പവർ പ്രസന്ന
text_fieldsപവർലിഫ്റ്റിങ് മത്സരത്തിൽ ദേശീയജേത്രിയായ മലപ്പുറം വള്ളിക്കുന്ന് സ്വദേശി പ്രസന്ന പറയുന്നു, തന്റെ ജീവിതയാത്രയെക്കുറിച്ച്
കഴിഞ്ഞുപോയ ഇന്നലെകൾക്കോ വരാനിരിക്കുന്ന നാളെകൾക്കോ അല്ല. ഇന്ന് നമ്മിലൂടെ കടന്നുപോകുന്ന നിമിഷങ്ങളെ ആസ്വദിക്കാൻ കഴിഞ്ഞാൽ അതാണ് ഭംഗി. പവർലിഫ്റ്റിങ് മത്സരത്തിൽ ദേശീയ ജേത്രിയായി മലപ്പുറം വള്ളിക്കുന്ന് സ്വദേശി പ്രസന്നക്ക് പറയാനുള്ളതും ഇതുതന്നെയാണ്.
സീറോ ടു ഗോൾഡ്
പ്രസന്ന ആദ്യമായി പവർലിഫ്റ്റിങ്ങിൽ മത്സരിക്കാനിറങ്ങുന്നത് 2020-21ൽ ആലപ്പുഴയിൽ നടന്ന മാസ്റ്റർ -2 (എം.ടു)വിന്റെ ഓപൺ മത്സരത്തിലാണ്. ജീവിതത്തിലിതുവരെ ഷോട്പുട്ട് കൈകൊണ്ട് തൊടാത്ത തന്നെക്കാത്തിരുന്നത് മൂന്നാം സ്ഥാനം. ശേഷംനടന്ന സംസ്ഥാനതല മത്സരത്തിൽ സ്വർണമെഡൽ ജേത്രിയായി. പിന്നീട് അവിടന്ന് ഒരുപടികൂടി കടന്ന് ആലപ്പുഴയിൽ നടന്ന ദേശീയ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ ജേത്രിയായി. ഇതായിരുന്നു വീട്ടമ്മയായ പ്രസന്നയുടെ തുടക്കം. കരസ്ഥമാക്കിയ വിജയത്തെക്കുറിച്ച് അന്നാരോടും പറഞ്ഞില്ല. ആദ്യമത്സരത്തിൽതന്നെ ദേശീയ മെഡൽ ജേതാവായെന്ന് വിശ്വസിക്കാൻ പ്രസന്നക്കുപോലും ഒരുപാടുസമയം വേണ്ടിവന്നു.
തടി കുറക്കുന്നതിന്റെ ഭാഗമായാണ് ഫിറ്റ്നസ് സെന്ററിൽ എത്തുന്നത്. പരിശീലകൻ സരീഷിന്റെ നിർദേശപ്രകാരമാണ് മത്സരത്തിനിറങ്ങിയത്. പങ്കെടുക്കണമെന്നല്ലാതെ കൂടുതലൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ആദ്യഘട്ടത്തിൽതന്നെ വിജയിച്ചപ്പോൾ പിന്നെ എങ്ങനെയും സ്വർണ മെഡൽ ജേത്രിയാകുക എന്നതായിരുന്നു ലക്ഷ്യം. 2021 -22ലും വിജയം തുടർക്കഥയായി. മഹാരാഷ്ട്രയിലെ ചന്ദ്രപൂരിൽ നടന്ന ദേശീയ മത്സരത്തിൽ വീണ്ടും സിൽവർ മെഡൽ.
ആദ്യമുയർത്തിയത് 80-85 കിലോ, ഡെഡ് ലിഫ്റ്റിൽ 100 കിലോ, പിന്നീട് 40കിലോ ഭാരം. എന്നാൽ, ഇത്തവണ പലരും ഈ വാർത്തയറിഞ്ഞു. നാട്ടുകാരും പൗര സംഘടനകളുമുൾപ്പെടെ സ്വീകരണങ്ങളും അഭിനന്ദനപ്രവാഹങ്ങളും തേടിയെത്തി. ദേശീയ ചാമ്പ്യനായ വ്യക്തിയാണ് പരിശീലകൻ സരീഷ്. 15 വർഷം പവർ ലിഫ്റ്റിങ് മേഖലയിൽ പരിചയസമ്പന്നൻ. നിരവധി പ്രമുഖർ ഇദ്ദേഹത്തിനുകീഴിൽ പവർ ലിഫ്റ്റിങ്ങിൽ ദേശീയ ജേതാക്കളായിട്ടുണ്ട്.
പ്രസന്നയുടെ ഫോട്ടോഷൂട്ട്
കുടുംബം
മുൻ സൈനിക ഉദ്യോഗസ്ഥനാണ് ഭർത്താവ് മോഹൻദാസ്. റിട്ടയേർഡ് ആയതിനുശേഷം വാട്ടർ അതോറിറ്റിയിൽ പ്രവർത്തിച്ചു. രണ്ടു പെണ്മക്കൾ സ്വാതികൃഷ്ണ, കൃഷ്ണപ്രിയ. ഡിഗ്രി പഠനത്തിനുശേഷമായിരുന്നു വിവാഹം. പിന്നീട് ബ്യൂട്ടീഷൻ കോഴ്സിന് ചേർന്നു.പഠനകാലത്ത് കായിക-കായികേതര ഇനങ്ങളോടൊന്നും താൽപര്യമുണ്ടായിരുന്നില്ല. നിലവിൽ ഫറോക്കിൽ ബ്യൂട്ടിപാർലർ നടത്തുന്നു. 15 വർഷമായി ഇതാണ് പ്രവൃത്തിമണ്ഡലം. പരിശീലകയായും പ്രവർത്തിക്കുന്നുണ്ട് ഇപ്പോൾ.
പുതുതായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. കോവിഡിന്റെ കാലത്ത് ഒരു ഷോർട്ട് ഫിലിം ചെയ്തു. പരിചയമുള്ള മേഖലയല്ലെങ്കിൽ കൂടി സുഹൃത്തുക്കളുടെ സഹായത്തോടെ അത് വിജയകരമായി പൂർത്തിയാക്കി. കഴിഞ്ഞവർഷം ശ്രീകൃഷ്ണജയന്തിക്ക് ഒരു ഫോട്ടോ ഷൂട്ടും ചെയ്തു.അത് വൈറലായിരുന്നു. എനിക്ക് പ്രായമായി ഇനി ഒന്നും ചെയ്യാനില്ല, സമയം കഴിഞ്ഞു എന്നു വിചാരിക്കുന്നവരോട് പറയാൻ ഇത്രമാത്രം, മനസ്സാണ് എല്ലാം, ശരീരത്തിന്റെ ഇന്നർ സെൻസ് ആണ് നമ്മെ നയിക്കുന്നത്. ലൈഫിൽ എപ്പോഴും ലൈവ് ആയിരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.