നിക്ഷേപയായിത്തിളങ്ങി റജീന മുസ്തഫ
text_fieldsദമ്മാം: സ്വപ്നത്തേരിൽ വിജയതീരമണഞ്ഞതിന്റെ സന്തോഷത്തിലാണ് റജീന മുസ്തഫ. സൗദിയുടെ മാറ്റത്തിനൊപ്പം തന്റെ ചിരകാലാഭിലാഷം സഫലമാക്കാനായ കോഴിക്കോട് കൊടുവള്ളി സ്വദേശിനി നിക്ഷേപയെന്നനിലയിൽ മുന്നേറ്റം തുടരുകയാണ്. കുടുംബത്തിലുള്ളവരെല്ലാം വ്യത്യസ്ത മേഖലകളിൽ കച്ചവടം ചെയ്യുന്ന പാരമ്പര്യത്തിൽനിന്നാണ് വെണ്ണക്കാട് ഒറ്റ പോക്ക് വയലിൽ വീട്ടിൽ റജീനയുടെ വരവ്.
17 വർഷം മുമ്പ് ഭർത്താവ് ഒ.വി. മുസ്തഫയോടൊപ്പം സൗദിയിലേക്ക് വരുമ്പോഴും രക്തത്തിലലിഞ്ഞ കച്ചവടത്തെക്കുറിച്ചുള്ള മോഹങ്ങൾ റജീന കൂടെകൂട്ടിയിരുന്നു. ഒടുവിൽ സൗദിയിലെ സാഹചര്യങ്ങൾ മാറുകയും വനിതകൾക്കുൾപ്പെടെ എല്ലാവർക്കും സ്വന്തമായി കച്ചവടം തുടങ്ങാനുള്ള സാഹചര്യങ്ങൾ രൂപപ്പെടുകയും ചെയ്തപ്പോഴാണ് റജീന വീണ്ടും തന്റെ സ്വപ്നങ്ങളെ പുറത്തെടുത്തത്.
‘പെപ്സികോ’ കമ്പനിയിൽ ജോലിചെയ്യുന്ന ഭർത്താവിന്റെ പിന്തുണയിൽ റജീന ഗോദയിലിറങ്ങി. നിരവധി ഓഫിസുകൾ കയറിയിറങ്ങി സ്വന്തം സ്ഥാപനത്തിന്റെ ലൈസൻസ് നേടി. രണ്ട് മൂന്ന് വർഷം മുമ്പ് ഐ.ടി മേഖലയിൽ നാട്ടിൽ തുടങ്ങിയ ‘വൺ ഗോ ഫീൽഡി’നെ സൗദിയിലേക്കുകൂടി വ്യാപിപ്പിക്കുകയായിരുന്നു റജീന. കുടുംബപേരായ ‘ഒറ്റ പോക്ക് വയലി’െൻറ ഇംഗ്ലീഷ് മൊഴിമാറ്റമാണ് കമ്പനിയുടെ പേരാക്കി മാറ്റിയത്.
ഭർത്താവിന്റെ ആശ്രിത വിസയിൽനിന്ന് എക്സിറ്റിൽ നാട്ടിൽപോയ റജീന സ്വന്തം കമ്പനിയുടെ ജനറൽ മാനേജർ പദവിയിലുള്ള വിസയിൽ സൗദിയിലേക്ക് തിരിച്ചെത്തിയത്. നിക്ഷേപ വിസയിൽ ഒരു മലയാളി വനിത ആദ്യമായാണത്രെ സൗദിയിലെത്തുന്നത്. അങ്ങനെ ട്രാവൽ രംഗത്തുള്ളവർ തന്നോട് പറഞ്ഞതെന്ന് റജീന പറയുന്നു. ലോൺഡ്രി രംഗത്താണ് ബിസിനസിന്റെ തുടക്കം. പുതുതായി തുറക്കുന്ന ഹോട്ടലിന്റെ പണികൾ ഏറെക്കുറെ പൂർത്തിയായിക്കഴിഞ്ഞു.
അതിനുമപ്പുറം സ്ത്രീകൾ മാത്രം ജീവനക്കാരാകുന്ന ഫാഷൻ ഡിസൈനിങ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഇപ്പോൾ താൻ സൗദിയിലെ ഫ്ലാറ്റിനുള്ളിൽ അടച്ചിട്ട കിളിയെപ്പോലുള്ള വീട്ടമ്മയല്ലെന്ന് റജീന പറയുന്നു. ഉത്തരവാദിത്ത ബോധമുള്ള ഒരു സ്വതന്ത്ര സംരംഭകയായി മാറി.
എല്ലാ സ്ഥലത്തും സാന്നിധ്യമാവാൻ പരമാവധി ശ്രമിക്കുന്നു. ലോൺഡ്രിയിൽ ചെല്ലുമ്പോൾ സ്വദേശികളുൾപ്പെടെ കൗതുകത്തോടെ വിശേഷങ്ങൾ ചോദിക്കും. ഇന്ത്യക്കാരി തന്നെയോയെന്ന് ചോദിച്ചവർ ഉറപ്പുവരുത്തും. എല്ലാ മേഖലകളിൽ നിന്നും കിട്ടുന്നത് പിന്തുണകൾ മാത്രം. ഇപ്പോൾ നിരവധി സ്ത്രീകൾ ഈ മേഖലയിലേക്കു വരുന്നുണ്ട്. അതിന്റെ മുന്നിൽ നടക്കാൻ സാധിച്ചു എന്നത് അഭിമാന നേട്ടമായി കാണുന്നുണ്ടെന്നും റജീന പറഞ്ഞു.
സൗദിയിലെ ജീവിതം ആസ്വദിക്കുകയാണ്. സ്ത്രീകൾക്ക് കച്ചവടം ചെയ്യാൻ ഏറ്റവും പറ്റിയ ഇടം ഇതാണെന്നാണ് ഞാൻ പറയുകയെന്ന് റജീന വിശദീകരിച്ചു. എന്ത് സ്ഥാപനം എന്നതിലല്ല. ചെയ്യുന്നത് മികച്ചതായിരിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും റജീന പറഞ്ഞു. മക്കളായ റിത ഫെമിനും മാസിൻ റുസ്തവും വിദ്യാർഥികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.