കാർത്തികാമ്മയുടെ വിളി കേട്ടു; ചേർത്തു പിടിച്ച് ചുംബനം നൽകി രാഹുൽ
text_fieldsഹരിപ്പാട്: രാഹുൽ ഗാന്ധി തന്നെ പരിഗണിക്കാതെ പോയിരുന്നെങ്കിൽ കാർത്തികാമ്മക്കത് താങ്ങാനാവുമായിരുന്നില്ല. കോൺഗ്രസിനെ ആവേശത്തോടെ മനസ്സിൽ കൊണ്ടുനടക്കുന്ന പുറക്കാട് പത്താം വാർഡിലെ പുത്തൻകണ്ടത്തിൽ പി. കാർത്തിക അമ്മക്ക് (83) നെഹ്റു കുടുംബത്തോട് അതിരറ്റ സ്നേഹമാണ്. ഊന്നുവടിയുടെ സഹായത്താലാണ് ഓട്ടോ പിടിച്ച് തോട്ടപ്പള്ളിയിൽ എത്തിയത്. രാഹുൽഗാന്ധി തങ്ങുന്ന കൽപകവാടിയിൽ എത്തിയ അവർ ആൾക്കൂട്ടത്തിനിടയിൽ ഒരു മൂലയിൽ ഇരിപ്പുറപ്പിച്ചു.
മോനെ കാണണം എന്ന് ഉരുവിടുന്നുണ്ടെങ്കിലും ശബ്ദകോലാഹലങ്ങൾക്കിടയിൽ ആരും അത് കേട്ടില്ല. അതിനിടെ കോൺഗ്രസ് പ്രവർത്തക സിന്ധു ബേബി കാർത്തികാമ്മ ഇരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. ഊണ് കഴിക്കാൻ വിളിച്ചെങ്കിലും രാഹുൽ ഗാന്ധിയെ കണ്ടിട്ട് മാത്രമേ കഴിക്കൂ എന്ന നിലപാടിലായിരുന്നു അവർ. തുടർന്ന് സിന്ധു ബേബി അവരെ രാഹുൽഗാന്ധി താമസിക്കുന്ന കെട്ടിടത്തിന് മുന്നിലെത്തിച്ചു.
സുരക്ഷ ഉദ്യോഗസ്ഥർ അകത്തേക്ക് കയറ്റി വിട്ടില്ല. രാഹുൽ സഞ്ചരിക്കുന്ന കാറിന്റെ മുന്നിൽ ഇരുപ്പുറപ്പിച്ചു. മണിക്കൂറുകൾക്ക് ശേഷം രാഹുൽ ഗാന്ധി മുറിയിൽനിന്ന് ഇറങ്ങി വരികയും മറ്റൊരു കാറിലേക്ക് കയറുകയും ചെയ്തു. ഈ സമയം മോനേ എന്ന നീട്ടിയുള്ള വിളികേട്ട് രാഹുൽ കാറിൽ നിന്നിറങ്ങി അവരുടെ അരികിലെത്തി. ചേർത്തുപിടിച്ച് ചുംബനം നൽകി.
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് പുറക്കാട് പഞ്ചായത്ത് മെംബർ ആയിരുന്നു കാർത്തിക. അന്ന് മികച്ച പൊതുപ്രവർത്തകക്കുള്ള രാജീവ് ഗാന്ധി ഒപ്പിട്ട അംഗീകാരപത്രവും രാജീവ് ഗാന്ധിയുടെ ഹസ്തദാനം നടത്തിയതിന്റെ ഓർമകളും ഇപ്പോഴും മനസ്സിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.