റനയുടെ ഇലക്ട്രോണിക് ഉപകരണം കീടങ്ങളെ തുരത്തും
text_fieldsകൊടുവള്ളി: കർഷകർക്ക് വിളനശീകരണത്തിനു പുതിയ പ്രതിവിധിയുമായി ആറാം ക്ലാസുകാരിയുടെ കണ്ടുപിടിത്തം ശ്രദ്ധയാകർഷിക്കുന്നു. മാനിപുരം യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി റന ഫാത്തിമയാണ് ലൈറ്റ് ഉപയോഗിച്ച് കീടങ്ങളെ കെണിയിലാക്കി നശിപ്പിക്കുന്ന ഇലക്ട്രോണിക് ഉപകരണം നിർമിച്ചിരിക്കുന്നത്.
കഴിഞ്ഞ സ്കൂൾ ശാസ്ത്രമേളയിൽ പ്രദർശിപ്പിച്ചെങ്കിലും വേണ്ടത്ര ശ്രദ്ധ കിട്ടിയിരുന്നില്ല. അതിനുശേഷം വീട്ടിൽ പിതാവ് മുഹമ്മദ് റഷീദിന്റെ കൃഷിസ്ഥലത്ത് ഉപകരണം പരീക്ഷണത്തിനായി സ്ഥാപിക്കുകയായിരുന്നു. ഉപകരണത്തിന്റെ പ്രവർത്തനം കർഷകർക്ക് കൂടുതൽ ഗുണപ്രദമാകുമെന്നാണ് റന ഫാത്തിമ പറയുന്നത്.
മാനിപുരം സ്വദേശിയായ പിതാവ് മുഹമ്മദ് റഷീദും കർഷകർക്കുവേണ്ടി വിവിധ നൂതന സാങ്കേതിക വിദ്യകൾ കണ്ടെത്തി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
പഴയകാലത്ത് കർഷകർ സ്വീകരിച്ചുവന്ന വിദ്യകൾ പിതാവും തന്റെ കൃഷിയിടത്തിൽ പുതിയ രീതിയിൽ വികസിപ്പിച്ച് നടപ്പാക്കുകയും അവ കീടങ്ങളെ ആകർഷിക്കാനും ഒരുപരിധി വരെ നശിപ്പിക്കാനും സഹായിക്കുന്നു എന്നതാണ് റന ഫാത്തിമയെ ഉപകരണം ഉണ്ടാക്കാൻ പ്രേരിപ്പിച്ചത്. കീടങ്ങളെ ആകർഷിക്കാൻ പ്രത്യേകം നിറങ്ങളിലുള്ള വെളിച്ചം ഉപയോഗിച്ചാണ് പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.