നാളെ മുതൽ ദി പവർ ഓഫ് കൾച്ചർ
text_fieldsകലയെയും സംസ്കാരത്തെയും കുറിച്ച് കൂടുതൽ കേൾക്കാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ. ഈ മേഖലയിൽ ഖത്തറെന്ന കൊച്ചു രാജ്യത്തിന്റെ വലിയ കുതിപ്പിന്റെ കഥ കേൾക്കാൻ അവസരം ഒരുങ്ങുന്നു. ലോകത്തെ ഏറ്റവും ശക്തരായ കലാസാംസ്കാരിക വ്യക്തിത്വങ്ങളുടെ പട്ടികയിൽ ഇടംനേടിയ, ഖത്തർ മ്യൂസിയംസിന്റെ ചെയർപേഴ്സൺ ശൈഖ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ ആൽഥാനിയാണ് സംസ്കാരത്തിന്റെ കരുത്തിനെ പരിചയപ്പെടുത്തുന്ന സംഭാഷണങ്ങളുമായി ‘ദി പവർ ഓഫ് കൾചർ’ എന്ന പേരിൽ നിങ്ങൾക്ക് മുന്നിലെത്തുന്നത്.
ഖത്തർ ക്രിയേറ്റ്സിന് കീഴിലാണ്, കലയും സംസ്കാരവും ഉൾപ്പെടെ വിവിധ വിഷയങ്ങളിലെ സംഭാഷണങ്ങളുമായി പ്രത്യേക പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത്. ദേശീയവും അന്തർദേശീയവുമായ അതിഥികൾക്കൊപ്പം വിവിധ വിഷയങ്ങളിലെ സംഭാഷണങ്ങൾ ഉൾക്കൊള്ളുന്നതാവും ഈ പോഡ്കാസ്റ്റ് പരമ്പര. വിവിധ പോഡ്കാസ്റ്റ് ആപ്പുകളിൽ ലഭ്യമാകുന്ന സീരീസിന്റെ ആദ്യ എപ്പിസോഡ് ഡിസംബർ 10 ഞായറാഴ്ച പുറത്തിറങ്ങും. സ്പോട്ടിഫൈ, ആപ്പിൾ പോഡ്കാസ്റ്റ്, ഗൂഗ്ൾ പോഡ്കാസ്റ്റ്, ഡീസർ, കാസ്റ്റ്ബോക്സ്, അൻഗാമി തുടങ്ങിയ പോഡ്കാസ്റ്റ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാകുന്നതാണ്.
30 മുതൽ 45 മിനിറ്റുവരെയാവും വിദഗ്ധരായ വിശിഷ്ടാതിഥികൾക്കൊപ്പം സംഭാഷണമായി അവതരിപ്പിക്കുന്ന പോഡ്കാസ്റ്റ് കേൾവിക്കാരിലേക്കെത്തുന്നത്. ലോകപ്രശസ്ത കലാകാരന്മാർ, ആർകിടെക്ടുകൾ, കൾചറൽ ഡിേപ്ലാമാറ്റ്സ്, ആർട് കളക്ടേഴ്സ് ഉൾപ്പെടെ മേഖലയിലെ പ്രമുഖരുമായുള്ള സംഭാഷണങ്ങളാവും പോഡ്കാസ്റ്റായി ലോകമെങ്ങുമുള്ള കേൾവിക്കാരിലേക്ക് എത്തുന്നത്. ആദ്യ ദിനത്തിൽ പ്രിറ്റ്സർ പ്രൈസ് ജേതാവും ലുസൈൽ മ്യൂസിയം ഡിസൈനറുമായ ആർകിടെക്ട് ജാക്വിസ് ഹെർസോഗാണ് ശൈഖ അൽ മയാസക്കൊപ്പം അതിഥി. പിന്നീടുള്ള ഓരോ സീരീസിലുമായി ആർട്ടിസ്റ്റുമാരായ സോഫിയ അൽ മരിയ, ഒലാഫുർ എലിയാസൺ, ജെഫ് കൂൺസ്, ക്യൂറേറ്റേഴ്സും മ്യൂസിയം ഡയറക്ടർമാരുമായ ഡോ. ജൂലിയ ഗൊനേല, സെയ്ന അരിഡ, അബ്ദുല്ല യൂസുഫ് അൽ മുല്ല, മാസിമിലിയാനോ ജിയോനി, ഖത്തർ മ്യൂസിയം ഡെപ്യൂട്ടി സി.ഇ.ഒ ശൈഖ അംന ബിൻത് അബ്ദുൽ അസീസ് ആൽഥാനി, ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ ഫാതിമ അൽ റിമൈഹി, ലോഡ് ജേകബ് റോഥ്ചിൽഡ്, മാരി ജോസി ക്രാവിസ് തുടങ്ങി പ്രഗല്ഭർ ഖത്തറിലെ കലാ, സാംസ്കാരിക വികസനങ്ങളെക്കുറിച്ച് അനുഭവങ്ങളും ആശയങ്ങളും പങ്കുവെച്ചുകൊണ്ട് ‘പവർ ഓഫ് ദി കൾചർ’ സീരീസിൽ ഭാഗമാവും.
ശൈഖ അൽമയാസ രചിച്ച ‘ദി പവർ ഓഫ് കൾചർ’ എന്ന പുസ്തകത്തിന്റെ അനുബന്ധമായി കൂടിയാണ് പോഡ്കാസ്റ്റും ഖത്തർ ക്രിയേറ്റ്സിനു കീഴിൽ അവതരിപ്പിക്കുന്നത്. ഖത്തർ മ്യൂസിയത്തിനു കീഴിൽ രാജ്യത്തെ കലാ, സാംസ്കാരിക ലോകം അന്താരാഷ്ട്രതലത്തിലേക്ക് വികസിച്ചതും, ഒരുപിടി, ദേശീയ-അന്തർദേശീയ കലാപ്രതിഭകളെ സംഭാവന ചെയ്തതുമെല്ലാം അനുഭവങ്ങളിലൂടെ അടയാളപ്പെടുത്തിയ യാത്രയാണ് പുസ്തകം പരാമർശിക്കുന്നത്. ഈ ജൈത്രയാത്രയും ഓർമകൾ കൂടിയാവും പോഡ്കാസ്റ്റിലും പരാമർശിക്കുന്നത്. പുസ്തകം, ഇംഗ്ലീഷ്, അറബിക്, ഹിന്ദി ഉൾപ്പെടെ ആറ് ഭാഷകളിലായി ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.