അഗതികളുടെ സംരക്ഷകയായി പ്രീഷിൽഡ
text_fieldsഅടൂര്‍: ജീവിതപരാജയത്തില്‍നിന്ന് അനാഥാലയത്തിന്‍റെ ചുവരുകള്‍ക്കുള്ളില്‍ അഭയംപ്രാപിച്ച് അവിടെനിന്ന് വൈവാഹിക ജീവിതം വീണ്ടും കരുപ്പിടിപ്പിച്ചതിനൊപ്പം അനാഥര്‍ക്ക് ആശ്രയമൊരുക്കിയ വനിതയാണ് പ്രീഷിൽഡ. മുന്നൂറിലേറെ നിരാലംബര്‍ക്ക് ആശ്രയമായി പ്രീഷില്‍ഡ മാതൃക വനിതയായി പ്രവര്‍ത്തിക്കുന്നു.
കൊല്ലം കല്ലട കിഴക്ക് മുട്ടം സ്വദേശി പ്രീഷില്‍ഡ മഹാത്മ ജനസേവനകേന്ദ്രം സെക്രട്ടറിയാണ്. വീട്ടുകാര്‍ കണ്ടെത്തിനല്‍കിയ ജീവിതം പരാജയത്തിന്‍റെ പടുകുഴിയില്‍ അകപ്പെട്ടുപോയപ്പോള്‍ 10 വര്‍ഷം മുമ്പ് പിഞ്ചുകുഞ്ഞുങ്ങളുമായി കൊല്ലം ജില്ലയിലെ അനാഥാലയത്തില്‍ എത്തിപ്പെട്ട പ്രീഷില്‍ഡ അവിടുത്തെ സേവനപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയായി. നഴ്‌സായ പ്രീഷില്‍ഡയുടെ സേവനമികവില്‍ സംതൃപ്തരായ അനാഥാലയം നടത്തിപ്പുകാരില്‍ പ്രധാനിയായ രാജേഷ് തിരുവല്ല പ്രീഷില്‍ഡയെ ജീവിതസഖിയാക്കി. ഇരുവരുടെയും സാമൂഹികപരമായ താല്‍പര്യങ്ങളും പ്രവര്‍ത്തനവും ജീവിതവിജയത്തിന് നിദാനമാകുകയും ചെയ്തു. ഇരുവരും മുന്‍കൈയെടുത്ത് 2014ല്‍ മഹാത്മ ജനസേവനകേന്ദ്രത്തിന് തുടക്കമിട്ടു. പ്രവര്‍ത്തിച്ച സ്ഥാപനങ്ങളിലെ ഒത്തൊരുമയും പിന്തുണയും കൂടിയായപ്പോള്‍ ചിറകൊടിഞ്ഞവര്‍ക്ക് ആശ്രയകേന്ദ്രമായി.
അടൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മഹാത്മക്ക് പിന്നീടുള്ള വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അനുബന്ധ സ്ഥാപനങ്ങളും ഉണ്ടായി. ആരോഗ്യമേഖലയില്‍ നഴ്‌സ് എന്നനിലയില്‍ പ്രീഷില്‍ഡക്കുള്ള കഴിവ് പ്രയോജനപ്പെട്ടു. സ്ഥാപനത്തിലെ അന്തേവാസികളില്‍ കിടപ്പു രോഗികളായിരുന്ന 90 ശതമാനം പേര്‍ക്കും ഉയര്‍ത്തെഴുന്നേല്‍പിന് കാരണമായി പ്രീഷില്‍ഡ മാറി.
ഓരോരുത്തരുെടയും രോഗാവസ്ഥ മുന്‍കൂട്ടി കാണാനും 15ഓളം കുട്ടികള്‍ക്ക് ആശ്രയമായും പ്രായപൂര്‍ത്തിയായ നിരാലംബരുടെ വിവാഹം നടത്തിക്കൊടുക്കുന്നതിനും എല്ലാം മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കാന്‍ ഇവർക്ക് കഴിഞ്ഞു.
കയ്‌പ്പേറിയ അനുഭവങ്ങളില്‍ സങ്കടപ്പെട്ടും നിരാശയായും കഴിയാതെ സാമൂഹിക നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച് ഒടുവില്‍ പുതുജീവിതത്തിലേക്ക്തിരിയാനും ഒപ്പം കുറെ വയോധികരടക്കമുള്ളവരെ ചേര്‍ത്തുനിര്‍ത്തി ഒരു കൂട്ടുകുടുംബമായി കഴിയാനും ഓരോരുത്തരുടെയും അമ്മയായും സഹോദരിയായും മാറാനും പ്രീഷില്‍ഡക്ക് കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.