എലിസബത്ത് രാജ്ഞി ഇന്ത്യ സന്ദർശിച്ചത് മൂന്നു തവണ; ആദ്യമെത്തിയത് 1961ൽ
text_fieldsലണ്ടൻ: അന്തരിച്ച എലിസബത്ത് രാജ്ഞി ഇന്ത്യ സന്ദർശിച്ചത് മൂന്ന് തവണ. 1911ൽ മുത്തച്ഛനായ ജോർജ് അഞ്ചാമൻ രാജാവിന്റെയും മേരി രാജ്ഞിയുടെയും സന്ദർശനത്തിന് ശേഷം 50 വർഷങ്ങൾ കഴിഞ്ഞായിരുന്നു എലിസബത്ത് രണ്ടിന്‍റെ ഇന്ത്യ സന്ദർശനം.
എലിസബത്ത് രാജ്ഞിയും ഭർത്താവ് ഫിലിപ്പ് രാജകുമാരനും 1961ലാണ് ആദ്യമായി ഇന്ത്യ സന്ദർശിച്ചത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് 15 വർഷങ്ങൾക്ക് ശേഷമായിരുന്നു ഇത്. പിന്നീട് 1983ലും 1997ലും ഇവർ സന്ദർശനത്തിനായി ഇന്ത്യയിലെത്തി. അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദും ഉപരാഷ്ട്രപതി ഡോ. എസ് രാധാകൃഷ്ണനും പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും ചേർന്ന് 1961 ജനുവരി 21ന് രാജ്ഞിയെയും കുടുംബത്തെയും വിമാനത്താവളത്തിൽ സ്വീകരിച്ചു.
റിപ്പബ്ലിക് ദിനത്തിൽ വിശിഷ്ടാതിഥികളായിരുന്നു ഇവർ. രാംലീല മൈതാനത്തിൽ വലിയ ജനാവലിയെ അഭിസംബോധന ചെയ്ത രാജ്ഞി ജയ്‌പൂർ സന്ദർശിക്കുകയും രാജാവ് സവായി മാൻ സിങ്ങിനൊപ്പം ആനപ്പുറത്ത് കയറുകയും ചെയ്തു. വാരണാസിയിലും പ്രത്യേകം അലങ്കരിച്ച ആനപ്പുറത്ത് എലിസബത്ത് രാജ്ഞി സവാരി നടത്തിയിരുന്നു.
1961ലെ സന്ദർശനത്തിന് പിന്നാലെ 20 വർഷങ്ങൾക്ക് ശേഷം 1983ലായിരുന്നു ബ്രിട്ടീഷ് രാജ്ഞിയുടെ രണ്ടാം ഇന്ത്യാ സന്ദർശനം. അന്ന് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുമായി രാജ്ഞി കൂടിക്കാഴ്ച നടത്തി. ഈ സന്ദർശനവേളയിൽ ഡൽഹിയിൽ വെച്ച് മദർ തെരേസക്ക് ബ്രിട്ടീഷ് സർക്കാറിന്‍റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഒഫ് മെറിറ്റ്' സമ്മാനിക്കുകയും ചെയ്തു.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് അര നൂറ്റാണ്ട് പൂർത്തിയായ വേളയിൽ 1997ലാണ് എലിസബത്ത് രാജ്ഞി അവസാനമായി ഇന്ത്യ സന്ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.