ട്വിസ്റ്റോട് ട്വിസ്റ്റ്; ഒടുവിൽ സർപ്രൈസ് ഗിഫ്റ്റ് വീണ്ടെടുത്ത് ഹനാൻ
text_fieldsദുബൈ: കൈവിട്ടുപോയ വിലയേറിയ സമ്മാനപ്പൊതി മണിക്കൂറുകൾക്കുള്ളിൽ തിരികെ ഏൽപിച്ച് ഖത്തർ മെട്രോയുടെ സർപ്രൈസ് ഇടപെടൽ. ദുബൈയിൽനിന്ന് ഫുട്ബാൾ കാണാൻ ഖത്തറിലെത്തിയ 10 വയസ്സുകാരി ഹനാൻ അബ്ദുസ്സമദ് എന്ന ആറാംക്ലാസുകാരിയാണ് അപ്രതീക്ഷിത ട്വിസ്റ്റുകൾ നിറഞ്ഞ കഥയിലെ നായിക.
ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നടന്ന സമയത്താണ് കോഴിക്കോട് സ്വദേശിയായ അബ്ദുസ്സമദും ഭാര്യ മിന്നത്തും മകൾ ഹനാനോടൊപ്പം റോഡ് മാർഗം ദുബൈയിൽനിന്ന് ഖത്തറിൽ എത്തിയത്. ഫുട്ബാൾ ഖത്തറിലുണ്ടാക്കിയ സ്പന്ദനങ്ങൾ ആസ്വദിക്കാനും താമസിക്കാനും സൗകര്യമൊരുക്കിയത് ഖത്തറിൽ താമസിക്കുന്ന ബന്ധുക്കളായിരുന്നു.
അടുത്ത ദിവസം രാവിലെ മകൾക്ക് യാത്രയിൽ കഴിക്കാനായി കുറച്ച് പഴങ്ങളും സലാഡും പാക്ക് ചെയ്ത് സഞ്ചിയിലാക്കി നൽകിയാണ് വീട്ടുകാർ അതിഥികളെ യാത്രയാക്കിയത്. യാത്രക്കിടെ മെട്രോ സ്റ്റേഷനിൽ കണ്ട ശുചീകരണ തൊഴിലാളിക്ക് ഹനാൻ ഈ ഭക്ഷണപ്പൊതി കൈമാറുകയും മത്സരത്തിന് ശേഷം കുടുംബം ദുെബെയിലേക്ക് തിരിക്കുകയും ചെയ്തു. യഥാർഥത്തിൽ ഹനാന് സമ്മാനിക്കാനുള്ള സ്വർണമാല സർപ്രൈസ് ആയി നൽകാൻ ആതിഥേയർ ചെയ്ത വിദ്യ ആയിരുന്നു ഈ പഴസഞ്ചി നാടകം. ഇക്കഥയൊന്നും അറിയാതെയാണ് ഹനാൻ ഇത് കൈമാറിയത്.
ദുബൈയിൽ തിരികെയെത്തിയ കുടുംബത്തോട് യാത്രാവിശേഷങ്ങൾ ചോദിച്ചറിയാൻ ബന്ധപ്പെട്ട ഖത്തറിലെ ആതിഥേയർ, ഒരു സർപ്രൈസ് ഗിഫ്റ്റ് കിട്ടിയതിന്റെ ലക്ഷണങ്ങളൊന്നും കേൾക്കാത്തതിനാൽ, ഭക്ഷണപ്പൊതിയുടെ കാര്യം തിരക്കിയപ്പോഴാണ് സംഗതി പാളിയ വിവരം അറിയുന്നത്. ഉടൻ ഹനാന്റെ മാതാവ് മിന്നത്ത് തന്റെ ഇൻസ്റ്റഗ്രാമിൽ ഖത്തർ മെട്രോയെ മെൻഷൻ ചെയ്ത് ഇക്കാര്യം പങ്കുവെച്ചു.
ആശ്ചര്യകരമാം വേഗത്തിലായിരുന്നു മെട്രോ അധികൃതരുടെ പ്രതികരണമെന്ന് മിന്നത്ത് 'ഗൾഫ്മാധ്യമ'ത്തോട് പറഞ്ഞു. വിവരങ്ങൾ വിശദമായി ചോദിച്ചറിഞ്ഞ മെട്രോ ടീം തങ്ങളുടെ തിരിച്ചറിയൽ രേഖകൾ അയച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയോടെ പങ്കുവെച്ച പോസ്റ്റിന് അന്ന് വൈകീട്ട് തന്നെ മെട്രോയിൽനിന്നും സന്തോഷവാർത്ത വന്നു - ''സാധനം ൈകയിലുണ്ട്, വന്ന് ഏറ്റു വാങ്ങാം.''
അബ്ദുസ്സമദ് ദുബൈയിലേക്ക് തിരിച്ചതിനാൽ പാസ്പോർട്ട് പകർപ്പും സമ്മതപത്രവും നൽകി സ്നേഹിതൻ അമീൻ സി.ടി സാധനം തിരിച്ചുവാങ്ങിയതോടെ കഥക്ക് ശുഭപര്യവസാനമായി. ലോക ഫുട്ബാൾ മാമാങ്കം നടക്കുന്ന ഇത്ര തിരക്കുകൾക്കിടയിലും തങ്ങൾക്ക് നഷ്ടപ്പെട്ടേക്കാവുന്ന ആഭരണം തിരികെ ലഭിച്ചതിൽ ആശ്ചര്യപ്പെടുന്നതോടൊപ്പം ഖത്തർ എന്ന കൊച്ചുരാജ്യത്തിനു നന്ദി അറിയിക്കുകയാണ് ഹനാനും കുടുംബവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.