പോരാട്ടമാണ് രമ്യയുടെ ജീവിതം
text_fieldsജീവിതത്തിൽ അപ്രതീക്ഷിതമായെത്തിയ തിരിച്ചടികളെ ചെറു പുഞ്ചിരിയോടെ നേരിടുകയാണ് ഈ കുട്ടനാട്ടുകാരി. കാവാലം സ്വദേശിനിയായ രമ്യയാണ് (37) പ്രതിസന്ധികളെ തുഴഞ്ഞുമാറ്റി മുന്നേറുന്നത്. 2006 ലായിരുന്നു കൈനകരി സ്വദേശിയായ സനിൽകുമാറുമായുള്ള വിവാഹം.
കൃഷി നിലത്തെ മോട്ടോർ ഡ്രൈവറായിരുന്ന സനിലിന് 2009 ൽ പക്ഷാഘാതമുണ്ടായി ഒരുവശം തളർന്നതാണ് ഇവരുടെ ജീവിതം മാറ്റിമറിച്ചത്. വിധിക്ക് മുന്നിൽ സനലിന് കാലിടറിയപ്പോഴും രമ്യ തളർന്നില്ല.
ജോലിക്ക് പോയി കുടുംബം പുലർത്താൻ ശ്രമിച്ചെങ്കിലും തുടരാനായില്ല. രമ്യ ജോലിക്ക് പോകുമ്പോൾ ഭർത്താവ് ദിവസേന പലതവണ വീഴുന്നത് പതിവായതോടെയാണ് ജോലി നിർത്തേണ്ടി വന്നത്. ഇതോടെ കുടിലിന്റെ അടുക്കള ഭാഗം കടയാക്കി രമ്യ വീട്ടിൽ തന്നെ തങ്ങി സ്നേഹം കൊണ്ട് ഭർത്താവിന് താങ്ങായി.
2017ൽ ആരംഭിച്ച കടയും ഉണ്ടായിരുന്ന വീടും 2018 ലെ പ്രളയം അപ്പാടെ അപഹരിച്ചു. സർവതും നഷ്ടപ്പെട്ടപ്പോഴും സനിലിന് തണലൊരുക്കി രമ്യ കരുത്തായി. ലൈഫ് പദ്ധതി പ്രകാരം കിട്ടിയ വീടിനോട് ചേർന്ന് വീണ്ടും സ്റ്റേഷനറി കടയിട്ടു. രമ്യ തനിയെ വള്ളം തുഴഞ്ഞ് ആലപ്പുഴയിലെത്തി സാധനമെടുക്കാൻ തുടങ്ങിയതോടെ കടയിൽ പലചരക്ക് സാധനവുമെത്തി.
എല്ലാ സാധനങ്ങളും കടയിൽ എത്തിയതോടെ ഉപഭോക്താക്കളും കൂടി. നിലവിൽ എൻജിൻ ഘടിപ്പിച്ച വള്ളത്തിലാണ് രമ്യ ആലപ്പുഴ കല്ലു പാലത്ത് സാധനങ്ങളെടുക്കാൻ വരുന്നത്. തൊഴിലുറപ്പ് ജോലിക്കും പോകുന്നുണ്ട്. രാവിലെ ഏഴ് മുതൽ 8.30 വരെയും വൈകീട്ട് 4.30 മുതലുമാണ് കടതുറക്കുന്നത്.
കുടുംബ ചെലവും ഭർത്താവിന് വേണ്ട മരുന്നിനുള്ള പണവുമെല്ലാം രമ്യ ഇന്ന് ജീവിത തുഴച്ചിലിൽ നേടിയെടുക്കുകയാണ്. സ്നേഹ പരിചരണത്തിൽ സനിൽ ഇന്ന് പിടിച്ച് എണീറ്റ് നിൽക്കുമ്പോൾ വിജയം കാണുന്നത് രമ്യയുടെ ജീവിത പോരാട്ടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.