഷയമാകാറുമില്ല. സ്കൂൾ പ്രിൻസിപ്പൽ ഗിരിധരിലാൽ ജാട്ടിയയുടെ വാക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.