പാട്ടുവഴിയിലെ ഫീനിക്സായി രാധിക അശോക്
text_fieldsപട്ടാമ്പി: പാട്ടുവഴിയിലെ ഫീനിക്സാണ് രാധിക അശോക്. ജീവതാളം നിലച്ചപ്പോൾ വിടചൊല്ലിയ സംഗീതത്തെ ഒരുവ്യാഴവട്ടക്കാലത്തെ മൗനത്തിനുശേഷം തിരിച്ചുപിടിച്ചിരിക്കുകയാണീ പട്ടാമ്പിക്കാരി ‘ജൂനിയർ ജാനകി’.
നല്ലൊരു ഗായികയാക്കണമെന്ന് അതിയായി മോഹിച്ച് മകളെ സംഗീത പഠനത്തിന് വിട്ട അമ്മയുടെയും ജീവനുതുല്യം സ്നേഹിച്ച സഹോദരന്റെയും ആകസ്മിക വേർപാട് രാധികയുടെ ജീവിതത്തിൽ സൃഷ്ടിച്ച ശൂന്യത ചെറുതല്ല. ഇതോടെ സംഗീത പഠനം നിർത്തിയ രാധിക 15 വർഷമാണ് സംഗീതത്തെ മറന്നുജീവിച്ചത്. വിവാഹശേഷം ഭർത്താവ് മാലി ദ്വീപിൽ അധ്യാപകനായ അശോകാണ് രാധികയെ വീണ്ടും സംഗീതത്തിന്റെ വഴിയിലേക്ക് കൈപിടിച്ചുയർത്തിയത്. "ഒരു കൊച്ചു സ്വപ്നത്തിൻ ചിറകുമായവിവിടുത്തെ....... എന്നു തുടങ്ങുന്ന ജാനകിയമ്മ പാടി ഹിറ്റാക്കിയ ഗാനത്തിന് രാധിക ശബ്ദം നൽകി, അശോക് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഇതിനു ഒട്ടേറെ ആസ്വാദകരുടെ കൈയടി കിട്ടി.
ഇതോടെ ജാനകിയമ്മയുടെ പാട്ടുകൾക്ക് ആവശ്യക്കാരേറി. അങ്ങനെ സോഷ്യൽ മീഡിയയിൽ രാധികക്ക് ‘ജൂനിയർ ജാനകി’ പേരും വീണു. ഇങ്ങനെ നേടിയ പ്രശസ്തി സോഷ്യൽ മീഡിയ തത്സമയ പരിപാടികൾ അവതരിപ്പിക്കാൻ പ്രാപ്തയാക്കി. മോഹൻ ലാലിന്റെ ജന്മദിനത്തിൽ പുലിമുരുകൻ സിനിമയിൽ വാണിജയറാം പാടിയ "മാനത്തെ മാരിക്കുറുമ്പേ..." എന്ന ഗാനം പാടി സോഷ്യൽ മീഡിയയിലിട്ടു. അതിലൂടെ സിനിമയിലെ ആദ്യാവസരം രാധികയെ തേടിയെത്തി. സംഗീത സംവിധായകൻ സ്റ്റിൽജു അർജുനാണ് പാടാൻ അവസരം കൊടുത്തത്. ദയാ ഭാരതി എന്ന സിനിമയിൽ ഹരിഹരനൊപ്പമായിരുന്നു ആദ്യ സിനിമാഗാനാലാപനം. തുടർന്ന് മലയാളത്തിന്റെ പ്രിയ ഗായകരായ ജി. വേണുഗോപാൽ, മധു ബാലകൃഷ്ണൻ, ബിജു നാരായണൻ എന്നിവർക്കൊപ്പം ആൽബങ്ങളിൽ പാടി. അടുത്തിടെ ഒരുആൽബത്തിൽ അഭിനയിക്കുകയും ചെയ്തു.
പട്ടാമ്പിക്കടുത്തുള്ള ഞാങ്ങാട്ടിരി കാറോളി വീട്ടിൽ ദേവരാജൻ-ജയശ്രീ ദമ്പതികളുടെ മകളാണ് രാധിക.മക്കൾ: നിരഞ്ജൻ കൃഷ്ണ, ഗൗതം കൃഷ്ണ. രാധികയെ ആറാം വയസ്സിൽ സംഗീത പഠനത്തിന് വിട്ടു. 12 വർഷം തുടർച്ചയായി പഠിച്ചു. രാധിക സ്കൂൾ അധ്യാപികയാണ്. അധ്യാപനത്തോടൊപ്പം മ്യൂസിക്കിൽ ബിരുദം കൂടി നേടി അമ്മയുടെ സ്വപ്നസാക്ഷാത്കാരത്തിനുള്ള പ്രയത്നത്തിലാണ് രാധിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.