അനീതിക്കും അക്രമത്തിനുമെതിരെ ആറാം ക്ലാസുകാരിയുടെ കവിതകൾ
text_fieldsഫുജൈറ: സമൂഹത്തിൽ നടക്കുന്ന തിന്മകൾക്കും അനീതികൾക്കും എതിരെ പേനകൊണ്ട് പ്രതിഷേധം അറിയിക്കുകയാണ് ഫാത്തിമ ശെസ്സ എന്ന ആറാം ക്ലാസുകാരി. ഇതുവരെ വിവിധ വിഷയങ്ങളിലായി ഇരുപതോളം കവിതകള്‍ എഴുതിയിട്ടുണ്ട്. ഉത്തർപ്രദേശിലെ ഹാഥറസിൽ പെൺകുട്ടിക്ക് നേരെയുണ്ടായ വേട്ടയെ കുറിച്ചായിരുന്നു അവസാനം എഴുതിയ കവിത (And now thousand speak for me).
അസമിലെ ന്യൂനപക്ഷത്തിനെതിരെയുള്ള പൗരത്വ പ്രശ്നം, ഇന്ത്യയിൽ സ്ത്രീകൾക്കുനേരെ നടക്കുന്ന അക്രമങ്ങൾ, അമേരിക്കയിൽ കറുത്തവർഗക്കാർക്കു നേരെയുണ്ടായ അക്രമങ്ങൾ തുടങ്ങി പലവിഷയങ്ങളിലും ഫാത്തിമ ഇതിനകം കവിതകൾ രചിച്ചിട്ടുണ്ട്. കേരളത്തിലെ വെള്ളപ്പൊക്കവും ബൈറൂത്തിലെ സ്ഫോടനവുമെല്ലാം ഫാത്തിമയുടെ കവിതകളായി.
എട്ടാം വയസ്സ് മുതലാണ് ഫാത്തിമ കവിതയെഴുത്തിനു തുടക്കം കുറിച്ചത്. കുടുംബ സുഹൃത്തിെൻറ പെട്ടെന്നുള്ള മരണം ആദ്യ കവിതയെഴുതാൻ പ്രേരകമായി. ഇംഗ്ലീഷ് ഭാഷയിലാണ് ഫാത്തിമ കവിതകൾ എഴുതുന്നത്. 'ദ ഗിഫ്റ്റ് ഓഫ് ഗോഡ്' എന്ന കവിതയിൽ പുഞ്ചിരിക്ക് പല നിർവചനങ്ങൾ നൽകിയത് കാണാം. ചിരിക്കുക എന്നത് ദൈവം നൽകിയ വരദാനം ആണെന്നും അതിന് ലോകം മുഴുവൻ സമാധാനം നൽകാനുള്ള കഴിവുണ്ടെന്നും ഫാത്തിമ പറയുന്നു. യു.എ.ഇ സഹിഷ്ണുത വർഷവുമായി ബന്ധപ്പെട്ട് എഴുതിയ 'വൺ ആസ് ഹ്യൂമൻ' എന്ന കവിതയിൽ ജാതി മത ലിംഗ വർണ വ്യത്യാസമില്ലാതെ ലോകത്തെ മനുഷ്യരെല്ലാം തുല്യരാണെന്നും ഒന്നിച്ചുനിന്നാൽ പലതും നേടാനാവുമെന്നും സഹിഷ്ണുതയുടെ ഉത്തമ ഉദാഹരണമാണ് യു.എ.ഇ എന്നും പറഞ്ഞുവെക്കുന്നു. പ്രായത്തെക്കാൾ പക്വതയുള്ള വിഷയങ്ങളാണ് ഫാത്തിമ തിരഞ്ഞെടുക്കുന്നത്.
കവിതകൾ ഉൾപ്പെടുത്തിയ ചെറിയ പുസ്തകം തയാറാക്കി ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്യുക എന്നതാണ് തെൻറ സ്വപ്നമെന്ന് ഫുജൈറ ഒൗർ ഓൺ സ്കൂൾ വിദ്യാർഥിയായ ഫാത്തിമ പറയുന്നു. കവിതാരചനയോടൊപ്പം ചിത്രകലയും വായനയും ഇഷ്ടപ്പെടുന്ന ഫാത്തിമ പ്രസംഗിക കൂടിയാണ്. മലപ്പുറം കോട്ടക്കല്‍ കുഴിപ്പുറം സ്വദേശി സിറാജുദ്ദീെൻറയും അസ്മാബിയുടെയും മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.