സൈക്കോളജിക് സൊലൂഷൻ
text_fieldsമാനസിക പ്രശ്നങ്ങൾ മരുന്നുകളുടെ സഹായത്തോടെ ചികിത്സിച്ച് ഭേദമാക്കുന്നവരാണ് മനോരോഗ വിദഗ്ധർ. അതേസമയം, ഇത്തരം പ്രശ്നങ്ങൾ മനഃശാസ്ത്രപരമായി നേരിടുന്നവരാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ.
അത്തരത്തിൽ ജീവിതത്തിൽ പലതരം മാനസിക സംഘർഷങ്ങൾ നേരിടുന്നവരെ സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി പൊതുരംഗത്ത് സജീവമാവുകയാണ് കോഴിക്കോട് സ്വദേശിനിയായ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. അമീന സിത്താര. അമീനയുടെ മോട്ടിവേഷനൽ വിഡിയോകൾ ഇന്ന് സമൂഹമാധ്യമങ്ങളിൽ തരംഗമാണ്.
തുറന്നുപറയണം
''മനുഷ്യന് നിത്യജീവിതത്തിൽ പലതരത്തിലുള്ള മാനസിക വെല്ലുവിളികളാണ് നേരിടേണ്ടി വരുന്നത്. ഒട്ടുമിക്കവരും സമൂഹത്തെ ഭയന്ന് താൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന മാനസിക ബുദ്ധിമുട്ടുകൾ മറ്റാരോടെങ്കിലും പറയാൻ മടിക്കുന്നു. അത്തരത്തിൽ സമൂഹത്തെ ഭയന്ന് തന്റെ പ്രശ്നങ്ങൾ ഉള്ളിലൊതുക്കി ജീവിക്കുന്നവർക്ക് പ്രചോദനമാകണമെന്നാണ് ആഗ്രഹം'' -അമീന പറയുന്നു.
രണ്ടുവർഷം മുമ്പ് ചികിത്സ ആവശ്യപ്പെട്ട് ക്ലിനിക്കിലെത്തിയ 15 വയസ്സുകാരനാണ് സമൂഹമാധ്യമങ്ങളിൽ മോട്ടിവേഷൻ വിഡിയോ ചെയ്തു തുടങ്ങുന്നതിനുള്ള അമീനയുടെ പ്രചോദനം.
അനുഭവിക്കുന്ന പ്രശ്നങ്ങൾ മാതാപിതാക്കളോടും സുഹൃത്തുക്കളോടും പറയാൻ സാധിക്കാതെ ഉള്ളിലൊതുക്കി ജീവിക്കുന്ന നിരവധി കൗമാരക്കാർ സമൂഹത്തിലുണ്ടെന്ന് മനസ്സിലാക്കിയ അമീന, അങ്ങനെയാണ് ഈ വിഷയത്തിൽ ആളുകളിൽ അവബോധം സൃഷ്ടിക്കാൻ ഇറങ്ങിയത്. അങ്ങനയാണ് മോട്ടിവേഷനൽ വിഡിയോകൾ പിറവിയെടുക്കുന്നത്.
സൈബർ ആക്രമണങ്ങൾ
വിഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ അമീനയുടെ കമന്റ് ബോക്സിന് താഴെ എത്തി. മറ്റ് പല വിഷയങ്ങളിലും വിഡിയോ പങ്കുവെച്ചെങ്കിലും ലൈംഗിക വിഷയങ്ങളിൽ ചെയ്ത വിഡിയോകളെ മോശമായി ചിത്രീകരിക്കാൻ ചിലർ ശ്രമിച്ചുകൊണ്ടിരുന്നു. ഇത്തരം ആളുകളുടെ ആക്രമണങ്ങൾ അവർക്ക് നിരന്തരമായി സമൂഹമാധ്യമങ്ങളിലൂടെ അനുഭവിക്കേണ്ടി വന്നു.
ആളുകൾക്ക് ഒട്ടും അറിവില്ലാത്ത വിഷയങ്ങളിൽ അവരിൽ ഒരു അവബോധം സൃഷ്ടിക്കണമെന്ന് ആഗ്രഹിച്ച ഡോക്ടറായ തനിക്ക് സ്ത്രീയായതിന്‍റെ പേരിലും തന്റെ മതത്തിന്‍റെ പേരിലും സമൂഹമാധ്യമങ്ങളിൽനിന്ന് കേട്ടാലറയ്ക്കുന്ന കമന്റുകളാണ് നേരിടേണ്ടി വന്നതെന്ന് അവർ പറയുന്നു. പലരും കുടുംബത്തെപ്പോലും കടന്നാക്രമിക്കാൻ തുടങ്ങി. ഒരു ഘട്ടത്തിൽ ഇത്തരം നെഗറ്റിവ് കമന്റുകൾ ഭയന്ന് വിഡിയോ ചെയ്യുന്നതിൽനിന്ന് പിന്മാറാൻ തീരുമാനിച്ചെങ്കിലും കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ അവർ വീണ്ടും മുന്നോട്ട് വരുകയായിരുന്നു.
ചോദ്യത്തിനുമുന്നിൽ
തുടക്കത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ സംഘടനപോലും അമീനയുടെ വിഡിയോയുടെ ആവശ്യകതയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചെങ്കിലും പിന്നീട് അവരും പിന്തുണയുമായെത്തി. കേരളത്തിന് പുറമേനിന്നുള്ളവർ പോലും അമീനയെ കാണാൻ എത്തിത്തുടങ്ങി.
കുട്ടികളിൽ കണ്ടുവരുന്ന ലഹരിമരുന്ന്, മൊബൈൽഫോൺ അഡിക്ഷൻ, ദാമ്പത്യപ്രശ്നങ്ങൾ തുടങ്ങി ആളുകൾ അനുഭവിച്ചുവരുന്ന നിരവധി കാര്യങ്ങളിൽ പരിഹാരമാർഗങ്ങൾ പങ്കുവെച്ച് വിഡിയോ ചെയ്യുന്നത് വീണ്ടും അവർ തുടർന്നുകൊണ്ടേയിരുന്നു. മോശം പ്രതികരണങ്ങളിൽ തളരാതെ തൻെറ ഇടപെടലിലൂടെ സന്തോഷകരമായ ജീവിതം തിരികെ ലഭിച്ച ഒരുപറ്റം ആളുകളാണ് തന്റെ ശക്തിയെന്ന് അമീന ഉറച്ചുവിശ്വസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.