മാപ്പിളപ്പാട്ടിന്റെ സ്ത്രീശബ്ദം
text_fieldsമാപ്പിളപ്പാട്ടിലെ സ്ത്രീശബ്ദം എന്നുപറയുമ്പോൾ നമ്മുടെ മനസ്സിൽ വരുന്ന ആദ്യത്തെ പേരാണ് റംലാ ബീഗം. പകരക്കാരിയില്ലാത്ത ഗായികയായിരുന്നു എന്നത് ഒരു ആലങ്കാരിക പ്രയോഗം മാത്രമല്ല, മാപ്പിളപ്പാട്ട് ആസ്വാദകർ ഇന്നും നെഞ്ചോട് ചേർത്തുവെക്കുന്ന പാട്ടുകൾ ഇതിന്റെ നേർസാക്ഷ്യങ്ങളാണ്. ഇരുലോകം ജയമണി നബിയുല്ല, വമ്പുറ്റ ഹംസ റളിയല്ലാ, അലിഫെന്ന മാണിക്യം, ബിസ്മില്ലാഹി എന്ന്, സ്വർഗത്തിന് അതൃപ്പത്തിൽ....... തുടങ്ങി നിരവധി ഹിറ്റ് പാട്ടുകൾ. ആറു പതിറ്റാണ്ടു നീണ്ട സംഗീതസപര്യയിൽ മാപ്പിളപ്പാട്ട് രംഗത്ത് വിലമതിക്കാനാവാത്ത സംഭാവനകളാണ് ഇവർ നൽകിയത്.
കലാസ്വാദകർക്ക് കലയുടെയും സംഗീതത്തിന്റെയും പുതിയലോകം റംലാ ബീഗം സമ്മാനിച്ചു. ആയിരക്കണക്കിന് സ്റ്റേജുകളിൽ പാടി. അനേകം ഗ്രാമഫോൺ റെക്കോഡുകളും കാസറ്റുകളും പുറത്തിറക്കി. നിരവധി വിദേശരാജ്യങ്ങളിൽ വേദികൾ ലഭിച്ചു. പ്രണയകഥകളുടെയും ആത്മീയ കഥകളുടെയും കൃത്യമായ താളം മലയാളി മനസ്സിലേക്ക് എത്തിക്കുന്നതിൽ അവർ വലിയ പങ്കുവഹിച്ചു. ശബ്ദഗാംഭീര്യവും ചടുലമായ അവതരണവും എതിരാളികളെപ്പോലും അത്ഭുതപ്പെടുത്താനും കൈയിലാക്കാനും അവർക്ക് സാധിച്ചു.
1970കളുടെ തുടക്കത്തിൽതന്നെ അവർ മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചിരുന്നു. സംഗീതം ചെറുപ്രായത്തിൽതന്നെ റംലാ ബീഗത്തിന്റെ ജീവനോടു ചേർന്നിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ പ്രമുഖ ബിസിനസ് കുടുംബത്തിലാണ് ജനിച്ചത്. ഹുസൈൻ യൂസുഫ് യമാനിയുടെയും മറിയംബീവിയുടെയും 10 മക്കളിൽ ഇളയവൾ. അറബ് വേരുകളുള്ള പിതാവ് ഹുസൈൻ യമാനിയും കോഴിക്കോട് ഫറോക്ക് സ്വദേശിയായ മാതാവ് മറിയംബീവിയും എന്നും അവർക്ക് പ്രോത്സാഹനമായിരുന്നു.
അതുകൊണ്ട് കുട്ടിക്കാലത്തുതന്നെ പൊതുവേദികളിൽ സജീവമായി. അക്കാലത്ത് കഥാപ്രസംഗ രംഗത്ത് സജീവമായിരുന്ന ആയിശാ ബീഗവും അവരുടെ വളർച്ചയെ സഹായിച്ചു. റംലാ ബീഗത്തിന്റെ കുട്ടിക്കാലത്ത് ഉമ്മ വീട്ടിൽനിന്ന് മോയിൻകുട്ടി വൈദ്യരുടെയും നല്ലളം ബീരാന്റെയും പാട്ടുകൾ പാടുമായിരുന്നു. അമ്മാവൻ സത്താർ ഖാന്റെ ആസാദ് മ്യൂസിക് ക്ലബിലൂടെയായിരുന്നു അരങ്ങേറ്റം. ഹിന്ദി ഗാനങ്ങളായിരുന്നു കൂടുതലും പാടിയിരുന്നത്. ആസാദ് മ്യൂസിക് ക്ലബിലെയും സാംബശിവൻ ക്ലബിലെയും തബലിസ്റ്റായിരുന്ന അബ്ദുൽ സലാം മാസ്റ്റർ വിവാഹം കഴിച്ചതോടെ റംലാ ബീഗത്തിന്റെ ജീവിതംതന്നെ മാറ്റിമറിച്ചത്.
പിന്നീട് ഇരുവരും ഒരുമിച്ച് പല വേദികളിലും പരിപാടികൾ അവതരിപ്പിച്ചു. ആലപ്പുഴ എം.എ. റസാഖ് എഴുതി ചിട്ടപ്പെടുത്തിയ ജമീലയാണ് ഇരുവരും ആദ്യം അവതരിപ്പിച്ച കഥ. സ്ത്രീകൾ പൊതുരംഗത്തേക്ക് വരാൻ മടിച്ചിരുന്ന കാലത്താണ് ഇവർ കഥാപ്രസംഗവുമായി പൊതുവേദികളിലേക്ക് കടന്നുവരുന്നത്.
മലബാറിൽ കോഴിക്കോട്ടായിരുന്നു അവരുടെ അരങ്ങേറ്റം. വൻ ജനക്കൂട്ടമായിണ് അവരുടെ കഥാപ്രസംഗം കേൾക്കാൻ എത്തിയിരുന്നത്. മുസ്ലിം വേദികളിൽ മാത്രമല്ല, ക്ഷേത്ര ഉത്സവങ്ങളിലും റംലാ ബീഗത്തിന്റെ കഥാപ്രസംഗം അവതരിപ്പിക്കപ്പെട്ടിരുന്നു. ബദ്റുൽ മുനീർ, ഹുസ്നുൽ ജമാൽ തുടങ്ങിയ പ്രണയ കഥകൾക്കും ഇസ്ലാമിക ചരിത്ര സംഭവങ്ങൾക്കുമൊപ്പം കാളിദാസന്റെ ശാകുന്തളം, കുമാരനാശാന്റെ നളിനി, കേശവദേവിന്റെ ഓടയിൽനിന്ന് തുടങ്ങിയ കഥകളൊക്കെ കഥാപ്രസംഗമാക്കി അവതരിപ്പിച്ചു.
പൊതുവേദിയിൽ കഥാപ്രസംഗം അവതരിപ്പിക്കുന്നതിനെതിരെ അവർ എതിർപ്പുകൾ നേരിട്ടിരുന്നു. എന്നാൽ, പരിപാടികൾ അവതരിപ്പിക്കപ്പെടുന്നതോടെ കലാസ്വാദകരുടെ മനംകവരുന്ന കാഴ്ചയാണ് കണ്ടത്. കഥാപ്രസംഗരംഗത്തുനിന്നാണ് അവർ മാപ്പിളപ്പാട്ടിൽ സജീവമാകുന്നത്. അവർ പാടിയ പാട്ടുകൾ പുതുതലമുറ ഏറ്റെടുത്ത് പാടുന്നത് അവർക്ക് ലഭിക്കുന്ന സ്വീകാര്യതയായി കാണം.
സാമൂഹിക പ്രസക്തിയുള്ള നിരവധി പാട്ടുകൾ അവർ പാടി. സ്ത്രീധനം, കാതുകുത്ത് തുടങ്ങിയ സാമൂഹിക അനാചാരങ്ങൾക്കെതിരെ പാട്ടിലൂടെ അവർ പ്രതിരോധം തീർത്തു.
തനിക്ക് താങ്ങുംതണലുമായിരുന്ന ഭർത്താവ് സലാം മാസ്റ്റർ മരിച്ചതോടെയാണ് മലബാറിലേക്ക് ചേക്കേറിയത്. മലബാറിലെ കലാപ്രേമികൾ അവരെ ആവേശത്തോടെ സ്വീകരിച്ചു. പിന്നീട് മാപ്പിളപ്പാട്ട് പ്രേമികളുടെ പിന്തുണയോടെയായിരുന്നു അവരുടെ ജീവിതം മുന്നോട്ടു നീങ്ങിയത്. ആരോടും പരാതിയും പരിഭവവും ഇല്ലാത്ത പ്രകൃതമായിരുന്നു. പുതുതലമുറക്കെന്നും പ്രോത്സാഹനം നൽകി.
മാപ്പിളപ്പാട്ട് റിയാലിറ്റി ഷോകളിൽ വിധികർത്താവായി എത്തി മാപ്പിളപ്പാട്ട് രംഗത്തേക്ക് വരുന്ന കുട്ടികൾക്ക് പിന്തുണ നൽകി. മാപ്പിളപ്പാട്ടു പ്രേമികൾ അവർക്ക് നൽകിയ സമ്മാനമായിരുന്നു കോഴിക്കോട്ടെ ഫ്ലാറ്റ്. കേരള സംഗീത നാടക അക്കാദമി, ഫോക് ലോർ അക്കാദമി, മാപ്പിള കലാ അക്കാദമി, മോയിൻ കുട്ടി വൈദ്യർ അക്കാദമി എന്നിവയുടെയെല്ലാം പുരസ്കാരങ്ങൾ അവരെത്തേടിയെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.