എതിർപ്പുകളെ പൂച്ചെണ്ടാക്കി
text_fieldsകോഴിക്കോട്: തട്ടമിട്ട മുസ്ലിം പെൺകുട്ടി സ്റ്റേജിൽ കയറി കഥാപ്രസംഗം അവതരിപ്പിക്കുന്നതിനെ പല്ലും നഖവും ഉപയോഗിച്ച് എതിർത്തവരെപ്പോലും ആസ്വാദകരാക്കി തിരിച്ചയച്ചിട്ടുണ്ട് റംലാ ബീഗം എന്ന കാഥിക. ഏഴു പതിറ്റാണ്ടുകൾക്കപ്പുറം പൊതുരംഗത്തേക്ക് വരാൻ സ്ത്രീസമൂഹംതന്നെ മടിച്ചുനിന്ന കാലത്താണ് റംലാ ബീഗം എന്ന മുസ്ലിം പെൺകുട്ടി കഥാപ്രസംഗവുമായി പൊതുവേദികളിൽ അതിശയമായി നിറഞ്ഞത്. എതിർപ്പുകൾ വധഭീഷണിവരെയായി. പക്ഷേ, റംലാ ബീഗം പിന്മാറിയില്ല.
ഇസ്ലാമിക ചരിത്ര കഥകൾ റംലാ ബീഗം ഈണത്തിൽ പാടിപ്പറഞ്ഞപ്പോൾ അതെല്ലാം നേരിൽ കാണുന്ന അനുഭവമായിരുന്നു ശ്രോതാക്കൾക്ക് ലഭിച്ചത്. എതിർക്കാൻ വന്നവരോട് ഭർത്താവ് സലാം മാസ്റ്റർ പറഞ്ഞത്, ‘ആദ്യം നിങ്ങൾ കേട്ടുനോക്കൂ, പിന്നീട് വിലയിരുത്തൂ... ’ എന്നായിരുന്നു. കഥാപ്രസംഗം കേട്ടുകഴിഞ്ഞാൽ പിന്നെ എതിർപ്പുകളെല്ലാം നിലയ്ക്കും. വിഷയങ്ങളിലെ വൈവിധ്യം കൊണ്ടും സ്വരമാധുരി കൊണ്ടും സദസ്സിനെ കൈയിലെടുക്കുന്ന റംലാ ബീഗത്തിന് പിന്നെ കേരളത്തിലങ്ങോളമിങ്ങോളം വേദി കിട്ടിത്തുടങ്ങി. അമ്മാവൻ സത്താർ ഖാന്റെ ആസാദ് മ്യൂസിക്ക് ക്ലബിലൂടെയായിരുന്നു അരങ്ങേറ്റം. ആസാദ് മ്യൂസിക് ക്ലബിലെയും കാഥികൻ വി. സാംബശിവന്റെയും തബലിസ്റ്റായിരുന്ന അബ്ദുൽ സലാം മാസ്റ്റർ വിവാഹം കഴിച്ചതോടെയാണ് റംലാ ബീഗം എന്ന കാഥികയുടെ ജീവിതം മാറിമറിഞ്ഞത്.
ഭർത്താവിന്റെ പിന്തുണയും പ്രോത്സാഹനവും എല്ലാ എതിർപ്പിനെയും അതിജീവിക്കാൻ അവർക്ക് കരുത്തായി. വർഷങ്ങൾക്കുമുമ്പ് കണ്ണൂരിൽ ചൊവ്വയിൽ ‘കർബലയിലെ രക്തക്കളം’ എന്ന കഥാപ്രസംഗം അവതരിപ്പിക്കാനെത്തിയ റംലാ ബീഗത്തിനെതിരെ ഒരു വിഭാഗം ശക്തമായി രംഗത്തെത്തി. ‘കർബലയിലെയല്ല റംലാ ബീഗത്തിന്റെ രക്തക്കളമാകും’ എന്ന് ഭീഷണിയുണ്ടായി. പൊലീസ് അകമ്പടിയോടെയായിരുന്നു അന്ന് പരിപാടി നടത്തിയത്. കോഴിക്കോട് കൊടുവള്ളിയിൽ റോഡ് നിർമാണത്തിന് ഫണ്ട് സമാഹരിക്കാൻ റംലാ ബീഗത്തെ കൊണ്ടുവന്നപ്പോഴും എതിർപ്പ് ശക്തമായിരുന്നു.
കർബലയിലെ രക്തക്കളം, ബദർ, ഉഹ്ദ്. ബദറുൽ മുനീർ ഹുസുനുൽ ജമാൽ തുടങ്ങി 23ഓളം കഥാപ്രസംഗങ്ങളാണ് അവതരിപ്പിച്ചത്. കഥാപ്രസംഗ വേദികളിൽ വിജയംവരിച്ച ശേഷമായിരുന്നു മാപ്പിളപ്പാട്ടുകൾ പാടിത്തുടങ്ങിയത്. ‘ഇരുലോകം ജയമണി നബിയുല്ല ...’ ആദ്യ മാപ്പിളഗാനം ആയിരുന്നു അത്. റംലാബീഗത്തിന്റെ എക്കാലത്തേയും സൂപ്പർ ഹിറ്റ് ഗാനങ്ങളിലൊന്ന്. അത് ഒരേ വേദിയൽ 17 തവണ പാടിയും റംലാ ബീഗം റെക്കോഡിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.