യാത്രക്കരുടെ ജീവന് കാവലായി സുലോചന 'ട്രാക്കി'ൽ
text_fieldsവടുതല(ആലപ്പുഴ): ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ സുലോചനക്കു മുന്നിൽ വഴി ഒന്നേ ഉണ്ടായിരുന്നുള്ളു. ഇതുവരെ അധികം സ്ത്രീകൾ കടന്നുവരാത്ത ഒരു ജോലി സ്വീകരിക്കുക. 20 കിലോയോളം വരുന്ന ഉപകരണങ്ങളുമായി റെയിൽവേ പാളങ്ങളിലൂടെ സഞ്ചരിച്ചു സുലോചന ജീവിക്കാൻ തുടങ്ങി. ഭർത്താവിന്റെ മരണം മുന്നോട്ടുള്ള ജീവിതയാത്രക്ക് ചുവപ്പു കൊടി കാട്ടിയപ്പോൾ സുലോചനയക്കു മുന്നിൽ ഈ വഴി ഒന്നേ ഉണ്ടായിരുന്നുള്ളു മുന്നോട്ട് ജീവിക്കാൻ. തുടർന്ന്, ജീവിതവും അവർക്കു പച്ചക്കൊടി നൽകുകയായിരുന്നു. തീരദേശപാതയിൽ പാളങ്ങളുടെ കാവലാളായി ഇരുപതു വർഷം പിന്നിടുകയാണ് പത്തനംതിട്ട ചിറ്റൂർ കഴുമനചുവട്ടിൽവീട്ടിൽ സുലോചന.
റെയിൽവേയിൽ തിരുവനന്തപുരം ഡിവിഷനു കീഴിൽ ഏക വനിത ട്രാക്ക് വുമൺ. അടുത്തിടെ കീമാനായി സ്ഥാനക്കയറ്റം ലഭിച്ചു. ആലപ്പുഴ തുറവൂർ റെയിൽവേ സ്റ്റേഷന് ആറു കിലോമീറ്റർ ചുറ്റളവിലുള്ള പാതയിലാണ് സുലോചനയുടെ ഇപ്പോഴത്തെ ഡ്യൂട്ടി. മറ്റുള്ള സംസ്ഥാനങ്ങളിൽ ട്രാക്ക് ജോലിക്കായി സ്ത്രീകൾ ഉണ്ടെങ്കിലും കേരളത്തിൽ ഈ ജോലിക്ക് ആരുമെത്താറില്ലെന്നാണു സുലോചന പറയുന്നത്. ഭർത്താവ് നന്ദകുമാർ പാളത്തിന്‍റെ അറ്റകുറ്റപ്പണിക്കിടെ ട്രെയിൻ തട്ടി മരിച്ചപ്പോൾ ആശ്രിത നിയമനത്തിലൂടെയാണു സുലോചനയക്കു ജോലി കിട്ടിയത്.
ആദ്യകാലത്ത് ട്രാക്കിലൂടെയുള്ള ജീവിതം കഠിനമായി തോന്നിയിരുന്നു. എന്നാൽ, വർഷങ്ങളുടെ അനുഭവ കരുത്തിൽ അതെല്ലാം വഴി മാറുകയായിരുന്നു. രാത്രി പകൽ വ്യത്യാസമില്ലാതെ പാളങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്നതാണ് ജോലി. പുരുഷൻമാരാണ് ഈ ജോലി ചെയ്യുന്നതിൽ ഭൂരിഭാഗവും. അഞ്ചു കിലോ തൂക്കമുള്ള ഹാമറും പ്ലെയറും അടക്കമുള്ള തൊഴിലുപകരണങ്ങളുടെ മൊത്തം ഭാരം ഇരുപത് കിലോയോളം വരും. ഒാരോ ട്രെയിൻ പോയിക്കഴിയുമ്പോഴും ഇവയുമായി സഞ്ചരിച്ചാണു പാളത്തിന്‍റെ അറ്റകുറ്റപ്പണി നടത്തുന്നത്.
ലക്ഷക്കണക്കിനു യാത്രക്കാർക്കു സുരക്ഷയൊരുക്കേണ്ടതിനാൽ സദാ ജാഗരൂകരായിരിക്കേണ്ട ജോലിയാണിത്. പ്രയാസങ്ങൾ അനുഭവിച്ചു ജീവിതം കുറെ മുന്നോട്ട്, ഇനി തളരാൻ താൻ തയാറല്ലെന്ന് സുലോചന പറയുന്നു. എല്ലാത്തിനും തണലായി മക്കളായ നിധീഷും നീതും ഇന്നും ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.