മത്സ്യമേഖലയിൽ വിജയകഥയുമായി രാജിയും സ്മിജയും
text_fieldsകൊച്ചി: മത്സ്യകൃഷി ഉൾപ്പെടെ സംയോജിതകൃഷി, കൂടുമത്സ്യകൃഷി എന്നിവയിൽ സ്വയം സംരംഭകരായി സാമ്പത്തികവിജയം നേടി രാജി ജോർജും എം.ബി. സ്മിജയും. ശാസ്ത്രീയ കൃഷിരീതികൾക്കൊപ്പം മാനേജ്മെൻറ് വൈദഗ്ധ്യവും കാഴ്ചവെച്ച രണ്ടുപേരെയും വനിതദിനത്തിൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനം (സി.എം.എഫ്.ആർ.ഐ) ആദരിക്കും.
മീൻ-പച്ചക്കറി കൃഷി, കോഴി-താറാവ്-കന്നുകാലി വളർത്തൽ, തീറ്റപ്പുല്ല് കൃഷി എന്നിവ സംയോജിപ്പിച്ചാണ് അങ്കമാലി സ്വദേശിനി രാജി ജോർജ് സംരംഭകയായി മികവ് തെളിയിച്ചത്.
സി.എം.എഫ്.ആർ.ഐ, എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം എന്നിവയിലെ പരിശീലനത്തിനുശേഷം 60 അടിയോളം താഴ്ചയുള്ള കരിങ്കൽ ക്വാറിയിൽ മീൻ വളർത്തൽ യൂനിറ്റായ അന്ന അക്വ ഫാം സ്ഥാപിച്ചാണ് രാജിയുടെ സംരംഭകത്വ ശ്രമങ്ങളുടെ തുടക്കം. തിേലാപ്പിയ, വാള, കട്ല, രോഹു, മൃഗാൾ തുടങ്ങിയ മീനുകൾ എട്ട് കൂട്ടിലായാണ് കൃഷി ചെയ്യുന്നത്. ഹോം ഡെലിവറിയിലൂടെയും സമൂഹ മാധ്യമങ്ങൾ വഴിയുമാണ് മീനുകളുടെ വിപണനം.
അന്ന അഗ്രോ ഫാം എന്ന് പേരിട്ട പച്ചക്കറിത്തോട്ടത്തിൽ തക്കാളി, വഴുതന, മുളക്, കാരറ്റ്, ഇഞ്ചി, മഞ്ഞൾ, കോളിഫ്ലവർ, കാബേജ്, കപ്പ തുടങ്ങിയവയാണ് പ്രധാന കൃഷി. മുന്നൂറോളം കോഴിയും അത്രതന്നെ കാടയും കൂടാതെ താറാവ് പശു, ആട് എന്നിവയെയും രാജി ജോർജ് വീട്ടുവളപ്പിൽതന്നെ വളർത്തുന്നുണ്ട്.
കൂടുമത്സ്യ കൃഷിയിലൂടെ മികച്ച കരിയർ കണ്ടെത്തി നാട്ടുകാർക്കിടയിൽ കൂടുകൃഷിയുടെ പ്രചാരകയായതിനാണ് എൻജിനീയർകൂടിയായ മൂത്തകുന്നം സ്വദേശിനി എം.ബി. സ്മിജക്ക് ആദരം.
പെരിയാറിലാണ് കൂടുകൃഷി. പെരിയാർ ആക്ടിവിറ്റി ഗ്രൂപ് എന്ന സ്വയം സഹായകസംഘത്തിന് നേതൃത്വം നൽകുന്നു. നിരവധി കുടുംബങ്ങൾക്ക് വരുമാനം കണ്ടെത്താൻ കഴിയുംവിധം 60 കൂടുമത്സ്യ കൃഷിയൂനിറ്റുകൾ സ്മിജയുടെ നേതൃത്വത്തിൽ പെരിയാറിൽ നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.