‘ഖത്തർ എന്ത് സുന്ദരമായ സ്ഥലം, അടുത്ത ലക്ഷ്യം യു.എ.ഇ’ -സൂഫിയ
text_fieldsദോഹ: ഖത്തറിന്റെ ഒരറ്റം മുതൽ മറ്റേയറ്റംവരെ ഓടി നാലാം തവണയും ഗിന്നസ് റെക്കോഡിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ഇന്ത്യയുടെ അൾട്രാ റണ്ണറായ സൂഫിയ സൂഫി. ‘റൺ എക്രോസ് ഖത്തർ’ എന്നുപേരിട്ട, 200 കി.മീ വരുന്ന അൾട്രാ മാരത്തൺ 30 മണിക്കൂർ 34 മിനിറ്റിൽ ഓടിത്തീർത്താണ് രാജസ്ഥാൻകാരിയായ സൂഫിയ ഗിന്നസ് റെക്കോഡിട്ടത്. അടുത്ത ലക്ഷ്യം യു.എ.ഇയാണെന്ന് സൂഫിയ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. നവംബറിൽ യു.എ.ഇയിൽ അൾട്രാ മാരത്തൺ ഓടാനുള്ള തീരുമാനത്തിലാണ്.
‘എന്തു മനോഹരമായ സ്ഥലമാണ് ഖത്തർ. വളരെ നല്ല ജനങ്ങളും. മികച്ച പിന്തുണയാണ് അവരെനിക്ക് നൽകിയത്. ഒമ്പതാം തീയതിയാണ് ഞാൻ ഇവിടെയെത്തിയത്. അന്നുമുതൽ അവരെനിക്കൊപ്പമുണ്ടായിരുന്നു. ഖത്തറിലെ ഇന്ത്യൻ കമ്യൂണിറ്റി എല്ലാ സഹായവുമായി കൂടെനിന്നു. ഈ ലക്ഷ്യം വിജയകരമായി പൂർത്തീകരിക്കാൻ അവർ നൽകിയ പിന്തുണ മറക്കാൻ കഴിയില്ല. ഇന്ന് നാട്ടിലേക്ക് യാത്രതിരിക്കുകയാണ് ഞാൻ. എന്റെ ഹൃദയം ഇവിടെ വെച്ചുപോകുന്നുവെന്ന തോന്നലാണിപ്പോൾ ’ -സൂഫിയ പറഞ്ഞു.
ആരോഗ്യകരമായ ജീവിതശൈലിയിലേക്കുള്ള ബോധവത്കരണവുമായാണ് സൂഫിയ ‘റൺ അക്രോസ് ഖത്തർ’ ചലഞ്ചിനൊരുങ്ങിയത്. ‘പോസിറ്റിവായ ലക്ഷ്യങ്ങൾ കരഗതമാക്കാൻ ആളുകളെ പ്രേരിപ്പിക്കുകയാണ് ഉന്നം. ആരോഗ്യകരമായ ജീവിതം നയിക്കാനായി കൂടുതൽ ആളുകളെ ഓട്ടത്തിനായി പ്രചോദിപ്പിക്കണം. ലോകത്തിന്റെ പുതിയ മേഖലകൾ ഓടി കീഴ്പ്പെടുത്തുകയാണ് മുന്നിലുള്ള വലിയ ലക്ഷ്യം’.
6000 കിലോമീറ്റർ ഗോൾഡൻ ക്വാഡ്രിലാറ്ററൽ റോഡ് റണ്‍, മണാലി-ലേ ഹിമാലയൻ അൾട്രാ റൺ ചലഞ്ച്, സിയാച്ചിൻ-കാർഗിൽ അൾട്രാ റൺ എന്നിവ സൂഫിയ പ്രഫഷനൽ കരിയറിൽ പൂർത്തിയാക്കിയിട്ടുണ്ട്. ഖത്തറിലെത്തുന്നതിന് മുമ്പുതന്നെ അൾട്രാ ഡിസ്റ്റൻസ് റണ്ണിങ്ങിൽ മൂന്നു ഗിന്നസ് റെക്കോഡുകൾ ഇവരുടെ പേരിലുണ്ടായിരുന്നു. ജനുവരി 12ന് രാവിലെ 06.16ന് സൗദി അതിർത്തിയിലുള്ള അബു സംറയിൽനിന്നാണ് എഫ്.കെ.ടി (ഫാസ്റ്റസ്റ്റ് നോൺ ടൈം) കാറ്റഗറിയിൽ ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് ഓട്ടം ആരംഭിച്ചത്. ജനുവരി 13ന് ഉച്ച 12.50ന് അൽ റുവൈസ് സിറ്റി ബീച്ചിൽ ഓട്ടം പൂർത്തിയാക്കി.
35 മണിക്കൂറിനുള്ളിൽ ഓട്ടം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ആ സമയത്തിനും നാലര മണിക്കൂർ മുമ്പേ ഓടിയെത്തുകയായിരുന്നു. തണുപ്പും ശക്തമായ കാറ്റും ഉൾപ്പെടെയുള്ള പ്രതിബന്ധങ്ങളെയൊക്കെ മറികടന്നാണ് ലക്ഷ്യത്തിലെത്തിയത്. ഫിസിയോ തെറപ്പിസ്റ്റും ന്യൂട്രീഷ്യനിസ്റ്റും ഉൾപ്പെടെ നാലംഗ സപ്പോർട്ട് ടീമും സൂഫിയക്കൊപ്പം ഉണ്ടായിരുന്നു. പ്രാദേശിക ഖത്തരി റണ്ണർമാരും ഇന്ത്യൻ സ്പോർട്സ് സെന്റർ ഉൾപ്പെടെയുള്ള ഇന്ത്യൻസമൂഹവും സൂഫിയക്ക് ഈ ലക്ഷ്യത്തിൽ നിറഞ്ഞ പിന്തുണയുമായി കൂടെനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.